
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ ‘ ദുരൂഹ സമാധി’ കല്ലറ പൊളിക്കുമെന്ന് സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡ്. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കല്ലറ എന്ന് പൊളിക്കണം എന്നുള്ള തീരുമാനം നാളെ എടുക്കുമെന്നും സബ് കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാം നിയമപരമായിട്ടാണ് മുന്നോട്ടുപോകുന്നത്. ജില്ലാ ഭരണകൂടത്തിന്റെ ഭാഗം കുടുംബത്തെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഇന്ന് കല്ലറ പൊളിക്കാതിരുന്നത്. ഇനിയൊരു ചര്‍ച്ചയുടെ ആവശ്യമില്ലെന്നും കല്ലറ എന്ന് പൊളിക്കണമെന്ന് നാളെ തീരുമാനിക്കുമെന്നും സബ് കളക്ടര്‍ അറിയിച്ചു. സംഭവം മതപരമായ വിഷയമുണ്ടാക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിക്കുന്നില്ല. ഇതില്‍ ഉണ്ടായിട്ടുള്ള അസ്വാഭാവികത പുറത്തുകൊണ്ടുവരിക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടുംബാംഗങ്ങള്‍ക്ക് പിന്നാലെ നാട്ടുകാരില്‍ ചിലരും പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് തത്കാലം ഇന്ന് കല്ലറ തുറക്കേണ്ടെന്ന് സബ് കളക്ടര്‍ ആല്‍ഫ്രഡ് തീരുമാനിച്ചത്. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു നടപടി. സമാധി തുറക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ച് പ്രതിഷേധിച്ച കുടുംബത്തെ സ്ഥലത്ത് നിന്ന് നീക്കിയെങ്കിലും പിന്നീട് ചിലര്‍ സമാധി തുറക്കുന്നതിനെതിരെ രംഗത്തെത്തുകയായിരുന്നു. ഇതോടെ കല്ലറ തുറന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന നാട്ടുകാരും തുറക്കരുതെന്ന് പറയുന്നവരും തമ്മില്‍ തര്‍ക്കമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നതോടെയാണ് നടപടി നിര്‍ത്തിവെക്കാന്‍ സബ് കളക്ടര്‍ തീരുമാനിച്ചത്.
Post Your Comments