KeralaLatest NewsNews

ഈ അതിമോഹവും ആർത്തിയും അവസാനിപ്പിച്ചില്ലെങ്കിൽ സംഭവിക്കാന്‍ പോകുന്നത് ഓര്‍മപ്പെടുത്തി വി.എസിന് പഴയ വിശ്വസ്തന്‍ കെ.എം ഷാജഹാന്റെ തുറന്ന കത്ത്

ബഹു.ശ്രീ.വി എസ്.അച്യുതാനന്ദന്, അങ്ങേയ്ക്ക് വേണ്ടി ഒട്ടേറെ തുറന്ന കത്തുകൾ തയ്യാറാക്കേണ്ടി വന്ന എനിക്ക് ഇങ്ങനെയൊരു തുറന്ന കത്തെഴുതേണ്ടി വന്നതിൽ ഖേദമുണ്ട് എന്ന് ആദ്യം തന്നെ സൂചിപ്പിക്കട്ടെ. മനഃസാക്ഷിയോട് നീതി പുലർത്താൻ വേണ്ടിയാണ് ഇങ്ങനെയൊരു കത്തെഴുതുന്നത്.

കാൽ നൂറ്റാണ്ട് കാലം സിപിഐഎം ഭരിച്ചിരുന്ന ത്രിപുരയിൽ ഇത്തവണ അധികാരം നഷ്ടപ്പെടുകയും അവിടെ ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് അധികാരത്തിൽ വരികയുമുണ്ടായല്ലോ. തുടർന്ന് ത്രിപുരയിൽ നാല് പ്രാവശ്യം മുഖ്യമന്ത്രിയായിരുന്ന മണിക് സർക്കാർ രാജിവെച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ മാണിക് സർക്കാരിന്റെ വീട്മാറ്റം ദേശീയ മാധ്യമങ്ങൾ വലിയ വാർത്തയാക്കിയത് അങ്ങ് അറിഞ്ഞുകാണുമല്ലോ.

മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ(അതും നീണ്ട 20 വർഷക്കാലം) മാണിക് സർക്കാർ ഭാര്യ പാഞ്ചാലി ഭട്ടാചാര്യയോടൊപ്പം താമസം മാറ്റിയത് താൻ മുഖ്യമന്ത്രിയായി 20 വർഷക്കാലം ജീവിച്ച ഔദ്യോഗിക ബംഗ്ലാവിന്റെ അര കിലോമീറ്റർ മാത്രം ദൂരത്തുള്ള പാർട്ടി ഗസ്റ്റ് ഹൗസിന്റെ രണ്ട് മുറികളിൽ ഒന്നിലേക്കായിരുന്നു. പാർട്ടി അടുക്കളയിൽ തയ്യാറാക്കുന്ന ഭക്ഷണമായിരിക്കും താനും ഭാര്യയും കഴിക്കുക എന്നും മാണിക് സർക്കാർ വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിനോടൊപ്പം, ഏതാനും ദിവസങ്ങൾക്ക് മുമ്പ് കൊൽക്കത്തയിൽ നിന്ന് വന്ന രണ്ട് വാർത്തകൾ കൂടി അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തട്ടെ. രോഗബാധിതനായ മുൻ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ മൂക്കിലിട്ട ഒരു ട്യൂബുമായി പാർട്ടി സംസ്ഥാന സമ്മേളനത്തിനായി കാറിൽ വന്നിറങ്ങുന്നതായി ആദ്യ വാർത്ത. താൻ ഭാര്യ മീര ഭട്ടാചാര്യയോടൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റ് നന്നാക്കിത്തരണമെന്നും ചുറ്റുമുള്ള കാട് പിടിച്ച് കിടന്നിരുന്ന ഭാഗങ്ങൾ വെട്ടിവൃത്തിയാക്കണമെന്നും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയോട് ബുദ്ധദേബ് ആവശ്യപ്പെട്ടു എന്നതായിരുന്നു രണ്ടാമത്തെ വാർത്ത. മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ ഭാര്യയോടൊപ്പം ഒരു സ്വകാര്യ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുകയാണ് എന്നാണ് ബംഗാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ത്രിപുരയിൽ ഒരു പതിറ്റാണ്ട് കാലം മുഖ്യമന്ത്രിയായിരുന്നതിന് ശേഷം അധികാരത്തിന്റെ പടിയിറങ്ങി നൃപൻ ചക്രവർത്തി കൂടെ കൊണ്ടുപോന്നത് ഒരു ഇരുമ്പ് പെട്ടി മാത്രമായിരുന്നു!
ഈ വാർത്തകളുടെ പശ്ചാത്തലത്തിലാണ് അങ്ങയുമായി ബന്ധപ്പെട്ട് വന്ന ഒരു വാർത്ത വായിക്കാനിടയായത്. ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനായി ഇരുന്നു കൊണ്ട് അങ്ങ് ശമ്പളം, ടിഎ, ചികിത്സാചെലവ്, വിമാന യാത്ര എന്നീ ഇനങ്ങളിലായി കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ 12.95 ലക്ഷം രൂപ സർക്കാരിൽ നിന്ന് കൈപ്പറ്റി എന്നതായിരുന്നു ആ വാർത്ത. ഭരണപരിഷ്‌കാര കമ്മീഷന് വേണ്ടി ഇക്കാലത്ത് സർക്കാർ ഖജനാവിൽ നിന്ന് 2.5 കോടിയിലധികം രൂപ ചെലവഴിക്കപ്പെട്ടു എന്നും വാർത്തയിലുണ്ടായിരുന്നു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് എംഎൽഎയായ അങ്ങേക്ക് വേണ്ടി പ്രത്യേകം രൂപീകരിച്ചതായിരുന്നല്ലോ ഭരണപരിഷ്‌കാര കമ്മീഷൻ. അതിന് വേണ്ടി അങ്ങേക്ക് ഇരട്ടപദവി വഹിക്കാൻ വേണ്ടി നിയമവും പാസാക്കിയിരുന്നല്ലോ. സർക്കാർ കീറക്കടലാസിന്റെ പോലും വില കൽപ്പിക്കാത്ത കുറെ റിപ്പോർട്ടുകൾ പടച്ചുണ്ടാക്കാൻ വേണ്ടി മാത്രം രൂപീകരിച്ച ഈ കമ്മീഷൻ, അങ്ങേക്ക് ഈ പ്രായത്തിലും അധികാരത്തിലിരിക്കാൻ വേണ്ടി മാത്രം രൂപീകരിച്ചതാണ് എന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്? ആ അധികാര സ്ഥാനത്തിരുന്ന് കൊണ്ട് അങ്ങ് ഖജനാവിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വാങ്ങിയെടുത്തു കൊണ്ടിരിക്കുകയാണ്. ഇത് കടുത്ത അനീതിയല്ലേ? പൊതുപണം ഇങ്ങനെ ചോർത്തുന്ന് ശരിയാണോ?

നൃപൻ ചക്രവർത്തിയുടെയും മാണിക് സർക്കാരിന്റെയും ബുദ്ധദേബിന്റെയും ലളിത ജീവിതപാത തുടരാൻ എന്തുകൊണ്ട് അങ്ങേക്ക് കഴിയുന്നില്ല? 1967ലാണ് അങ്ങ് ആദ്യമായി എംഎൽഎ ആകുന്നത്. അതിന് ശേഷം 1970ലും 1991ലും 2001ലും 2006ലും 2011ലും അങ്ങ് എംഎൽഎയായി. 2016ൽ വീണ്ടും ജയിച്ച അങ്ങ് ഇപ്പോഴും എംഎൽഎയായി തുടരുകയാണ്. മൊത്തം 7 തവണയാണ് അങ്ങ് എംഎൽഎയായത്. ഇതിനിടെ 1980-92 കാലത്ത് അങ്ങ് പാർട്ടി സെക്രട്ടറിയായിരുന്നു. 1985 മുതൽ നീണ്ട 24 വർഷക്കാലം അങ്ങ് പാർട്ടി പോളിറ്റ് ബ്യൂറോ അംഗമായിരുന്നു. 1996- 2001ൽ എൽഡിഎഫ് കൺവീനറായിരുന്നു. 2001-06ലും 2011-16ലും അങ്ങ് പ്രതിപക്ഷ നേതാവായിരുന്നു. 2006-11ൽ മുഖ്യമന്ത്രിയായിരുന്നു.
2016 മുതൽ എംഎൽഎയും ഭരണപരിഷ്‌കാരം കമ്മീഷൻ ചെയർമാനുമാണ്.

അങ്ങ് സിപിഐഎമ്മിൽ എത്തിയിട്ട് 54 വർഷങ്ങളായി. അതിൽ 49 വർഷവും അങ്ങ് ഒന്നുകിൽ എംഎൽഎയോ പ്രതിപക്ഷ നേതാവോ മുഖ്യമന്ത്രിയോ ആയിരുന്നു. അല്ലെങ്കിൽ പിബി അംഗമോ, പാർട്ടിസെക്രട്ടറിയോ ആയിരുന്നു. അതായത് സിപിഐഎമ്മിൽ എത്തിയതിന് ശേഷമുള്ള 54 വർഷത്തിൽ 5 വർഷം ഒഴിച്ച് ബാക്കി കാലമത്രയും അങ്ങയുടെ ജീവിതച്ചെലവുകൾ വഹിച്ചിരുന്നത് ഒന്നുകിൽ സർക്കാരോ അല്ലെങ്കിൽ പാർട്ടിയോ ആയിരുന്നു!

ഇപ്പോഴും അങ്ങ് എംഎൽഎയാണ്. ചുരുങ്ങിയത് ഒരു ലക്ഷം രൂപയുടെ വരുമാനമെങ്കിലും ഒരു എംഎൽഎക്ക് പ്രതിമാസം ലഭിക്കും. അങ്ങയുടെ രണ്ട് മക്കളും ലക്ഷത്തിലധികം രൂപ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരാണ്. ഇരുവരും തിരുവനന്തപുരം നഗരത്തിലാണ് താമസം. അവർക്ക് രണ്ട് പേർക്കും നഗരത്തിൽ വലിയ വീടുകളുമുണ്ട്. അങ്ങേക്കും ഭാര്യക്കും കൂടി ബാങ്കിൽ 15 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട് എന്നാണ് അങ്ങ് 2016ൽ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ നിന്ന് വ്യക്തമാകുന്നത്. അങ്ങയുടെ ഭാര്യയുടെ പേരിലുള്ള ഭൂസ്വത്തിന് ലക്ഷങ്ങൾ വിലയുണ്ട് എന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു.അങ്ങ് എംഎൽഎയായി തുടരുകയായിരുന്നു. എങ്കിലും അങ്ങേക്ക് ഇന്ന് ലഭിക്കുന്ന മിക്കവാറും എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമായിരുന്നു. കേരളത്തിലെ സിപിഐഎം രൂപീകരിച്ച 32 പേരിൽ ഇനി ജീവിച്ചിരിക്കുന്ന ഒരേ ഒരു നേതാവ് അങ്ങ് മാത്രമാണ്. പാർട്ടി വളർത്തുന്നതിന് വേണ്ടി അങ്ങ് ഏറ്റുവാങ്ങിയ പീഡനങ്ങൾക്കും ത്യാഗങ്ങൾക്കും സമാനതകളില്ല. പക്ഷെ അതിന് എത്രയോ ഇരട്ടി ആനുകൂല്യങ്ങൾ അങ്ങ് തിരികെ ഖജനാവിൽ നിന്നും മറ്റുമായി വാങ്ങി എന്നത് പച്ചയായ ഒരു സത്യമല്ലേ?

ഈ 94ാം വയസിലും അങ്ങ് ഖജനാവിൽ നിന്ന് യാതൊരു നീതീകരണവുമില്ലാതെ ലക്ഷങ്ങൾ വാങ്ങിക്കൊണ്ടിരിക്കുകയല്ലേ? കേരളത്തിലെ സിപിഎമ്മിന്റെ ചരിത്രത്തിൽ ഇത്ര നീണ്ട കാലം ഏതെങ്കിലും ഒരു അധികാര സ്ഥാനത്ത് തുടർന്ന മറ്റൊരു നേതാവിനെ ചൂണ്ടിക്കാട്ടാനാവുമോ?

അതേസമയം അങ്ങയെ മുഖ്യമന്ത്രിയാക്കാനും പ്രതിപക്ഷ നേതാവാക്കാനും മറ്റും വിയർപ്പൊഴുക്കി പണിയെടുത്ത, പാർട്ടി നേതൃത്വത്തോട് അങ്ങേക്ക് വേണ്ടി പൊരുതി പരാജയപ്പെട്ട പതിനായിരക്കണക്കിന് പാർട്ടി സഖാക്കൾ ഇപ്പോഴും അനാഥ പ്രേതങ്ങളെ പോലെ നിരാലംബരായി അലയുകയല്ലേ? ഏറ്റവും അവസാനം, അങ്ങേക്ക് വേണ്ടി പതിറ്റാണ്ടുകൾ പാർട്ടി നേതൃത്വത്തോട് നിശിതമായി ഏറ്റുമുട്ടിയ പിരപ്പൻകോട് മുരളിയും, സികെ സദാശിവനും നിർദയം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പുറത്താക്കപ്പെടുകയായിരുന്നില്ലേ? അധികാരത്തിന്റെ ശീതളച്ഛായയിൽ അഭിരമിക്കുന്ന അങ്ങ് എന്തുകൊണ്ട് അവർക്ക് വേണ്ടി ഒരു വാക്ക് മിണ്ടിയില്ല?
നൃപൻ ചക്രവർത്തി, മാണിക് സർക്കാർ, ബുദ്ധദേബ് ഭട്ടാചാര്യ എന്നിവരോടൊപ്പം നീണ്ടകാലം പോളിറ്റ് ബ്യൂറോയിൽ ഇരുന്ന നേതാവാണ് അങ്ങ്. അവരേക്കാളൊക്കെ പീഡനങ്ങളും, ത്യാഗങ്ങളും സിപിഐഎം എന്ന പാർട്ടി വളർത്താൻ അങ്ങ് സഹിച്ചിട്ടുണ്ട്. പക്ഷെ അവരെ പോലെ ലളിത ജീവിതം നയിച്ച് മാതൃക സൃഷ്ടിക്കാൻ അങ്ങ് തയ്യാറല്ല.

അധികാരവും പണവും ആവോളം ഇല്ലാതെ മുന്നോട്ട് പോകാൻ അങ്ങേക്ക് കഴിയില്ല എന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം തെളിഞ്ഞിരിക്കുന്നു. ഈ അതിമോഹവും ആർത്തിയും അങ്ങ് അവസാനിപ്പിച്ചില്ലെങ്കിൽ, കേരള പൊതുസമൂഹം അങ്ങേക്ക് നൽകിയിരിക്കുന്ന ബഹുമാനവും സ്നേഹവും ഇല്ലാതാകാൻ ഇടയാക്കും എന്നറിയിക്കട്ടെ. ത്യാഗങ്ങൾക്കും പീഡനത്തിനും പകരം സർക്കാർ ഖജനാവിൽ നിന്ന് കോടികളുടെ ആനുകൂല്യങ്ങൾ കൈപ്പറ്റിക്കൊണ്ടിരുന്നാൽ പിന്നെ ത്യാഹത്തിനും പീഡനത്തിനും ഒക്കെ എന്ത് വിലയാണ് ഉണ്ടാവുക? അതുകൊണ്ട് ഖജനാവിൽ നിന്ന് കോടികൾ ചോർത്തുന്ന വെള്ളാനയായ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം എത്രയും വേഗം വിട്ടൊഴിഞ്ഞ്, ഇനിയുള്ള കാലം ലളിത ജീവിതം നയിച്ച് പാർട്ടി അണികൾക്കും ജനങ്ങൾക്കും മാതൃകയാകാൻ ശ്രമിക്കണം എന്ന് അങ്ങയോട് താഴ്മയായി അപേക്ഷിക്കുന്നു.

എന്ന്
വിധേയൻ

കെ.എം ഷാജഹാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button