മലയാളികളുടെ സംസ്കാരത്തിന് നിരക്കുന്നതാണോ ഇപ്പോള്‍ കേള്‍ക്കുന്ന വിവാദങ്ങള്‍? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പത്രാധിപരുമായ എസ് ജയചന്ദ്രന് നായരെ ‘പത്രാധിപ ചെറ്റ’ എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് എഴുത്തുകാരന് എന്‍എസ് മാധവന്. എന്നാല്‍ മാധവന്റെ പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ശക്തമായികഴിഞ്ഞു. രാഷ്ട്രീയ, സാംസ്കാരിക, മാധ്യമരംഗത്തെ പ്രമുഖരും സോഷ്യല്‍ മീഡിയയില്‍ ആനുകാലിക വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കുന്നവരും എല്ലാം എന്‍എസ് മാധവന്റെ മോശം പരാമര്‍ശത്തിന് എതിരെ ശക്തമായി രംഗത്തുവരികയാണ്. ഓടു മോനേ കണ്ടംവഴി എന്ന അടുത്തിടെ തരംഗമായ OMKV ഹാഷ് ടാഗ് ഇപ്പോള്‍ ഓട് മാധവാ കണ്ടംവഴി എന്ന പ്രയോഗമാക്കി മാറ്റിയാണ് മാധവന് എതിരെ സോഷ്യല്‍ മീഡിയ ശക്തമായി പ്രതികരിക്കുന്നത്.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച എം സുകുമാരനെക്കുറിച്ചുള്ള ലേഖനവുമായി ബന്ധപ്പെട്ടായിരുന്നു എന്‍എസ് മാധവന്റെ വിവാദ പരാമര്‍ശം. ആഴ്ചപ്പതിപ്പില്‍ കെഎസ് രവികുമാര്‍ എഴുതിയ ലേഖനത്തില്‍, പിതൃതര്‍പ്പണം എന്ന കഥ പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ ഒരു വാക്ക് പത്രാധിപര്‍ എസ് ജയചന്ദ്രന് നായര്‍ വെട്ടിക്കളഞ്ഞതായി പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി, ‘എം സുകുമാരന്റെ കഥയില്‍ നിന്ന് ‘നാറിയ’ എന്ന വാക്ക് വെട്ടിമാറ്റിയ എഡിറ്റര്‍ എം ജയചന്ദ്രന് നായര്‍, ആ പണിക്ക് പറ്റാത്ത, മലയാളമറിയാത്ത, മാര്‍വാടി പത്രമുടമയുടെ, ശേവുകനായിരുന്നു’ എന്ന് മാധവന് ട്വീറ്റ് ചെയ്തു. പിന്നീട് ഇനിഷ്യല്‍ തെറ്റിയതു ബോധ്യപ്പെട്ടപ്പോഴാണ് ‘എം അല്ല, എസ് ജയചന്ദ്രന് നായര്‍ എന്നാണ് പത്രാധിപ ചെറ്റയുടെ ഇനിഷ്യല്‍’ എന്ന കമന്റ്.
എം സുകുമാരന്റെ കഥയിൽ നിന്ന് ‘നാറിയ’ എന്ന വാക്ക് വെട്ടിമാറ്റിയ എഡിറ്റർ എം ജയചന്ദ്രൻ നായർ, ആ പണിക്ക് പറ്റാത്ത, മലയാളമറിയാത്ത, മാർവാടി പത്രമുടമയുടെ, ശേവുകനായിരുന്നു.
Sorry M Sukumaran for this vandalism. I read this only now, & I am bristling.
(From Mathrubhumi interview) pic.twitter.com/kibWc4orkU
— N.S. Madhavan (@NSMlive) March 28, 2018
ഇതോടെയാണ് മാധവന്റെ ‘ചെറ്റ’ പ്രയോഗം സോഷ്യല്‍മീഡിയ വൃത്തങ്ങളില്‍ വലിയ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസമായി എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരുമായ പലരും എന്‍എസ് മാധവന്റെ ‘ചെറ്റ’ പരാമര്‍ശനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തി. മാധവന് മാപ്പുപറഞ്ഞ് വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്നും. മുതിര്‍ന്ന പത്രാധിപരെ ഇത്തരത്തില്‍ അവഹേളിച്ചത് വളരെ ഹീനമായ മാധവന്റെ ഇടപെടലായെന്നും എല്ലാമാണ് വിഷയത്തില്‍ ഭൂരിഭാഗം പേരുടേയും പ്രതികരണം. എസ് ജയചന്ദ്രന്‍നായര്‍ക്കെതിരായ മാധവന്റെ ഭാഷാപ്രയോഗം അശ്ലീലവും ആഭാസവുമാണെന്ന് വിമര്‍ശനമുന്നയിച്ചവര്‍ മിക്കവരും ചൂണ്ടിക്കാട്ടി. എംഎല്‍എ വി ടി ബല്‍റാം, നിരൂപകയായ ജ്യോതിക, മാധ്യമപ്രവര്‍ത്തകരായ കെഎ ഷാജി, വിആര്‍ ജ്യോതിഷ്, ദിനില്‍, സംഗീത നിരൂപകന് രമേഷ് ഗോപാലകൃഷ്ണന്, അദ്ധ്യാപകനും സഹിത്യ നിരൂപകനുമായ ജോണ്‍ ഡിറ്റോ, തിരക്കഥാകൃത്ത് ടി അരുണ്‍കുമാര്‍, എന്‍ ഇ സുധീര്‍ തുടങ്ങി നിരവധി പേര് മാധവനെതിരെ ശക്തമായി പ്രതികരണങ്ങളുമായി എത്തി.
എകെജി വിഷയത്തിലെ ചര്‍ച്ചയ്ക്കിടെ നിങ്ങളേത് കഞ്ചാവാണ് ബല്‍റാം എന്ന് ചോദിച്ച് പരിഹാസവുമായി എന്‍എസ് മാധവന് എത്തിയിരുന്നു. ഇതിനെ കൂടി ട്രോളിക്കൊണ്ടാണ് ജയചന്ദ്ര്ന്നായരെ അപമാനിച്ച മാധവന്റെ പ്രയോഗത്തിനെതിരെ ബല്‍റാം എത്തിയത്. നിങ്ങളേത് പുകയാണ് വലിക്കുന്നതെന്ന് ഞാന്‍ ചോദിക്കുന്നില്ലെന്ന് പറഞ്ഞ ബല്‍റാം ‘ചേറില്‍ പണിയെടുക്കുന്നവരും ചേറുകൊണ്ടുള്ള കുടിലുകള്‍ മാത്രം സ്വന്തമായുള്ളവരുമൊക്കെ സംസ്കാരശൂന്യരാണ് എന്ന പഴയ മാടമ്ബി ധാര്‍ഷ്ട്യത്തിന്റെ സംഭാവനയാണ് ‘ചെറ്റ’ എന്ന അധിക്ഷേപവാക്കെന്നത് വിഖ്യാത കഥാകൃത്തിന് മനസ്സിലാകാത്തതുകൊണ്ടാകുമെന്ന് തോന്നുന്നില്ല. ഇത് പെര്‍വെര്‍ഷനോ സെല്‍ഫ് പ്രൊജക്ഷനോ എന്നേ ഇനി അറിയാനുള്ളൂ എന്നായിരുന്നു ബല്‍റാമിന്റെ കുറിപ്പ്.
പ്രമുഖരുടെ പ്രതികരണങ്ങള്‍ ഇങ്ങനെ…
#OMKV ഓട് മാധവാ കണ്ടം വഴി
ദിനില്‍ സി. എ (മാധ്യമ പ്രവര്ത്തകന്)
മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലാനുള്ള റിപ്പോര്‍ട്ടില്‍ നീതിബോധത്തിന്റെ കണിക പോലും അവശേഷിക്കാതെ ഒപ്പിട്ട മാഹാനാണ് എന്‍.എസ് മാധവന് എന്നു കേട്ടത് ശരിയാണോ ! പത്രാധിപര്‍ ചെറ്റക്ക് കത്തെഴുതിയ മഹാനും ഈയാളാണ്
രണ്ട് മാധവന്മാര്ക്കും നല്വാഴ്ത്തുക്കള്
കെഎ ഷാജി (മാധ്യമ പ്രവര്ത്തകന്)
ചെറ്റകുടിലില്‍ ജീവിക്കുന്ന മനുഷ്യരെ ആക്ഷേപിക്കാനായി ഫ്യൂഡല്‍ മാടമ്ബികള് ഉപയോഗിച്ചു തുടങ്ങിയ പദമാണ് ചെറ്റയെന്ന് ഇവര്‍ക്ക് രണ്ട് പേര്‍ക്കും അറിയാത്തതല്ല. സായുധ വിപ്ലവം വിട്ട് അവസരവാദത്തിന്റെ ന്യായീകരണ വിപ്ലവ വഴികളില്‍ നടക്കുന്ന രണ്ട് മാധവന്മാര്ക്കും നല്വാഴ്ത്തുക്കള്. ഇരുവര്‍ക്കും ശ്യാമമാധവം.
വിആര്‍ ജ്യോതിഷ്
(മാധ്യമ പ്രവര്ത്തകന്)
ഇതു ശരിയാണെന്നു മാത്രമല്ല…. മറ്റേതൊരു പ്രസിദ്ധീകരണത്തില്‍ കഥ അച്ചടിക്കുന്നതിനെക്കാളും കലാകൗമുദിയില്‍ അച്ചടിച്ചു വരുന്നതാണ് സന്തോഷമെന്ന് പത്രാധിപര്‍ ചെറ്റക്ക് കത്തെഴുതിയ മഹാനും ഈയാളാണ്.
ആ നീലപ്പെന്‍സില്‍ കൊണ്ട് മലയാളികള്‍ മാധവന്റെ പേരു വെട്ടും
ടി അരുണ്‍കുമാര്‍ (കഥാ തിരക്കഥാകൃത്ത്)
അടിമുടി എഡിറ്ററായിരുന്ന എസ്.ജയചന്ദ്രന് നായര്‍ക്കാണോ ഓണക്കാല പരസ്യവിപണിക്കായി മാത്രം ഔട്ട്ലുക്ക് ഗ്രൂപ്പ് പുറത്തിറക്കുന്ന പ്രത്യേക മലയാളം പതിപ്പിന്റെ ഗസ്റ്റ് എഡിറ്ററായി പണിയെടുത്തിരുന്ന തനിക്കാണോ ‘മാര്‍വാഡിയുടെ ശേവുകക്കാരന് ‘ എന്ന പേര് ശരിക്കും ചേരുന്നതെന്ന് എന്‍. എസ്. മാധവന് ഒരു വട്ടം കൂടി ആലോചിച്ചു നോക്കുന്നത് നന്നായിരിക്കും.
ചുല്യാറ്റിന്റെ കൈയിലെ നീലപ്പെന്‍സില്‍ നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളായി എല്ലാ മലയാളികളുടെയും കൈയിലുണ്ട്. അവരത് ഉളി പോലെ മുറുകെപ്പിടിച്ച് മാധവന് എന്ന പേര് കുറുകെ വെട്ടി പകരം മറ്റെന്തെങ്കിലും എഴുതിയേക്കാം. അപ്പോഴും അവര്‍ അങ്ങ് പ്രയോഗിച്ച പോലെ ‘ചെറ്റ ‘ എന്നെഴുതുവാന്‍ സാധ്യതയില്ല. എസ്. ജയചന്ദ്രന് നായരെ വിളിച്ച പുലഭ്യം കൊണ്ട് അങ്ങ് തിരുത്ത് എന്ന കഥയെ തന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. ജയചന്ദ്രന് നായര്‍ താങ്കളോട് ക്ഷമിച്ചാലും ചുല്യാറ്റ് ക്ഷമിക്കും എന്ന് തോന്നുന്നില്ല.
മാധവന് തിരുത്തണം… തിരുത്തിയേ പറ്റൂ
ജ്യോതിക (നിരൂപക)
പത്രാധിപ ‘കുലപതി’ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന എസ്. ജയചന്ദ്രന് നായരെ അധിക്ഷേപിച്ച എന്‍.എസ് മാധവന്റെ ഭാഷാ പ്രയോഗം… അദ്ദേഹത്തിന്റെ കഥകളോടുള്ള ആസ്വാദനം നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടേ… മ്ലേച്ചമായി… അശ്ലീലമായി… ആഭാസമായി.
മാധവന് തിരുത്തണം .. തിരുത്തിയേ പറ്റു..
മാധവന്റെ ‘തിരുത്ത്’ എന്ന കഥയില്‍ ‘തര്‍ക്കമന്ദിരം’ തകര്‍ന്നു എന്നത് മാറ്റി ‘ ബാബറി മസ്ജിദ് തകര്‍ന്നു ‘ എന്നു തിരുത്തുന്ന ഒരു പത്രാധിപരുണ്ട്. മുമ്ബിലെത്തുന്ന വാര്‍ത്തകളുടേയും ലേഖനങ്ങളുടെയും സത്യസന്ധമായ ആധികാരികത അളന്നെടുക്കുന്ന… നിഷ്പക്ഷമായ നിലപാടുകളുടെ ആര്‍ജ്ജവത്താല്‍ കപട ജനാധിപത്യത്തിന്റെയും പക്ഷപാതപരമായ മതബോധത്തിന്റെയും വേരറക്കുന്ന ചുല്യാറ്റ് എന്ന പത്രാധിപര്‍?
വിറക്കുന്ന കൈകളില്‍ പിടിച്ച പേന കൊണ്ട് അയാള്‍ ‘തിരുത്തുന്ന’ വാക്യം ഒരു വിഭാഗത്തിന്റെ ആത്മവിശ്വാസമാകുന്നു. ഈ കഥാപാത്രത്തെ സൃഷ്ടിച്ചപ്പോള്‍ മാധവന്റെ മനസ്സില്‍ ആരായിരിക്കും നിഴലിച്ചിട്ടുണ്ടാവുക??? പത്രാധിപരുടെ പേന ‘വെട്ടി തിരുത്താന്‍’ കൂടിയുള്ള താണെന്ന് മാധവന് അറിയാത്തതോ… പറയാത്തതോ?? എന്തായാലും ‘തിരുത്ത്’ എഴുതിയ മാധവന് തിരുത്തണം.. തിരുത്തിയേ പറ്റൂ..
എം. സുകുമാരന്റെ കഥയിലെ ‘നാറിയ ‘ പദപ്രയോഗം പത്രാധിപധര്‍മ്മത്തിന്റെ പേരില്‍ ജയചന്ദ്രന് നായര്‍ വെട്ടിയിട്ടുണ്ടെങ്കില്‍… അതിനു ശേഷവും ആ കഥയുടെ ശക്തി ക്ഷയിച്ചിട്ടില്ലെന്ന് എം.സുകുമാരന്‍ ബോധ്യപ്പെട്ടെങ്കില്‍ പിന്നെ ആരെ പ്രീതിപ്പെടുത്താനാണ് മാധവന് ശ്രമിക്കുന്നത്?? ആരുടെ വക്കാലത്തെടുത്താണ് മാധവന് ആക്രോശിക്കുന്നത്?? ആത്യധികമായി ഒരു വാരികയുടെ പരമാധികാരി പത്രാധിപരാണെന്നും വളയാത്ത നട്ടെല്ലും പണയം വെക്കാത്ത തലച്ചോറുമുള്ള പത്രാധിപര്‍ ഒരു ജനാധിപത്യ കാലത്തിന്റെ ആവശ്യമാണെന്നും അറിയാത്ത നിഷ്ക്കളങ്കതയാണോ മാധവ ബുദ്ധി? കഥകളില്‍ പദപ്രയോഗ കണിശത ദീക്ഷിക്കുന്ന മാധവന് ഈ കാണിച്ച ‘ചെറ്റത്തരം ‘ തിരുത്തണം…. തിരുത്തിയേ പറ്റൂ..
എത്രയോ എഴുത്തുകാരെ കൈ പിടിച്ചുയര്‍ത്തിയ മുതിര്‍ന്ന പത്രാധിപരാണ് ജയചന്ദ്രന് നായര്‍. അദ്ദഹത്തിന്റെ പ്രോത്സാഹനം ലഭിച്ചവര്‍ മലയാള സാഹിത്യത്തില്‍ ധാരാളമുണ്ട്.. മാധവന് പോലും വ്യത്യസ്തനല്ല.. എന്നിരിക്കെ വിശ്രമജീവിതം നയിക്കുന്ന ജയചന്ദ്രന് നായരെ ഇപ്രകാരം അധിക്ഷേപിക്കുമ്ബോള്‍ മാധവന്റെ ലക്ഷ്യം എന്താവും?? രാഷ്ട്രീയ സാമുദായിക നേതാക്കളേക്കാള്‍ അസ്സലായി മലയാളിയെ തെറിയുടെ രാഷ്ട്രീയം പഠിപ്പിക്കാന്‍ മുതിര്‍ന്നതെന്തിനാവും?? കഥയുടെ ക്രാഫ്റ്റ് കൈകാര്യം ചെയ്യുന്നതിലെ കൃത്യത ഇവിടെയും മാധവന് നിര്‍വ്വഹിക്കുന്നു. എം. സുകുമാരന്റെ ദാര്‍ശനിക രാഷ്ട്രീയ സത്യസന്ധതയെ ചാരി നിന്നു കൊണ്ട് മാധവന് പറയുന്നത് ഒറ്റ വായനയ്ക്കു വഴങ്ങുന്നില്ല.. കാരണം ധ്വനികളുടെ തമ്ബുരാനാണല്ലോ മാധവന് !
എന്തായാലും മാധവന് ഒന്നു മറന്നു.. വര്‍ഷത്തിലൊരിക്കല്‍ ഒരാള്‍ക്കേ എഴുത്തച്ഛന് പുരസ്ക്കാരം സര്‍ക്കാര്‍ കൊടുക്കൂ.. ഈ വര്‍ഷം അത് സച്ചിദാനന്ദന് കൊണ്ടുപോയി….ഇനി അടുത്ത വര്‍ഷത്തിനായുള്ള തയ്യാറെടുപ്പായാലും ശരി… തിരുത്തണം… ഇത് മ്ലേച്ചമായിപ്പോയി… തിരുത്തിയേ പറ്റൂ
പ്രതികരണം അസ്ഥാനത്ത്
രമേഷ് ഗോപാലകൃഷ്ണന് (സംഗീത നിരൂപകന്)
ഒരു ലേഖനം പ്രസിദ്ധീകരിക്കുന്ന പത്രാധിപര്‍ക്കും ഒരു രാഷ്ട്രീയമുണ്ട്. അത്, ലേഖനം പ്രസിദ്ധീകരണത്തിന് പത്രാധിപര്‍ക്ക് നല്കുന്ന എഴുത്തുകാരനും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇവിടെ ലേഖനം പ്രസിദ്ധീകരണത്തിന് നല്കിയ എഴുത്തുകാരന് എം സുകുമാരനും ഇതിനെപ്പറ്റി നല്ല ബോദ്ധ്യം ഉണ്ടെന്നുതന്നെയാണ് മനസ്സിലാകുന്നത്. അതിനാല്‍ ഈ സംഭവത്തെക്കുറിച്ചുള്ള ഒരു മറുപ്രതികരണം അസ്ഥാനത്താണ്. ഒരിക്കല്‍ ശേമ്മങ്കുടി ശ്രീനിവാസ അയ്യരെപ്പറ്റി ഞാന്‍ എഴുതിയ ഒരു ലേഖനത്തില്‍ അദ്ദേഹത്തെ ഞാന്‍ സംഗീതരംഗത്തെ ചാണക്യന് എന്ന് വിശേഷിപ്പിച്ചത് ആ ലേഖനം പ്രസിദ്ധീകരിച്ച പത്രാധിപരായ ശ്രീ. എസ് ജയചന്ദ്രന് നായര്‍ വെട്ടിമാറ്റി. ഇതിനെപ്പറ്റി അദ്ദേഹം എന്നോട് അന്ന് പറഞ്ഞത് ശേമ്മങ്കുടി അങ്ങനെയാണെങ്കില്‍ പോലും ചാണക്യന് എന്ന് ഞാന്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ പാടില്ല എന്നായിരുന്നു. ശ്രീ. ജയചന്ദ്രന് നായരുടെ ആ അഭിപ്രായത്തെ പൂര്‍ണ്ണബോദ്ധ്യത്തോടെ തന്നെ ഞാനന്ന് മാനിക്കുകയാണ് ചെയ്തത്. കാരണം, അത് അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ്. അതും ഞാന്‍ മാനിക്കേണ്ടതുണ്ട്. ഈ സന്ദര്‍ഭത്തില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായത് സൂചിപ്പിച്ചു എന്നുമാത്രം.
ചെവിയടച്ചുള്ള ഒരടിക്ക് താങ്കള്‍ അര്‍ഹനാണ്
പിആര്‍ ജോണ്‍ ഡിറ്റോ, അദ്ധ്യാപകന്, സാഹിത്യ നിരൂപകന്
കലാകൗമുദി, സമകാലിക മലയാളം പത്രാധിപരായിരുന്ന എസ്.ജയചന്ദ്രന് നായര്‍ സാറിനെ ച ട മാധവന് എന്ന ചെറുകഥാകൃത്ത് അധിക്ഷേപിച്ചിരിക്കുന്നു .. എം. സുകുമാരന്റെ കഥയില്‍ മുഷിഞ്ഞു നാറിയ ഗാന്ധിത്തൊപ്പി എന്നതില്‍ നാറിയ എന്ന വാക്ക് പണ്ടെങ്ങോ വെട്ടിക്കളഞ്ഞതിനാണ് മാധവന്റെ ചീത്ത വിളി. മാധവനും ബാലവേന്ദ്രന്‍ ചുള്ളിക്കാടുമുള്‍പ്പെട്ട വരേണ്യ സാഹിത്യ കൂട്ടായ്മയെ കാര്യമായെടുക്കാതെ അനേകം പുതിയ എഴുത്തുകാരെ ഉയര്‍ത്തിയെടുത്തത് ജയചന്ദ്രന് സാറിന്റെ വൈശിഷ്ട്യമാണ്.
ആ വാത്സല്യം നിര്‍ലോഭം നേടിയിട്ടുള്ളയാളാണ് ഞാന്‍. മലയാളം വാരികയുടെ ചീഫ് എഡിറ്ററായിരുന്ന ജയചന്ദ്രന് സാറിന്റെ ഓഫീസില്‍ ച്ചെന്ന്
സാറിനെക്കണ്ട് ,ഞാന്‍ എഴുതും എന്നു പറഞ്ഞ വാക്കിലാണ് എന്റെ ജീവിതം മാറിമറിയുന്നത്. ചെറിയ ചിരിയോടെ 25 വയസ്സുകാരനായ, മെലിഞ്ഞുണങ്ങിയ എന്റെ കയ്യിലേക്ക് 10 പേജ് പ്രിന്റ് ഔട്ട് തന്നു. ഓഷ്വിറ്റ്സിലെ യഹൂദ പീഡന പരമ്ബരയെക്കുറിച്ച് എഴുതി നോബല്‍ സമ്മാനം നേടിയ ഇംറേ കര്‍ട്ട്സിനെക്കുറിച്ചായിരുന്നു അത്.വിവര്‍ത്തനം ചെയ്യണം. ഞാനതിലാഞ്ഞു പിടിച്ചു.
Schindlers list എന്ന സിനിമ കണ്ടിട്ടുണ്ടായിരുന്നതിനാല്‍ യഹൂദരുടെ സഹനങ്ങളെ തൊട്ടറിഞ്ഞിരുന്നു. വിവര്‍ത്തനമായിരുന്നില്ല അത്. ഞാന്‍ ആഞ്ഞെഴുതിയ എന്റെ ഓഷ്വിറ്റ്സായിരുന്നു അത്. ജയചന്ദ്രന് സാര്‍ അത് സ്വീകരിച്ചു എന്നു മാത്രമല്ല
കവര്‍ സ്റ്റോറിയാക്കുകയും ചെയ്തു. ഒരു ബൈലൈന്‍ മാത്രം പ്രതീക്ഷിച്ച എനിക്ക് കവറില്‍ എന്റെ പേരു സഹിതം അടിച്ചാണ് സാറെന്നെ ഞെട്ടിച്ചത്. എന്നെപ്പോലെ അനേകം പേര് ജയചന്ദ്രന് സാറിന്റെ സ്പര്‍ശത്താല്‍ അക്ഷര ലോകം കണ്ടു.കവികള്‍, കാഥികര്‍ പത്രപ്രവര്‍ത്തകര്‍.. ആ ജയചന്ദ്രന് സാറിനെ മോശം വാക്കുപയോഗിച്ച് അധിക്ഷേപിച്ച എന്‍.സ്.മാധവാ ചെവിയടച്ചുള്ള ഒരടിക്ക് താങ്കള്‍ അര്‍ഹനാണ്..
അര്‍ഹനാണ്.
ഇയാളുടേത് ഏതുതരം മാനസികാവസ്ഥയാണ്?
എന്‍ ഇ സുധീര്‍ എഴുത്തുകാരന്
ഒരു വ്യക്തിയെ ചെറ്റ എന്ന വാക്ക് കൊണ്ട് വിശേഷിപ്പിക്കുന്നതിന് പിന്നില്‍ ഏത് തരത്തിലുള്ള മാനസികാവസ്ഥായണ് ഉള്ളതെന്ന് എന്‍ഇ സുധീര്‍ ചോദിക്കുന്നു. ചെറ്റക്കുടില് എന്നാല്‍ പാവപ്പെട്ടവന്റെ കുടിലാണെന്നും ചെറ്റ എന്നാല്‍ പാവപ്പെട്ടയാള്‍ എന്നാണ് അര്‍ത്ഥമെന്നും അധിക്ഷേപാര്‍ഹമായ ഒരു പദമല്ല അതെന്നുമാണ് എന്‍ഇ സുധീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
പോസ്റ്റ് ഇപ്രകാരം: ഒരു വ്യക്തിയെ ‘ചെറ്റ’ എന്ന വാക്ക് കൊണ്ട് വിശേഷിപ്പിക്കുന്നതിനു പിന്നില്‍ എന്ത് മാനസികാവസ്ഥയാണ് ഉള്ളത് ? എനിക്കേറെ പ്രിയപ്പെട്ട എഴുത്തുകാരന് എന്‍ .എസ് .മാധവന് അതിലേറെ പ്രിയപ്പെട്ട എസ് . ജയചന്ദ്രന് നായരെ ആ പദം ഉപയോഗിച്ചു വിശേഷിപ്പിച്ചിരിക്കുന്നു. മാധവന് ഇന്നലെ നടത്തിയ ഒരു ട്വീറ്റിലാണ് ഈ പദ പ്രയോഗം കടന്നുകൂടിയത്. ‘ചെറ്റ’ എന്ന പദം എന്താണ് സൂചിപ്പിക്കുന്നത് ? എന്റെയൊക്കെ കുട്ടിക്കാലത്ത് ചെറ്റക്കുടില് എന്ന് കേട്ടിട്ടുണ്ട്.
പാവപ്പെട്ടവരുടെ ചെറിയ കുടിലിനെ ഉദ്ദേശിച്ചാണ് അന്നത് ഉപയോഗിച്ചത്. അതുകൊണ്ടു തന്നെ ഒരു സാമൂഹ്യാവസ്ഥയുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയം ആ വാക്കിന് പിന്നിലുണ്ട്. എന്നാല്‍ വ്യക്തികളെ ഉദ്ദേശിച്ചാണ് ഉപയോഗമെങ്കില്‍ ഹീനന്‍, നികൃഷ്ടന്‍ എന്ന അര്‍ത്ഥത്തിലും ആവാം എന്ന് ശബ്ദതാരാവലി പറയുന്നു. ചെറ്റക്കുടില് എന്ന വാക്കിന് ഹീനമായ കുടില്‍ എന്ന വ്യഖ്യാനമില്ലാത്തതുപോലെ ചെറ്റയായവന്‍ എന്നതിനും അത് വേണ്ട. പാവപെട്ടവന് എന്ന് മതി. രണ്ടായാലും ഇത് കടന്നകൈ ആയിപ്പോയി. വാക്കിന്റെ രാഷ്ട്രീയം നന്നായി അറിയുന്ന മാധവനില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. പൊടുന്നനെയുള്ള ആശയസംവേദനത്വര പലപ്പോഴും നമ്മുടെ ചിന്തകളെയും സംസ്കാരത്തെയും പ്രതിരോധത്തിലാക്കുന്നു.
ഇതിനു കാരണമായ വിഷയം അതിലേറെ രസകരമാണ്. എം സുകുമാരന്റെ പിതൃതര്‍പ്പണം എന്ന കഥ പ്രസിദ്ധീകരിച്ചപ്പോള്‍ പത്രാധിപര്‍ എസ്. ജയചന്ദ്രന് നായര്‍ ‘നാറിയ’ എന്ന ഒരു വാക്ക് ആ കഥയില്‍ നിന്ന് വെട്ടിക്കളഞ്ഞിരുന്നു എന്ന് സുകുമാരന്‍ പറഞ്ഞതായി കെ . എസ് . രവികുമാര്‍ ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയിട്ടുണ്ട്. അത് ഉചിതമായി എന്ന മട്ടിലാണ് സുകുമാരന്‍ പറഞ്ഞത് എന്നും രവികുമാര്‍ സൂചിപ്പിക്കുന്നു. ഈ വെട്ടിമാറ്റലിനെ ഏറ്റു പിടിച്ചാണ് മാധവന് പ്രകോപിതനായിരിക്കുന്നത്. എടുത്തു ചാടിയുള്ള ഇടപെടലുകള്‍ നമ്മളെ പലപ്പോഴും മറ്റൊരാളായി മാറ്റുന്നു. വാക്കുകള്‍ കടുത്ത ആയുധങ്ങളാണ്. അതിന്റെ എടുത്തുമാറ്റലുകളും, അനവസരത്തിലുള്ള പ്രയോഗവും ചിലപ്പോള്‍ ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടാക്കും.
Post Your Comments