പാലാ: പാലായിലെ സ്വകാര്യ ബാങ്കിന്റെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പാലാ ഓലിക്കല്‍ അരുണ്‍ സെബാസ്റ്റ്യന്‍(29), അമ്മ മറിയാമ്മ (52) എന്നിവരാണ് അറസ്റ്റിലായത്. സഹകരണ ബാങ്കിലെ അന്‍പതുലക്ഷം രൂപ കാണാതായ കേസിലാണ് സെബാസ്റ്റ്യനും അമ്മയും പിടിയിലായത്. ഇവര്‍ ഇതേ ബാങ്കിലെ കാഷ്യറായിരുന്നു. ഒളിവില്‍ പോകാന്‍ പ്രതികളെ സഹായിച്ച അയര്‍ക്കുന്നം സുനിവിലാസ് സുരേഷ് (49), പയപ്പാര്‍ സ്വദശിയും പാലായിലെ ഓട്ടോ ഡ്രൈവറുമായ അനൂപ് ബോസ് എന്നിവരും അറസ്റ്റിലായി.പ്രതികള്‍ കരൂരിലും വേളാങ്കണ്ണിയിലും ഒളിവില്‍ താമസിച്ചു.
കഴിഞ്ഞദിവസം എറണാകുളത്തെ ഒരു ഫ്‌ലാറ്റില്‍നിന്നാണ് പാലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജന്‍ കെ.അരമന, എസ്.ഐ.അഭിലാഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ഇരുവരെയും അറസ്റ്റുചെയ്തത്. അരുണ്‍ പാലായില്‍ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുകയായിരുന്നു. യന്ത്രം ഉപയോഗിച്ച് 2000 രൂപയുടെ കളര്‍ പകര്‍പ്പുകള്‍ എടുത്താണ് സ്വകാര്യബാങ്കിന്റെ കാഷ് ഡിപ്പോസിറ്റ് മെഷീനില്‍ നിക്ഷേപിച്ചത്. 2000 രൂപയുടെ അഞ്ചു നോട്ടുകളുടെ വ്യാജനാണ് കണ്ടെത്തിയത്. എറണാകുളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ബാങ്കുകളില്‍ കള്ളനോട്ടുകള്‍ നിക്ഷേപിച്ചശേഷം രണ്ടുദിവസത്തിനുള്ളില്‍ തുല്യമായ തുക എ.ടി.എം. മുഖേന പിന്‍വലിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.
പണം നിക്ഷേപിച്ച ആളിന്റെ അക്കൗണ്ട് നമ്പര്‍ തിരിച്ചറിഞ്ഞാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വിവിധ ബാങ്കുകളില്‍നിന്ന് കള്ളനോട്ട് നിക്ഷേപിച്ച് അന്‍പതിനായിരം രൂപയോളം പിന്‍വലിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എ.ടി.എമ്മിലെ പഴയ സി.ഡി.എമ്മുകള്‍ക്ക് കള്ളനോട്ട് തിരിച്ചറിയുന്നതിന് പരിമിതികളുണ്ട്. എന്നാല്‍, പുതിയ മെഷീനുകളില്‍ കള്ളനോട്ടുകള്‍ തിരിച്ചറിയാനാകും. കാഷ്യറായി ജോലിചെയ്യുന്ന പാലായിലെ ഒരു സഹകരണ ബാങ്കിന്റെ ലോക്കറില്‍നിന്ന് അന്‍പതു ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് മറിയാമ്മ പിടിയിലായത്.
ബാങ്ക് അധികൃതര്‍ പോലീസിന് പരാതി നല്കിയിരുന്നു. കള്ളനോട്ടു കേസില്‍ മകന്‍ പ്രതിയാണെന്ന് അറിഞ്ഞതോടെ മറിയാമ്മയും മുങ്ങി. തുടര്‍ന്ന്, ബാങ്ക് ജീവനക്കാര്‍ പരിശോധിച്ചപ്പോള്‍ പണം കുറവുള്ളതായി കണ്ടെത്തി. ഒരു വര്‍ഷത്തിനിടെ പല തവണയായാണ് പണം മാറ്റിയത്. സ്ഥിരം പരിശോധന നടത്തുന്നതില്‍ വീഴ്ച വരുത്തിയ മുതിര്‍ന്ന ജീവനക്കാരെ കേസില്‍ പ്രതിയാക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്നും പോലീസ് പറഞ്ഞു. പാലായില്‍ സി.ഡി.എമ്മില്‍ കള്ളനോട്ടുകള്‍ തിരിച്ചറിഞ്ഞതാണ് തട്ടിപ്പ് കണ്ടെത്താന്‍ ഇടയാക്കിയത്. അരുണ്‍, എറണാകുളത്ത് കംപ്യൂട്ടര്‍ സ്ഥാപനവും നടത്തുന്നുണ്ട്.
കടപ്പാട് : മാതൃഭൂമി
Post Your Comments