
കൊല്‍ക്കത്ത: രാമനവമി റാലിയുമായി ബന്ധപ്പെട്ടുണ്ടായ വര്‍ഗീയ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കെ.എന്‍ ത്രിപാഠി ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. ഒരു മണിക്കൂര്‍ നീണ്ടു നിന്ന യോഗത്തില്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും ഭരണരംഗത്തെ പ്രമുഖരും പങ്കെടുത്തു. ഗവര്‍ണര്‍ ഇന്ന് വൈകീട്ട് സംഘര്‍ഷബാധിത മേഖലകള്‍ സന്ദര്‍ശിക്കും. ഗവര്‍ണറുടെ സന്ദര്‍ശനത്തെ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.
സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സന്ദര്‍ശനത്തെ നിരുത്സാഹപ്പെടുത്തിയത്. റാണിഗഞ്ചിലും അസന്‍സോളിലും ഇപ്പോഴും നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. രണ്ടിടങ്ങളിലും ഇന്‍റര്‍നെറ്റ് ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്. വര്‍ഗീയ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. രാമനവമി ദിനത്തില്‍ ഹിന്ദു സംഘടനകളുടെ റാലി സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
അനുമതിയില്ലാതെ വിവിധ ഹിന്ദു സംഘടനകള്‍ നടത്തിയ റാലി സംഘര്‍ഷത്തില്‍ കലാശിച്ചു. തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ രാമനവമി റാലിക്കെതിരെയും ആക്രമണമുണ്ടായി. കലാപകാരികള്‍ വണ്ടികളും കടകളും തീവച്ച് നശിപ്പിച്ചു. കഴിഞ്ഞ 12 മണിക്കൂറില്‍ പുതിയ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് റാപിഡ് ആക്ഷന്‍ ഫോഴ്സ് അറിയിച്ചു. പ്രദേശത്ത് വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments