Latest NewsNewsPrathikarana Vedhi

ആന്ധ്ര : നായിഡുവിന്റെ നിലപാട് ബി.ജെ.പിയെ ബാധിക്കുമോ?

ഭരണഘടനാവിരുദ്ധമായ വാഗ്ദാനങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.വി.എസ് ഹരിദാസിന്റെ വിശകലനം

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നീക്കം കേന്ദ്ര സർക്കാരിനെയോ എൻഡിഎയെയോ ഒരുതരത്തിലും തളർത്താൻ പോകുന്നില്ലെന്ന് ബിജെപിക്ക് ആത്മവിശ്വാസം. ആന്ധ്രക്ക് ‘പ്രത്യേക പദവി’ അനുവദിക്കാത്തതിന്റെ പേര്പറഞ്ഞാണ് ടിഡിപി കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പിന്മാറുന്നത്. ആന്ധ്ര പ്രദേശിനെ രണ്ടാക്കി വിഭജിക്കുന്ന സമയത്ത് ഉയർന്ന വലിയ പ്രതിഷേധത്തിന്റെ മറവിൽ കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ പ്രഖ്യാപിച്ചതാണ് പ്രത്യേക പദവി എന്ന വാഗ്ദാനം. അത് അന്ന് അവിടെയുയർന്ന കടുത്ത പ്രതിഷേധം തണുപ്പിക്കാനുള്ള കോൺഗ്രസിന്റെ ശ്രമമായിരുന്നു. അതല്ലാതെ കേന്ദ്രത്തിൽ അധികാരത്തിൽ ഇരുന്നപ്പോൾ കോൺഗ്രസ് ഒന്നും അതിനായി ചെയ്തതുമില്ല. ഭരണഘടന അനുസരിച്ച് പ്രത്യേക പദവി എന്ന ഒരു വ്യവസ്ഥയില്ലാത്തതിനാൽ അത് അതേപോലെ അംഗീകരിക്കാൻ കഴിയില്ല എന്നതാണ് കേന്ദ്രമെടുത്ത നിലപാട്. 14 -ആം ധനകാര്യ കമ്മീഷൻ ഇക്കാര്യം പരിശോധിക്കുകയും പ്രത്യേക പദവി എന്നത് പ്രായോഗികമല്ല എന്നത് വ്യക്തമാക്കുകയും ചെയ്തതാണ്. ടിഡിപി നിലപാടിനോട് അതെ നാണയത്തിൽ ബിജെപി പ്രതികരിച്ചതും ഓർക്കുക. ആന്ധ്രയിലെ രണ്ട്‌ ബിജെപി മന്ത്രിമാരെ അവരും പിൻവലിച്ചിട്ടുണ്ട്. എന്നാൽ തൽക്കാലം എൻഡിഎ വിടുന്നില്ലെന്നാണ് നായിഡു പറഞ്ഞിരിക്കുനന്ത്.

ഇവിടെ നാം കാണേണ്ടത്, ആന്ധ്ര പ്രദേശിൽ വികസനത്തിന് വലിയ മുതൽമുടക്ക് ആവശ്യമുണ്ട് എന്നത് കേന്ദ്രവും സമ്മതിക്കുന്നു എന്നതാണ്. ആന്ധ്ര ആവശ്യപ്പെട്ടതെല്ലാം നല്കാൻ കേന്ദ്രം തയ്യാറാവുകയും ചെയ്തു. എന്നാൽ ‘പ്രത്യേക പദവി’ എന്ന് പറഞ്ഞുകൊണ്ട് ആയിരക്കണക്കിന് കോടി രൂപ ഒരു സംസ്ഥാനത്തിന് മാത്രമായി നൽകാനാവില്ല എന്നതാണ്‌ പ്രശ്നം. കേന്ദ്ര സർക്കാരിന് ഒരു സംസ്ഥാനത്തിന്റെ കാര്യം മാത്രം നോക്കിയാൽ പോരല്ലോ. ഇതിനുമുൻപും വിവിധ സംസ്ഥാനങ്ങൾ വിഭജിച്ചിട്ടുണ്ട്; പുതിയവ രൂപീകരിച്ചിട്ടുമുണ്ട്. അന്നൊക്കെ കേന്ദ്ര സർക്കാർ സ്വീകരിച്ച ഒരു നിലപാടുണ്ട്. ഛത്തീസ്‌ ഗഡ്‌ , ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നിവതന്നെ ഉദാഹരണങ്ങൾ. അന്ന് ആ പുതിയ സംസ്ഥാനങ്ങൾ എല്ലാം തങ്ങളുടെ തലസ്ഥാന നഗരി ഉൾപ്പടെ എല്ലാം പുതുതായി നിർമ്മിക്കുകയായിരുന്നുവല്ലോ. അതിന് കേന്ദ്രസഹായം ലഭിച്ചിരുന്നു. അതിനപ്പുറം ആന്ധ്രക്ക് നൽകാൻ യഥാർഥത്തിൽ കേന്ദ്ര സർക്കാർ ഇപ്പോൾ തയ്യാറായതാണ്. പക്ഷെ ഒരുതരം വിലപേശലും, പിന്നെ നടക്കാത്ത ആവശ്യങ്ങൾ ഉന്നയിക്കുകയുമാണ് ചന്ദ്രബാബു നായിഡു ചെയ്തത്. മാത്രമല്ല ഓരോ തവണ ചർച്ചചെയ്യുമ്പോഴും അദ്ദേഹം നിലപാടുകളും ആവശ്യങ്ങളും മാറ്റിക്കൊണ്ടിരുന്നു. അത് ബിജെപിയും കേന്ദ്ര ധനകാര്യ മന്ത്രിയും ചൂണ്ടിക്കാട്ടിയതാണ്. ഏറ്റവുമൊടുവിൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ അധ്യക്ഷതയിൽ ഒരു യോഗം കൂടി തീരുമാനിച്ചു. അന്ന് അരുൺ ജെയ്‌റ്റിലിയും അമിത്ഷായും മൂന്ന് മണിക്കൂർ അവർക്കായി കാത്തിരുന്നു. പക്ഷെ ചർച്ചക്കായി ആന്ധ്ര നേതാക്കൾ എത്തിയില്ല. അമിത്ഷാ സ്ഥലം വിട്ടശേഷം എത്തിയതിനാൽ ആ ചർച്ച നടന്നതുമില്ല.

You may also like: എന്‍ഡിഎ വിടാന്‍ ഉറച്ച് ടിഡിപി, കേന്ദ്രമന്ത്രിമാരുടെ രാജി ഇന്ന്

ആന്ധ്രക്ക് ആവശ്യമുള്ള തുക സംഭരിക്കാൻ കേന്ദ്രം ജാമ്യം നിൽക്കാം എന്നത് വ്യക്തമാക്കപ്പെട്ടിരുന്നു. പ്രത്യേകിച്ചും വിദേശ കടമെടുക്കുന്നതിൽ. കുറെ പുതിയ പദ്ധതികൾക്ക് വിദേശ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കടമെടുക്കാൻ അവർ തീരുമാനിച്ചിരുന്നു. എഡിബി ലോകബാങ്ക്, ജപ്പാൻ ബാങ്ക് തുടങ്ങിയവ ഉദാഹരണം. അതിന് ജാമ്യം കേന്ദ്രം നിൽക്കുകയും തൊണ്ണൂറ് ശതമാനം വായ്പ കേന്ദ്രം തിരിച്ചടക്കുന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്യാമെന്ന് കേന്ദ്രസർക്കാർ ഉറപ്പും നൽകി. അത് നോക്കുമ്പോൾ ആന്ധ്ര ആവശ്യപ്പടുന്ന പ്രത്യേക പദവി അനുസരിച്ചു കിട്ടുന്നതിലുമേറെയാണ്. അതുകൊണ്ട്‌ അവരുടെ വികസനപദ്ധതികൾക്ക് ഒരു സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാവുകയില്ല. അതായത് ആന്ധ്രക്ക് ആ ബാധ്യത വരുത്താതെ കേന്ദ്രം സഹായിക്കാം എന്നതായിരുന്നു ലക്‌ഷ്യം. അത് ആന്ധ്ര സർക്കാർ ആദ്യം സമ്മതിച്ചു; പക്ഷെ അടുത്തദിവസം ആ തുകമുഴുവൻ നബാർഡിൽ നിന്ന് ലഭ്യമാക്കണം എന്നായി ആവശ്യം. നബാർഡ് അത്രയും തുക ഒന്നിച്ചു നൽകിയാൽ ആ ബാങ്കിങ് സംവിധാനം പാളിച്ച നേരിടും. അതിനെ സാമ്പത്തികമായി കേന്ദ്രം സഹായിക്കേണ്ടിവരും. കാർഷിക മേഖലയെ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾക്കാണ് നബാർഡ് ശ്രദ്ധിക്കുന്നതെങ്കിലും ചില ഘട്ടങ്ങളിൽ മറ്റ്‌ ചില സ്കീമുകൾക്ക് സഹായം നൽകിയിട്ടുണ്ട്. എന്നാൽ ആയിരക്കണക്കായ കോടി രൂപ എടുത്തുനൽകാൻ അതിനാവില്ല. അതാണ് സൂചിപ്പിച്ചത്, നടക്കില്ലെന്ന് ഉറപ്പുള്ള പദ്ധതിയുമായാണ് ചന്ദ്രബാബു നായിഡു മുന്നിട്ടിറങ്ങിയത്. വികസന പദ്ധതികൾ നടപ്പിലാക്കലല്ല അദ്ദേഹം ഉദ്ദേശിച്ചത് എന്നും കരുതേണ്ടിയിരിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ ഭാഗമായിരിക്കെ തന്നെ കേന്ദ്ര വിരുദ്ധ സമരത്തിനും നായിഡു തയ്യാറായത്‌ രാജ്യം കണ്ടു. പാർലമെന്റിൽ അവർ തുടർച്ചയായി ബഹളമുണ്ടാക്കിക്കൊണ്ടിരുന്നു. അതൊരു രാഷ്ട്രീയ നീക്കം കൂടിയാണ് എന്ന് തിരിച്ചറിയാൻ ബിജെപിക്ക് കഴിഞ്ഞിരുന്നിരിക്കണം. അതുകൊണ്ടുകൂടിയാണ് ആന്ധ്രയിൽ നല്ല വേരുള്ള ജഗൻ മോഹൻ റെഡ്ഢിയുമായി ഒരു ബന്ധം സ്ഥാപിക്കാൻ ബിജെപി ശ്രമിച്ചത്. ആ സംസ്ഥാനത്ത് ഇന്നിപ്പോൾ കോൺഗ്രസില്ല എന്നതാണ് യാഥാർഥ്യം. അവിടെയുള്ളത് ടിഡിപി, ജഗൻ മോഹൻ റെഡ്ഢിയുടെ വൈഎസ്ആർ കോൺഗ്രസ് , പിന്നെ ബിജെപി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് തകർന്നടിഞ്ഞിരുന്നു. അവർക്ക് ഇനി ഒരു തിരിച്ചുവരവ് പ്രയാസകരമാണ് താനും. മൂന്നാം മുന്നണിയെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയതും ചന്ദ്രബാബു നായിഡുവിന്റെ പുതിയ നീക്കത്തിന് പിന്നിലുണ്ടാവാം. ഇപ്പോൾ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആണ് മൂന്നാം മുന്നണി രാഷ്ട്രീയത്തിലെ ഒരു പ്രധാനി. നായിഡുവും ടിആർഎസും തമ്മിൽ അത്രവലിയ ശത്രുതയിലുമാണ്. അതൊക്കെ ടിഡിപിയുടെ പുതിയ തീരുമാനത്തിന് പിന്നിലുണ്ടോ എന്നതറിയാൻ കുറച്ചുദിവസം കൂടി കാത്തിരിക്കണം. എന്നാൽ നായിഡു വിട്ടു പോയാൽ വൈഎസ്ആർ കോൺഗ്രസ് എൻഡിഎയിലെത്തും എന്ന് കരുതുന്നവർ അനവധിയാണ്. അതുകൊണ്ടുതന്നെ ബിജെപിയെ അത് രാഷ്ട്രീയമായി തീരെ ബാധിക്കാൻ പോകുന്നില്ല.

ശിവസേന നേരത്തെ മുതൽ എൻഡിഎ വിടുമെന്ന് ഭീഷണി ഉയർത്തുന്നുണ്ട്. എന്നാൽ അവരിപ്പോഴും കേന്ദ്രത്തിലും മഹാരാഷ്ട്രയിലും എൻഡിഎ സർക്കാരിന്റെ ഭാഗമായി നിൽക്കുന്നുണ്ട്. പക്ഷെ, മഹാരാഷ്ട്രയിലും ആന്ധ്രയിലേത് പോലുള്ള മുൻ കരുതൽ ബിജെപി സ്വീകരിക്കുന്നുണ്ട്. നേരത്തെ ശിവസേനയിൽ ഉണ്ടായിരുന്ന, പിന്നീട് കോൺഗ്രസിൽ ചേർന്ന, നാരായൺ റാണെയെ ബിജെപി അടുപ്പത്തിലാക്കിയത് അതിന്റെ ഭാഗമായാണ്. കൊങ്കൺ മേഖലയിലും ശിവസേനയുടെ തട്ടകങ്ങളിലും സ്വാധീനമുള്ള റാണെ ഇപ്പോൾ നടക്കാനിരിക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ നിന്ന് വിജയിച്ചുവന്നേക്കും എന്നും കേൾക്കുന്നു. അദ്ദേഹം അവിടെ ഒരു പ്രാദേശിക കക്ഷിക്ക് രൂപം നൽകുകയാണ്. അതിന് കോൺഗ്രസിനെയും ശിവസേനയെയും തളർത്താൻ കഴിയുമെന്നാണ് ബിജെപി കരുതുന്നത്. അതുകൊണ്ട് ശിവസേന മുന്നണി വിട്ടാൽ ലോകസഭാ തിരഞ്ഞെടുപ്പിനൊപ്പം മഹാരാഷ്ട്ര നിയമസഭയിലേക്കും വോട്ടെടുപ്പ് നടത്താനും തയ്യാറായിക്കൂടായ്കയില്ല. ഘടകകക്ഷികളുടെ നീക്കങ്ങൾ മുൻകൂട്ടി കണ്ട്‌ കരുക്കൾ നീക്കാൻ ബിജെപിക്കാവുന്നു എന്നതാണ് പരമാർത്ഥം. മറ്റൊന്ന്, തമിഴ്‌നാട് രാഷ്ട്രീയമാണ്. ഏറെ കാത്തിരുന്നശേഷം രജനികാന്ത് രംഗത്തിറങ്ങിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ വരവോടെ തമിഴ്‌നാട്ടിൽ മുൻപുണ്ടായിരുന്ന രാഷ്ട്രീയമാവുകയില്ല തുടരുക എന്നത് വ്യക്തം. പുതിയ കരുനീക്കങ്ങൾ ബിജെപി പക്ഷത്തെ സഹായിക്കുമെന്നതിൽ ആർക്കും സംശയവുമില്ല. അതുകൊണ്ട് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ, പതിവുപോലെ, ചില കക്ഷികൾ ഉയർത്തുന്ന വെല്ലുവിളികൾ അവഗണിക്കാൻ തന്നെയാവണം ബിജെപിയുടെ തീരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button