Latest NewsArticleParayathe VayyaNews StoryWriters' Corner

ഇടതുപക്ഷത്തെ ആ അസാധുവോട്ട് ആരുടേത്? സിപിഎമ്മിലെ ഘടകകക്ഷി എംഎല്‍എമാര്‍ സംശയത്തിന്റെ നിഴലില്‍

കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലെ ഒരു അസാധുവോട്ടാണ് ഇപ്പോഴത്തെ ചര്‍ച്ച. കേരളത്തിൽ നിന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി എം പി വീരേന്ദ്ര കുമാറാണ് വിജയിച്ചത്. വീരേന്ദ്ര കുമാറിന് 89 വോട്ടുകൾ ലഭിച്ചപ്പോൾ യു ഡി എഫ് സ്ഥാനാർഥി പ്രസാദ് ബാബുവിന് 40 വോട്ടുകൾ ലഭിച്ചു. ഇടതുപക്ഷത്തെ ഒരു വോട്ട് അസാധുവായിരുന്നു. ഇത് ആരാണെന്ന ആകാംക്ഷ തല്‍ക്കാലം തുടരും.

ജനതാദൾ (യു) യുഡിഎഫ് വിട്ടതിനെത്തുടർന്നു വീരേന്ദ്രകുമാർ എം പി സ്ഥാനം രാജി വെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ സംബന്ധിച്ചു യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത് മൂലം വോട്ടെണ്ണൽ തടസപ്പെട്ടിരുന്നു. പോളിംഗ് ഏജന്റുമാരെ നിയോഗിക്കാതെ നടത്തിയ വോട്ടെടുപ്പ് ആയതിനാലാണ് യുഡിഎഫ് പരാതി ഉയര്‍ത്തിയത്. എല്‍ഡിഎഫ് കക്ഷികളില്‍ സിപിഎം മാത്രമാണ് പോളിംഗ് ഏജന്റിനെ നിയോഗിച്ചത്. എന്നാല്‍ മറ്റു കക്ഷികളായ സിപിഐ, ജനതാദള്‍ എസ്, എന്‍സിപി എന്നിവ പോളിംഗ് ഏജന്റുമാരെ നിയോഗിച്ചിരുന്നില്ല. വോട്ടുചെയ്യുന്നവര്‍ തങ്ങളുടെ പാര്‍ട്ടി നിയോഗിച്ച പോളിംഗ് ഏജന്റുമാരെ കാണിച്ചശേഷമേ ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കാന്‍ പാടുള്ളൂ എന്നാണ് ചട്ടം. ഈ ചട്ടം ലംഘിച്ചതിനെതിരെ യുഡിഎഫ് പരാതി നല്‍കിയെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി തള്ളി.

പാര്‍ട്ടിക്കല്ലാതെ, മുന്നണിയ്ക്ക് ഒരു ഏജന്റിനെ നിയോഗിക്കാന്‍ അനുവാദമില്ല. സ്വന്തം പാര്‍ട്ടി നിയോഗിക്കുന്ന ഏജന്റുമാരെ അല്ലാതെ മറ്റാരെയും എംഎല്‍എമാര്‍ക്ക് വോട്ട് രേഖപ്പെടുത്തിയത് കാണിക്കാനും പാടില്ല. മറ്റൊരു പാര്‍ട്ടിയുടെ ഏജന്റിനെ വോട്ട് രേഖപ്പെടുത്തിയത് കാട്ടിയാല്‍ ആ വോട്ട് അസാധുവാകും. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ അക്കത്തില്‍ ഒന്ന് രേഖപ്പെടുത്തിയായിരുന്നു വോട്ട് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അസാധുവായ ബാലറ്റില്‍ ഒന്നിനു പകരം ചിത്രം വരച്ചതു പോലെയായിരുന്നു. മഷിയും പടര്‍ന്നിരുന്നു.

ഇടതുപക്ഷത്തെ സിപിഎം ഒഴികെയുള്ള മുഴുവന്‍ ഘടകകക്ഷി എംഎല്‍എമാരും സംശയത്തിന്റെ നിഴലിലാണ്. ബാലറ്റ് പേപ്പറിലെ കൗണ്ടര്‍ പോയില്‍ ഒത്തുനോക്കിയാല്‍ അസാധുവിനെ നിഷ്പ്രയാസം കണ്ടെത്താന്‍ കഴിയും. വോട്ട് അസാധുവാക്കിയത് ആരെന്ന് കണ്ടുപിടിക്കാന്‍ കഴിയുമെങ്കിലും അതിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ ആവില്ലെന്നാണ് നിയമസഭാ സെക്രട്ടറി അറിയിക്കുന്നത്. ബാലറ്റ് പേപ്പറുകള്‍ മുദ്രവെച്ച കവറില്‍ ആക്കികഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ അത് അയച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും രാജ്യസഭാ തെരഞ്ഞെടുപ്പിലെ അസാധു തല്‍ക്കാലം അജ്ഞാതനായി തന്നെ തുടരും.

അനില്‍ കുമാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button