സ്വകാര്യ വ്യക്തിയില്‍ നിന്ന് റവന്യു വകുപ്പ് ഏറ്റെടുത്ത ഒരു കോടിയോളം രൂപ മതിപ്പു വിലയുള്ള പുറമ്പോക്ക് ഭൂമി അതേ വ്യക്തിയ്ക്ക് തന്നെ സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ തിരികെ നല്‍കിയെന്നു ആരോപണം. കോണ്ഗ്രസ് പ്രവര്‍ത്തകനും കുടുംബ സുഹൃത്തുമായ വ്യക്തിയ്ക്ക് വസ്തു തിരിച്ചു നല്‍കിയതിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുകയാണ്. ജി കാര്‍ത്തികേയന്റെ ജന്മ സ്ഥലമാണ് വര്‍ക്കല. അദ്ദേഹത്തിന്‍റെ സഹപാഠിയും ഉറ്റസുഹൃത്തുമായിരുന്ന അഡ്വ. അനില്‍ കുമാറിന്റെ പിതൃസഹോദരന്റെ മകന്‍ കൃഷ്ണകുമാറിനാണ് സബ് കലക്ടറുടെ ഉത്തരവിലൂടെ ആനുകൂല്യം ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സബ് കലക്ടറുടെ തീരുമാനത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിമര്‍ശനമുണ്ട്.
കലക്ടര്‍ സ്വജന പക്ഷപാതം നടത്തിയെന്നാണ് ആരോപണം. ജി കാര്‍ത്തികേയന്‍ എന്ന ആദരണീയനായ നേതാവിന്റെ മരണത്തിലൂടെ ഉയര്‍ന്നു വന്ന നേതാവാണ് കെ എസ് ശബരിനാഥ്. കാര്‍ത്തികേയന്‍ എന്ന ജനകീയ നേതാവിനോടുള്ള സ്നേഹം അരുവിക്കരിയിലെ ജനങ്ങള്‍ വോട്ടായി ശബരിയ്ക്ക് നല്‍കി. എന്നാല്‍ ആ സ്നേഹത്തിനു അര്‍ഹിക്കുന്ന പരിഗണന അരുവിക്കരയിലെ ജനങ്ങള്‍ക്ക് നല്കാന്‍ ഇതുവരെയും എം എല്‍ എ ആയ ശബരിയ്ക്ക് സാധിച്ചിട്ടില്ല എന്ന വിമര്‍ശനം ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ഭാര്യയും ഭൂമി ഇടപാടില്‍ വിവാദത്തില്‍ ആയിരിക്കുന്നത്. രണ്ടു വട്ടം എം എല്‍ എ ആയി അരുവിക്കരയെ സേവിക്കുന്ന ഈ യുവ എഞ്ചിനിയര്‍ അരുവിക്കര മണ്ഡലത്തിനായി നിയമ സഭയില്‍ ക്സാര്യമായി സംസാരിക്കാനോ ഇടപെടല്‍ നടത്താനോ ശ്രമിച്ചിട്ടില്ല. ഇത്തരം വിമര്‍ശങ്ങള്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ ഉയരുന്ന സാഹചര്യത്തില്‍ കുടുംബ സുഹൃത്തിന് ഭൂമി വിട്ടു കൊടുത്തത്തിലൂടെ ഭാര്യ ദിവ്യയും വിവാദത്തിലായിരിക്കുകയാണ്.
രാഷ്ട്രീയവും അധികാരവും കുടുംബ ജീവിതത്തിലോ വഴി വിട്ട സഹായങ്ങള്‍ക്കോ ഉപയോഗിക്കില്ലെനും പൊതു ജന സേവനങ്ങള്‍ക്ക് മാത്രമാണ് ലക്ഷ്യമെന്നും പറയുന്ന യുവ നേതാവും ഭാര്യയും ഇപ്പോള്‍ വിവാദത്തില്‍ ആയത് സ്വജന പക്ഷപാതത്തെ തുടര്‍ന്നാണ്. ഭതൃപിതാവിന്റെ സുഹൃത്തിന്റെ കുടുംബത്തിനായി ചട്ട ലംഘനം നടത്തിയെന്നാണ് ആരോപണം. വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലെ റോഡ് സൈഡിലുള്ള ഭൂമിയാണ് വിവാദ ഇടം. കഴിഞ്ഞ ജൂലൈ 19 ന് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈവശം വെച്ചുവെന്ന് കണ്ടെത്തി വര്‍ക്കല തഹസീല്‍ദാര്‍ എന്‍ രാജു സ്വകാര്യ വ്യക്തിയില്‍ നിന്നും ഈ 27 സെന്റ് ഭൂമി തിരിച്ചുപിടിച്ചെടുത്തിരുന്നു. നിയമം അനുസരിച്ച് നോട്ടീസ് നൽകി നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കിയായിരുന്നു ഏറ്റെടുക്കൽ. റോഡരികിലെ കണ്ണായ ഭൂമിയിൽ പൊലീസ് സ്റ്റേഷൻ പണിയാനുള്ള നടപടികളുമായി പഞ്ചായത്ത് മുന്നോട്ട് പോകുന്നതിനിടെയാണ് വീണ്ടും വിവദം ഉണ്ടായിരിക്കുന്നത്.
റീ സര്‍വ്വെ 227 ൽ പെട്ട 27 സെന്റിനെ ചൊല്ലിയാണ് തര്‍ക്കം. തഹസിൽദാറുടെ നടപടി റദ്ദാക്കുന്ന സബ്കളകര്ടറുടെ ഉത്തരവിൽ ഇതെ കുറിച്ച് വ്യക്തമായൊന്നും പറയുന്നില്ല. തീരുമാനമെടുക്കും മുൻപ് തഹസിൽദാറെ കേൾക്കാൻ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. അതേ സമയം കയ്യേറ്റമെന്ന് തെളിയിക്കുന്ന രേഖകൾ ഹാജറാക്കാൻ താലൂക്ക് ഓഫീസിന് കഴിഞ്ഞില്ലെന്നും ലഭ്യമായ രേഖകളെല്ലാം പരിശോധിച്ച് തന്നെയാണ് ഉത്തരവിറക്കിയതെന്നുമാണ് സബ് കളക്ടര്‍ ദിവ്യ എസ് അയ്യരുടെ വിശദീകരണം. 2009ലെ കേരള ഭൂസംരക്ഷണ നിയമത്തിലെ ഭേദഗതി പ്രകാരം സര്‍ക്കാര്‍ ഭൂമി കൈയേറ്റക്കാരന് മൂന്നുവര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവും അരലക്ഷം മുതല്‍ രണ്ടുലക്ഷം രൂപ വരെ പിഴയും ഈടാക്കാന്‍ നിയമം ശുപാര്‍ശ ചെയ്യുന്നുണ്ട്. എന്നാല്‍ സബ് കലക്ടര്‍ കുടുംബ സുഹൃത്തിന് ചട്ടം ലംഘിച്ചു സഹായം ചെയ്തിരിക്കുകയാണെന്നാണ് ആക്ഷേപം.
വര്‍ഷങ്ങളായി സ്വകാര്യവ്യക്തി അനധികൃതമായി കൈവശം വച്ചിരുന്ന ഈ ഭൂമി ഏറ്റെടുക്കണമെന്നു ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും വിവിധ സന്നദ്ധ സംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് പ്രകാരം റീസര്‍വേ 227ല്‍പ്പെട്ട 11 ആര്‍ (27 സെന്റ്) റോഡ് പുറമ്പോക്ക് ഭൂമി 2017 ജൂലൈ 19നാണ് ഒഴിപ്പിച്ചെടുത്തത്. തുടര്‍ന്നു പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭൂമി ഏറ്റെടുത്തതു മൂലം തന്റെ പിറകിലുള്ള വസ്തുവിലേക്കു വഴി നഷ്ടമായി, വെള്ളപ്പൊക്കത്തില്‍ നഷ്ടമായ ഭൂമിക്കു പകരം അനുവദിക്കണം, തന്റെ ഭാഗം കേള്‍ക്കാതെയാണു റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുത്തത് തുടങ്ങിയ കാര്യങ്ങളായിരുന്നു ഇയാള്‍ കോടതിയില്‍ വിശദീകരിച്ചത്. ഇതു പരിഗണിച്ച ഹൈക്കോടതി പരാതിക്കാരന്റെ ഭാഗം കേട്ട് ഉചിതമായ തീരുമാനമെടുക്കാന്‍ ഉത്തരവിട്ടു. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സബ് കലക്ടര്‍ കൈയേറിയ കക്ഷിയെ നോട്ടീസ് നല്‍കി വിളിപ്പിച്ച് അവരുടെ ഭാഗം മാത്രം കേട്ട് ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കി ഇയാള്‍ക്ക് അനുകൂലമായ ഉത്തരവ് നല്‍കുകയായിരുന്നു.
ഭൂമി ഏറ്റെടുക്കലിനു നേതൃത്വം നല്‍കിയ റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗം കേള്‍ക്കാന്‍ പോലും സബ് കലക്ടര്‍ തയ്യാറായിരുന്നില്ല. മാത്രമല്ല, ഫെബ്രുവരി 24നു പുറപ്പെടുവിച്ച ഉത്തരവില്‍ റദ്ദാക്കലിന്റെ കാരണം വ്യക്തമായി പ്രതിപാദിച്ചിട്ടുമില്ല. ഇത്തരം ദുരൂഹത നിലനില്‍ക്കെയാണു റവന്യൂ വകുപ്പ് അന്വേഷണത്തിനു നിര്‍ദേശിച്ചത്. സബ് കലക്ടറുടെ നടപടിക്കെതിരേ സ്ഥലം എംഎല്‍എ വി ജോയി, ഇലകമണ്‍ പഞ്ചായത്ത് ഭരണസമിതി, വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്നിവര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും വ്യക്തി ജീവിതത്തിലും പൊതു പ്രവര്‍ത്തനത്തിലും കളങ്കം ഉണ്ടാക്കാന്‍ മനപൂര്‍വ്വം തയ്യാറാക്കിയ വിവദമാണെന്നും ശബരി നാഥ് പറയുന്നു. എന്തായാലും സര്‍ക്കാര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ നടപടി എടുത്തേയ്ക്കും എന്നാണു സൂചന.
Post Your Comments