ഈസ്റ്ററിന് കേക്കില്ലാത്തതിനെ കുറിച്ച് ആര്‍ക്കെങ്കിലും ചിന്തിക്കാന്‍ കഴിയുമോ? ഈസ്റ്റര്‍ എന്നുകേള്‍ക്കുമ്പോഴേ പലരുടെയും നാവില്‍ വെള്ളമൂറും. ഇത്തവണത്തെ ഈസ്റ്ററിന് സ്‌പെഷ്യല്‍ ബ്രാന്‍ഡി പ്ലംകേക്ക് ഒന്ന് ട്രൈ ചെയ്ത് നോക്കിയാലോ?
ആവശ്യമുള്ള സാധനങ്ങള്‍
മുന്തിരി വൈന്‍ 150 മില്ലി
കറുത്ത മുന്തിരി(ഉണങ്ങിയത്) 1/2 കിലോ
ഇഞ്ചി ഉണക്കിയത് 50 ഗ്രാം
ഓറഞ്ച് തൊലി ഉണക്കിയത് 75 ഗ്രാം.
പഞ്ചസാര 50 ഗ്രാം
ചെറുനാരങ്ങയുടെ തൊലി
ജാതിക്കാപ്പൊടി 10 ഗ്രം
ഉപ്പ് 5 ഗ്രാം
ചെറുനാരങ്ങ നീര്
തേന്‍ 25 മില്ലി
ബ്രാന്‍ഡി 100 മില്ലി
കേക്ക് മിക്സ് ചെയ്യാന്‍
ബട്ടര്‍ 250 ഗ്രാം
പഞ്ചസാര 250 ഗ്രാം
മൈദ 250 ഗ്രാം
മുട്ട ആറ് എണ്ണം.
പഞ്ചസാര കരിച്ചത് 20 ഗ്രാം
തയ്യാറാക്കുന്ന വിധം
2 കിലോ പ്ലം കേക്ക് തയ്യാറാക്കാനുള്ള ചേരുവകളാണ് മേല്‍ പറഞ്ഞിരിക്കുന്നത്. ഫ്രൂട്ട് മിക്സിംഗ് ആണ് കേക്ക് ഉണ്ടാക്കുന്നതിനുള്ള ആദ്യ സ്റ്റേജ്. ഒരു പാത്രം അടുപ്പില്‍ വെച്ച് ചൂടാക്കി അതിലേയ്ക്ക്മുന്തിരി വൈന്‍ , 50 ഗ്രാം പഞ്ചസാര, 5 ഗ്രാം ഉപ്പ്, ഒരു ചെറുനാരങ്ങയുടെ തൊലി ഉണക്കി വളരെ ചെറുതായി അരിഞ്ഞെടുത്തത്, ഇഞ്ചി ഉണക്കിയത് ( ഇഞ്ചിയും ഓറഞ്ച് തൊലിയും പഞ്ചസാരപ്പാനിയില്‍ വേവിച്ച് ഉണക്കി പൊടിച്ചത് ഉപയോഗിക്കുക)ഓറഞ്ച് തൊലി ഉണക്കി ചെറുതായി അരിഞ്ഞത്, ഉണങ്ങിയ കറുത്ത മുന്തിരി, ഒരു ചെറുനാരങ്ങയുടെ നീര്, തേന്‍ എന്നിവ നന്നായി ചൂടാക്കുക. വൈന്‍ വറ്റി ലായനി കട്ടിയായി വരുമ്പോള്‍ ഇത് ഒരു പരന്ന പാത്രത്തിലേയ്ക്ക് മാറ്റുക. തണുക്കുമ്പോള്‍ ഫ്രൂട്ട് മിക്സ് വളരെ കട്ടിയായി ഇരിക്കും. അതിലേയ്ക്ക് ജാതിക്ക പൊടിച്ചത്, 100 മില്ലി ബ്രാന്‍ഡി എന്നിവ ചേര്ത്ത് ഇളക്കി മാറ്റി വയ്ക്കുക.
ഇനി കേക്കിന്റെ1 മിക്സ് തയ്യാറാക്കാം. 250 ഗ്രാം പഞ്ചസാര, 250 ഗ്രാം ബട്ടര്‍ എന്നിവ ചേര്ത്ത്ക നന്നായി മിക്സ് ചെയ്യുക. അവ ക്രീം പരുവത്തിലാകുമ്പോള്‍ മുട്ടകള്‍ ഓരോന്നായി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.അതിലേയ്ക്ക് പഞ്ചസാര കരിച്ചത് ചേര്‍ക്കുക. പഞ്ചസാര വെള്ളം ചേര്‍ത്ത് നല്ലവണ്ണം ചൂടാക്കി കരിച്ചെടുക്കുക. കേക്കിന് കളര്‍ നല്‍കാനാണ്് ഇത് ചേര്‍ക്കുന്നത്. ഓരോ ചേരുവകള്‍ ചേര്‍ക്കുമ്പോഴും നല്ലവണ്ണം ഇളക്കി യോജിപ്പിക്കണം, എന്നാല്‍ പതുക്കെ മാത്രമേ കേക്കിനുള്ള മിക്സ് ഇളക്കാവൂ, ശക്തിയായി വളരെ പെട്ടെന്ന് ഇളക്കുന്നത് കേക്ക് കട്ടിയായി പോകാന്‍ കാരണമാകും. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഫ്രൂട്ട് മിക്സ് , കേക്ക് മിക്സിലേയ്ക്ക് ചേര്‍ക്കുക.ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് മൈദ കൂടി കേക്ക് മിക്സില്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഒരു കിലോ ഫ്രൂട്ട് മിക്സ്, ഒരു കിലോ കേക്ക് മിക്സ് എന്ന അനുപാതത്തിലാണ് കേക്ക് തയ്യാറാക്കുന്നത്.ഒരു കിലോ വീതമാക്കി രണ്ട് പാത്രങ്ങളിലേയ്ക്ക് കേക്ക് മിശ്രിതം മാറ്റുക. 150 ഡിഗ്രി ചൂടുള്ള കനല്‍ നിറച്ച ചൂളയിലാണ് ഇവിടെ കേക്ക് തയ്യാറാക്കുന്നത്. ചൂളയില്ലെങ്കില്‍ മൈക്രോവേവ് അവനിലോ, ഇലക്ട്രിക്ക് അവനിലോ 150 ഡിഗ്രി ചൂടില്‍ കേക്ക് തയ്യറാക്കാവുന്നതാണ്. ഒന്നര മണിക്കൂര്‍ സമയം വേണം കേക്ക് ബേയ്ക്കാവാന്‍. തണുത്തതിനു ശേഷം മുറിച്ച് വിളമ്പാം.
Post Your Comments