പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഇപ്പോഴും തുടരുന്നു. ബിജെപി പ്രഖ്യാപിച്ച 282 സ്ഥാനാർത്ഥികളിൽ 46 പേർ മറ്റ് പാർട്ടികളിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്നവരാണ്. ഇതിൽ 34 പേർ തൃണമൂൽ കോൺഗ്രസിൽ നിന്നും പിരിഞ്ഞ് വന്നവരാണ്. ആറ് പേർ സിപിഎമ്മിൽ നിന്നും നാല് പേർ കോൺഗ്രസിൽ നിന്നും ഗോർഖ ജൻമുഖി മോർച്ചയിൽ നിന്നും (ജിജെഎം) ബിജെപിയിലേക്ക് കടന്നുവന്നവരാണ്.
46 പേർ ബിജെപിയിൽ സ്ഥാനാർത്ഥിയായിട്ടുണ്ടെങ്കിൽ അവരുടെ അണികളുടെയും അവരെ പിന്തുണയ്ക്കുന്ന ജനങ്ങളുടെയും വോട്ട് ഇക്കുറി ബിജെപിക്ക് ലഭിക്കുമെന്ന് വ്യക്തം. സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്തത് ബിജെപിക്കകത്ത് ചെറുതല്ലാത്ത രീതിയിൽ പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടാകാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പാർട്ടിയിൽ ചേർന്ന 46 സ്ഥാനാർത്ഥികളിൽ 36 പേർ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ബിജെപിയിൽ ചേർന്നവരാണ്. ഇവർക്ക് സീറ്റ് നൽകുകയും ബിജെപിയിൽ വർഷങ്ങളായി പ്രവർത്തിച്ച് വരുന്നവർക്ക് സീറ്റ് നൽകാതിരിക്കുകയും ചെയ്തത് പാർട്ടി പ്രവർത്തകരെ അസ്വസ്ഥരാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Also Read:പത്രിക തള്ളിയതിനെതിരെ ബി ജെ പി ഹൈക്കോടതിയില്‍; ഇന്ന് അടിയന്തര സിറ്റിംഗ്
സീറ്റ് വിതരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് അഞ്ച് ബിജെപി പ്രവർത്തകർ പരസ്യമായി പ്രതിഷേധം അറിയിക്കുകയും പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ മാറ്റിയില്ലെങ്കിൽ രാജിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ജില്ലാ നേതാക്കളുടെ സമ്മർദ്ദത്തെത്തുടർന്ന് പാർട്ടി ഒരു സ്ഥാനാർത്ഥിയെ മാറ്റാൻ നിർബന്ധിതനായി. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും മുൻ ചീഫ് ഇക്കണോമിക് അഡ്വൈസറുമായ അശോക് ലാഹിരിക്ക് പകരം സുമൻ കാഞ്ചിലാലിനെ വടക്കൻ ബംഗാളിലെ അലിപൂർദുവർ സീറ്റിൽ നിയമിച്ചു. ഇതുവരെ 294 ൽ 282 സീറ്റുകളിലായി ബിജെപി സ്ഥാനാർത്ഥികളുടെ പേര് പുറത്തുവിട്ടിട്ടുണ്ട്.
Post Your Comments