രാഹുൽ ഗാന്ധിജി അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കുന്നില്ല എന്നകാര്യത്തിൽ കോൺഗ്രസുകാർക്ക് പോലും ഭിന്നതയുണ്ടാവാനിടയില്ല. വമ്പൻ തെറ്റുകൾ പൊതുവേദിയിൽ ആവർത്തിക്കുന്നു; മണ്ടത്തരങ്ങൾ വിളിച്ചുകൂവുന്നു; ചിലതൊക്കെ കേട്ടില്ലെന്ന് നടിക്കാനോ, അന്വേഷിച്ചു പറയാം എന്ന് മറുപടി നൽകാനോ പോലും അദ്ദേഹത്തിനാവുന്നില്ല. ഒന്നിനെക്കുറിച്ചും ഒരു ധാരണയും വിവരവുമില്ല എന്നത് കൊണ്ടുതന്നെയാണ് ഇതൊക്കെ സംഭവിക്കുന്നത് . സാധാരണ പറയാറില്ലേ, സ്പൂൺ ഫീഡിങ് കുട്ടികളെക്കുറിച്ച് ; ഒന്നും സ്വയം പഠിക്കില്ല; എല്ലാം ആരെങ്കിലും കൊടുക്കുമെന്നതിനാൽ തന്നെ. അതാണിപ്പോൾ കോൺഗ്രസ് അധ്യക്ഷന്റെ അവസ്ഥ. അടുത്തദിവസം മൈസൂരിൽ കോൺഗ്രസ് റാലിയിൽ എം വിശ്വേശ്വരയ്യയുടെ പേര് ഉച്ചരിക്കാൻ രാഹുൽ കാണിക്കുന്ന പെടാപ്പാട് നമ്മളൊക്കെ കണ്ടതല്ലേ. അത് സംഭവിച്ചത് മൈസൂരിലാണ്. മൈസൂറിന് വിശ്വേശ്വരയ്യയുമായുള്ള ബന്ധം അറിയാമല്ലോ. രാഹുൽ അവിടെ പ്രസംഗം എഴുതിവായിക്കുകയാണ്……. തനിക്ക് ആരൊക്കെയോ എഴുതിനൽകുന്നത് എന്തെന്ന്പോലും നോക്കാതെ അദ്ദേഹം പ്രസംഗിക്കാനെത്തുകയാണ്. അതുപോലെ, അതെ വേദിയിൽ മൈസൂർ രാജാവ് വോഡയാറിന്റെ പേരുച്ചരിക്കാൻ ബുദ്ധിമുട്ടിയതും നാം കണ്ടു.
ഇതിനൊക്കെ പിന്നാലെയാണ് കേന്ദ്രസർക്കാരിനെതിരെ കുറെ ആരോപണങ്ങൾ ഉന്നയിച്ചത്. ഇത്തവണ രാഹുൽ തിരഞ്ഞെടുത്തത് ഒരു ഹൈക്കോടതി ജഡ്ജിയെ സുപ്രീംകോടതിയിൽ ജഡ്ജിയായി സർക്കാർ നിയമിക്കുന്നില്ലെന്ന കാര്യമാണ് . അതുപോലെ എത്ര സംഭവങ്ങൾ കോൺഗ്രസ് ഭരണകാലത്ത് ഉണ്ടായിട്ടുണ്ട് എന്നത് രാഹുലിന് അറിയാമോ ആവോ?. ഒന്നിലേറെ ജഡ്ജിമാരെ സൂപ്പർസീഡ് ചെയ്തത് ഇന്ദിരാഗാന്ധിയാണ്. ഇവിടെ ഈ ജഡ്ജിയോട് രാഹുലിന് എന്താണിത്ര താല്പര്യം?. കോൺഗ്രസിന് അനുകൂലമായി വിധിപറഞ്ഞതു കൊണ്ടോ?. അതോ ജഡ്ജിക്ക് കോൺഗ്രസിനോടുള്ള അടുപ്പമോ?. ജഡ്ജിമാർക്ക് അങ്ങിനെ ഒരു തോന്നലോ അടുപ്പമോ ഉണ്ടാവാനിടയില്ല; അതൊന്നും പാടില്ല എന്നതാണല്ലോ പൊതുധാരണ. എന്തായാലും ഓരോ ജഡ്ജി നിയമനക്കാര്യത്തിലും ഈ സർക്കാർ വെച്ചുപുലർത്തുന്ന വ്യക്തമായ മാനദണ്ഡങ്ങളുണ്ട്…….. ഓരോരുത്തരും വിശദമായ വിലയിരുത്തലിന് വിധേയമാക്കപ്പെടുന്നു; അവരുടെ ബന്ധങ്ങൾ ഉൾപ്പടെ. സ്വാഭാവികമായും ചിലരുടെ കാര്യത്തിൽ വിഷമങ്ങൾ ഉണ്ടാവുന്നുണ്ട്…….. ചിലരുടെ കാര്യത്തിൽ താമസവും. അത് നീതിനിർവഹണം നീതിപൂർവമാക്കാനാണ് .
ഇത് മാത്രമല്ല, രാഹുൽ ഗാന്ധി പറഞ്ഞത്, അല്ലെങ്കിൽ ആക്ഷേപിച്ചത്. രാജ്യത്തെ കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നു……….. ജഡ്ജിമാരുടെ നിയമനം വൈകുന്നതിനാൽ കോടതി പ്രവർത്തനം നേരാംവണ്ണം നടക്കുന്നില്ല. കോടതികളെക്കുറിച്ച് എന്തൊരു ആശങ്കയാണ് അദ്ദേഹത്തിന് . ശരിയാണ് ഒരു വലിയകേസിൽ ജാമ്യത്തിലുള്ള ഒരു കുറ്റവാളിയുടെ ആശങ്കയാണോ ആവോ. അതോ തന്നെയും ബന്ധുക്കളെയും തുറിച്ചുനോക്കുന്ന കേസുകളുടെ ഗൗരവം കണ്ടിട്ടാണോ…… അറിയില്ല. ഒരുകാലത്തും കോടതിയോട് നീതിപുലർത്താത്തവരാണ് കോൺഗ്രസുകാർ എന്നതാർക്കാണ് അറിയാത്തത് ?. അത് മാത്രമല്ല ഇപ്പൊൾ കോടതിക്കെതിരെ തിരിയാൻ എന്നതും ഓർമ്മിക്കേണ്ടതുണ്ട്. ഫേസ് ബുക്ക് ഡാറ്റ ചോർത്തിയതും അത് ദുരുപയോഗിക്കാനായി എണ്ണൂറ് കോടി മുടക്കിയതും ഇന്നിപ്പോൾ വെള്ളത്തിലായ മട്ടിലാണല്ലോ. എന്തൊരു ഗതികേടാണിത്. എണ്ണിയെണ്ണി കൊടുത്ത ആ എണ്ണൂറ് കോടി ഇനി തിരിച്ചുചോദിക്കാൻ പറ്റില്ല. ചോദിച്ചാലും വിദേശി തിരിച്ചുകൊടുക്കില്ല. നിര്ബബന്ധിച്ചു വാങ്ങിക്കാം എന്ന് വിചാരിച്ചാൽ പിന്നെ അതും പുലിവാലാകും. ഇപ്പോൾ തന്നെ ഒന്നോ രണ്ടോ എൻജിഒകളുടെ കണക്കിൽ വിദേശത്തുകൊടുത്ത എണ്ണൂറ് കോടിയുടെ പിന്നാലെ നരേന്ദ്രമോദിയുടെ ആൾക്കാർ നടക്കാൻ തുടങ്ങിയിട്ടുണ്ട്. പിന്നെ വിദേശിയിൽ നിന്നും കിട്ടിയതൊക്കെ ഇവിടെ നരേന്ദ്ര മോദിയെയും കൂട്ടരെയും ബ്ലാക് മെയ്‌ലിങ്ങിനും മറ്റുമായി ഉപയോഗിക്കാനും കഴിയാത്ത അവസ്ഥയായി. ഇതുമല്ല; ബ്രിട്ടനിലെ ആ ചോർത്തൽ സംഘം ഇന്ത്യയിലെ മാധ്യമ പ്രവർത്തകർ, സാഹിത്യകാരന്മാർ, മറ്റ് ചില പ്രമാണിമാർ എന്നിവർക്കൊക്കെ പ്രതിമാസം രണ്ടര ലക്ഷം വെച്ച് കൊടുക്കാൻ തുടങ്ങിയതും നാട്ടിൽ പാട്ടായി, നരേന്ദ്ര മോദിക്കും ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ കുപ്രചരണം നടത്താനാണ് ഈ രണ്ടര ലക്ഷത്തിന്റെ കിമ്പളം. കാര്യങ്ങൾ ഇത്രക്കൊക്കെയായപ്പോൾ ആ വിവരങ്ങൾ എല്ലാം ജനങ്ങളെ അറിയിച്ച നിയമ- ടെലികോം മന്ത്രി രവിശങ്കർ പ്രസാദിന്റെ നെഞ്ചെത്തേക്ക് കയറാമെന്ന് രാഹുൽ ഗാന്ധി കരുതി. അത്രയേ ഉള്ളൂ.
അപ്പോഴാണ് കേസുകൾ, കോടതികൾ, ജഡ്ജിമാരുടെ നിയമനം എന്നിവയെക്കുറിച്ചൊക്കെ പരിശോധിക്കാൻ പ്രേരിപ്പിച്ചത്. കണക്കുകൾ നമുക്കിന്ന് ലഭ്യമാണ്. രാഹുൽ ഗാന്ധിയുടെ പാർട്ടി ഭരിക്കുന്ന, യുപിഎ ഒന്നിന്റെ, കാലത്ത് (അതായത് 2004- 2009 കാലത്ത്) ഇന്ത്യയിൽ ആകെ നിയമിച്ചത് , പ്രതിവർഷം 89 ഹൈക്കോടതി ജഡ്ജിമാരെയാണ്. യുപിഎ രണ്ടിന്റെ കാലത്ത് അത് പ്രതിവർഷം 79 ആയി കുറയുകയും ചെയ്തു. എന്നാൽ നരേന്ദ്ര മോഡി സർക്കാർ അധികാരമേറ്റശേഷം , 2014 ജൂൺ മുതൽ 2018 ജനുവരി വരെ, പ്രതിവർഷം നിയമിച്ചത് 109 ഹൈക്കോടതി ജഡ്ജിമാരെയാണ്. അതിൽ നാഷണൽ ജുഡീഷ്യൽ കമ്മീഷൻ നിയമനം സംബന്ധിച്ച പ്രശ്നങ്ങൾ കാരണം ഏതാണ്ട് ഒന്പത് മാസം നിയമനം നടന്നില്ല എന്നതും ഓർമ്മിക്കുക. 2016ൽ മാത്രം ഏതാണ്ട് 126 ഹൈക്കോടതി ജഡ്ജിമാർ നിയമിക്കപ്പെട്ടു. 2014 മെയ് മാസത്തിന് ശേഷം ഇതുവരെ ഏതാണ്ട് 17 സുപ്രീം കോടതി ജഡ്ജിമാർ, 304 ഹൈക്കോടതി ജഡ്ജിമാർ എന്നിവരെ നിയമിച്ചു. 304 അഡീഷണൽ ജഡ്ജിമാരെ ഇതിനകം സ്ഥിരപ്പെടുത്തുകയും ചെയ്തു. അതിലേറെ ശ്രദ്ധിക്കേണ്ടത്, ഹൈക്കോടതി ജഡ്ജിമാരുടെ ഏതാണ്ട് 173 പുതിയ തസ്തികകൾ ഈ സർക്കാർ സൃഷ്ടിച്ചിട്ടുണ്ട്. യുപിഎ രണ്ടിന്റെ കാലത്ത് സൃഷ്ടിച്ചത് വെറും 20 തസ്തികകൾ ആണ് എന്നതുമോർക്കണം.
സുപ്രീംകോടതി നിർദ്ദേശിക്കുന്നവരെ, അവർ ആരായാലും, ജഡ്ജിമാരായി സർക്കാർ നിയമിക്കണം എന്നതാണ് പണ്ടുള്ള കീഴ്‌വഴക്കം. എന്നാൽ അപ്പോഴും നിയമിക്കപ്പെടാൻ നിർദ്ദേശിക്കപ്പെടുന്നവരുടെ ‘ചരിത്രം’ പരിശോധിക്കാൻ സർക്കാരിന് കഴിയും. അതൊക്കെ ഒരു വഴിപാടായിട്ടാണ് നടന്നിരുന്നത് എന്നുമാത്രം. എന്നാൽ ഇപ്പോൾ അതല്ല, ഓരോരുത്തരുടെയും പ്രവർത്തനം, ബന്ധങ്ങൾ, അവർ വക്കീലന്മാരായിരുന്നപ്പോൾ ആരുടെയൊക്കെ കേസുകൾ നടത്തിയിരുന്നവരാണ്, തീവ്രവാദ ബന്ധങ്ങൾ, കേസുകൾ തുടങ്ങിയതൊക്കെ ഇന്നിപ്പോൾ പരിശോധിക്കപ്പെടുന്നു. ഇന്റലിജൻസ് ബ്യുറോ അതൊക്കെ വിലയിരുത്തുന്നു. മുൻപ് ഒരു ചീഫ് ജസ്റ്റിസ് താൻ നിർദ്ദേശിച്ചിരുന്നവരെ നിയമിച്ചില്ലെന്ന് പറഞ്ഞുകൊണ്ട് ബഹളത്തിന് തയ്യാറായതോർക്കുക. ആ ബഹളം പെട്ടെന്നവണ്ണം അവസാനിച്ചതും മറക്കരുത് . അതുസംബന്ധിച്ച് ഡൽഹിയിൽ പറഞ്ഞു കേട്ടിരുന്നു എന്ന് പറയുന്നത്, ഓരോ ഇന്റലിജിൻസ് റിപ്പോർട്ടിന്റെ കാര്യമാണ്. നിർദ്ദേശിക്കപ്പെട്ടവരുടെ യഥാർഥചിത്രം കേന്ദ്രത്തിന് മുന്നിലുള്ളപ്പോൾ പിന്നെയെങ്ങനെ നിയമിക്കും?. എങ്ങിനെ അതറിയുന്ന സുപ്രീം കോടതിക്ക് അക്കാര്യത്തിൽ നിർബന്ധിക്കാൻ പറ്റും ?. ഇത്തരത്തിൽ സമ്പൂർണ്ണ അന്വേഷണം നടക്കുന്നു എന്നത് ഇപ്പോൾ സുപ്രീം കോടതിക്കുംഹൈക്കോടതികൾക്കും നന്നായറിയാം. മുൻപ് ഇവിടെ സംഭവിച്ചത് പോലെ, ജഡ്ജിമാരെ ജയിലിൽ അടക്കേണ്ടുന്ന അവസ്ഥ ഒഴിവാക്കപ്പെടണം എന്നത് സർക്കാരിന്റെ പ്രധാന പരിഗണനയാണ്. സ്വാഭാവികമായും പലരും നിരാശരാവുന്നു. ജഡ്ജിമാരാവുന്നതിന് കുപ്പായമിട്ടവർ മാത്രമല്ല അവരിൽ പ്രതീക്ഷ അർപ്പിച്ച രാഷ്ട്രീയക്കാരും മറ്റും ദു:ഖിതരായാൽ കുറ്റപ്പെടുത്താനാവില്ലല്ലോ. ആത്യന്തികമായി ലക്‌ഷ്യം, നീതിപീഠം നീതിപൂർവമാവണം എന്നത് മാത്രമാണ്.
ഇതുമാത്രമല്ല കോടതികൾക്കായി നരേന്ദ്ര മോഡി സർക്കാർ ചെയ്തത്. കോടതികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻപെന്നത്തേക്കാൾ പണം നീക്കിവെക്കാനും ചിലവഴിക്കാനും ഇക്കാലത്തു സർക്കാർ തയ്യാറായി. 1993- 2014 കാലഘട്ടത്തിൽ ഇതിനായി ചെലവിട്ടത് 3,444 കോടി രൂപയാണ്. 2014- 18 കാലത്ത് ചെലവിട്ടത് 2655. 94 കോടി രൂപയാണ്. ഈ കണക്കിൽ നിന്ന് തന്നെ മോഡി സർക്കാരിന്റെ താല്പര്യങ്ങൾ വ്യക്തമല്ലേ. മറ്റൊന്ന്, 2014 ജൂൺ 30 ന് രാജ്യത്തുണ്ടായിരുന്ന കോർട്ട് ഹാളുകൾ 15,818 എണ്ണമാണ് ; അത് 2017 ഡിസംബർ 31 ന് 17, 986 ആയി ഉയർന്നു. ഇപ്പോൾ നിർമ്മാണത്തിലുള്ളത് 3,151 എണ്ണവും. അതുപോലെ ജഡ്ജിമാരുടെ ഔദ്യോഗിക വസതികൾ 2014 ജൂൺ 30 ന് ഉണ്ടായിരുന്നത് 10, 211 എണ്ണം. അത് 2017 ഡിസംബർ 31ന് 14, 986 എണ്ണവും. നിർമ്മാണം നടക്കുന്നത് 1,785 എണ്ണമാണ്. നീതിപീഠങ്ങളോട് എത്ര മാത്രം താല്പര്യം സർക്കാർ പുലർത്തി എന്നതിന് വേറെന്ത് തെളിവാണ് വേണ്ടത്?. ഇനിയും ജഡ്ജിമാരുടെ ഒഴിവുകളുണ്ട്; അത് നികത്തണം; അതിനാവശ്യമായ നടപടികൾ നടക്കുന്നുണ്ട്. അതിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും അത്രക്കൊക്കെ ബേജാറാവേണ്ട കാര്യമൊന്നുമില്ല.
Post Your Comments