KeralaLatest NewsNews

ശകുന്തളയെ വിഷം കൊടുത്ത് കൊലപ്പെടുത്തി വീപ്പയിലാക്കി കോണ്‍ക്രീറ്റ് നിറച്ചു : പിന്നില്‍ മൂന്ന് പേര്‍

കൊച്ചി: കുമ്പളത്ത് കോണ്‍ക്രീറ്റ് വീപ്പയിലെ ക്രൂരമായ കൊലപാതകത്തെ കുറിച്ച് പൊലീസില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ച. ശകുന്തളയെ അടുത്തറിയാവുന്നവരാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പൊലീസ്.

കൊലപാതകം പണത്തിന് വേണ്ടിത്തന്നെയെന്ന് വിവരം. ശകുന്തളയുടെ അക്കൗണ്ടില്‍ മുമ്പ് ആറുലക്ഷത്തോളം രൂപ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അത്രയും രൂപയില്ലെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. മുംബൈ, ന്യൂഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ വീട്ടുജോലി ചെയ്തും, കുട്ടികളെ പരിപാലിച്ചുമാണ് ശകുന്തള പണം സമ്പാദിച്ചത്. കൂടാതെ മകന്‍ വാഹനാപകടത്തില്‍പ്പെട്ടപ്പോള്‍ ലഭിച്ച ഇന്‍ഷുറന്‍സ് തുകയും, വേങ്ങൂരിലെ മൂന്നുസെന്റ് സ്ഥലം വിറ്റ കാശും അടക്കമുള്ള തുകയാണ് ശകുന്തളയുടെ പക്കലുണ്ടായിരുന്നത്. ഇതില്‍ കുറച്ചു തുക അകന്ന ബന്ധുവിന് പലിശയ്ക്ക് നല്‍കിയിരുന്നതായി പോലീസ് കണ്ടെത്തി.

മറ്റു സംസ്ഥാനങ്ങളിലെ ജോലി അവസാനിപ്പിച്ച് നാട്ടില്‍ സ്വന്തമായി ഒരു വീടുവാങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു ശകുന്തള. ഇതിനിടെയാണ് അപകടത്തില്‍ ഇടതു കണങ്കാലിന് പരിക്കേറ്റത്. കണങ്കാലിന് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കുമ്പോഴാണ് ശകുന്തള ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുന്നത്. 2016 സെപ്തംബര്‍ മുതലാണ് ശകുന്തളയെ കാണാതാകുന്നത്. വാഹനാപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ മകന്‍ ഇതിനിടെ ആത്മഹത്യ ചെയ്തിരുന്നു. മകള്‍ അശ്വതിയുമായി പിണങ്ങി മുംബൈയിലും മറ്റുമുള്ള ബന്ധു വീടുകളില്‍ മാറി മാറി താമസിക്കുകയായിരുന്നതുകൊണ്ടു അശ്വതി പരാതിപ്പെട്ടുമില്ല.

വീപ്പയില്‍ നിന്നും മൃതദേഹം കണ്ടെത്തുമ്പോള്‍, ശരീരത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ നോട്ട് പിന്‍വലിക്കുന്നതിന് മുമ്പുള്ള അഞ്ഞൂറിന്റെ മൂന്നുനോട്ടുകള്‍ പോലീസിന് ലഭിച്ചിരുന്നു. മൂന്നായി മടക്കി സമചതുരാകൃതിയില്‍ ആക്കിയ നിലയിലായിരുന്നു ഈ നോട്ടുകള്‍. ധരിച്ചിരുന്ന വെള്ളി അരഞ്ഞാണവും മൃതദേഹത്തിലുണ്ടായിരുന്നു. അതേസമയം ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന പണമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. പണം നഷ്ടമായ സംഭവത്തില്‍ മകളുടെ മൊഴി രേഖപ്പെടുത്തിയശേഷം സംശയമുള്ളവരെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

ശകുന്തളയെ വീട്ടില്‍ വെച്ച് വിഷം നല്‍കി കൊലപ്പെടുത്തിയശേഷം വീപ്പയിലാക്കി കോണ്‍ക്രീറ്റ് നിറയ്ക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. രാത്രിയോടെ വീപ്പ കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം കായലില്‍ തള്ളുകയായിരുന്നു. സംഭവത്തില്‍ ചുരുങ്ങിയത് മൂന്നുപേരെങ്കിലും പങ്കാളികളായിട്ടുണ്ടാകുമെന്നും പോലീസ് കണക്കുകൂട്ടുന്നു. ഷാപ്പുപടിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ അജ്ഞാത യുവാവിനും, ശകുന്തളയുടെ മൃതദേഹം കണ്ടെത്തിയ ദിവസം ദുരൂഹസാഹചര്യത്തില്‍ മരിച്ച തൃപ്പൂണിത്തുറ സ്വദേശിക്കും കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

മൂന്നുമാസങ്ങള്‍ക്ക് മുമ്പാണ് കുമ്പളത്ത് വീപ്പയില്‍ കോണ്‍ക്രീറ്റ് ചെയ്തനിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ മൃതദേഹം ശകുന്തളയുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു. എല്ലും മുടിയും കണങ്കാലില്‍ ഓപ്പറേഷനില്‍ ഉപയോഗിച്ചിരുന്ന ഒരു സ്‌ക്രൂവാണു തിരിച്ചറിയാന്‍ സഹായിച്ചത്. ഇത് സപ്ലൈ ചെയ്ത പുനെ കമ്പനി കേരളത്തില്‍ ആകെ ആറു സ്‌ക്രൂ മാത്രമേ നല്കിയിരുന്നുള്ളു, അത് തൃപ്പൂണിത്തുറ ആശുപത്രിയിയിലാണ്. അവിടുത്തെ ലിസ്റ്റ് പ്രകാരം ഓപ്പറേഷന് വിധേയരായ അഞ്ചു പേരെയും കണ്ടെത്തി, ശകുന്തളയെ ഒഴികെ. മരിച്ചത് ശകുന്തളയാണെന്ന് അങ്ങനെ ഉറപ്പാക്കി, അശ്വതിയുടെ ഡിഎന്‍എയുമായി ഒത്തുനോക്കി സ്ഥിരീകരിച്ചു. ശകുന്തളയ്ക്ക് അടുത്ത പരിചയമുള്ള ആരോ ആണ് അവരെ അപായപ്പെടുത്തിയത് എന്ന നിഗമനത്തിലാണ് പോലീസ്. ശകുന്തളയുടെ അടുത്ത ബന്ധുക്കളിലേക്ക് അന്വേഷണം നീട്ടാനുള്ള പദ്ധതിയിലാണ് പോലീസിപ്പോള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button