ദുബായ് : കാമുകിയുടെ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ 32 വയസുള്ള യുവാവിന് ദുബായില്‍ വധശിക്ഷ വിധിച്ചു. കാമുകിയുടെ ഭര്‍ത്താവിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയശേഷം ശരീരം വെട്ടിമുറിക്കുകയും തുടര്‍ന്ന് കാറില്‍ ഉപേക്ഷിച്ച് കത്തിക്കുകയുമായിരുന്നുവെന്നാണ് കോടതി രേഖകള്‍. 2016 ഒക്ടോബര്‍ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ടയാള്‍ കൃത്യം നടത്തിയ വ്യക്തിയുടെ അടുത്ത കൂട്ടുകാരനായിരുന്നു.
ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് വധശിക്ഷ വിധിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട മൂവരും കോംറോസ് ദ്വീപില്‍ നിന്നുള്ളവരാണ്. മൂന്നാം കോടതിയില്‍ നടന്ന വിധിപ്രസ്താവത്തില്‍ കേസില്‍ ഉള്‍പ്പെട്ട 22 വയസ്സുള്ള യുവതിയ്ക്ക് 15 വര്‍ഷം ജയില്‍ശിക്ഷയും പ്രസീഡിങ് ജഡ്ജ് മുഹമ്മദ് ജമാല്‍ വിധിച്ചു.
2016ല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അല്‍ ഗൗസിസില്‍ വെയര്‍ ഹൗസിന് സമീപം ഒരാളുടെ ശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും അധികൃതര്‍ വന്ന് പരിശോധന നടത്തുകയും ചെയ്തു. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോംറോസ് ദ്വീപില്‍ നിന്നുള്ള വ്യക്തിയുടേതാണെന്ന് തിരിച്ചറിഞ്ഞു.
പൊലീസിന്റെ ആദ്യഘട്ട അന്വേഷണത്തില്‍ തന്നെ മരിച്ച വ്യക്തിയുടെ ഭാര്യയും കാമുകനും കുടുങ്ങിയിരുന്നു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം നിഷേധിച്ചു. ഒടുവില്‍ യുവതി പറഞ്ഞത് അനുസരിച്ചാണ് കൃത്യം നടത്തിയതെന്ന് പ്രതി മൊഴി നല്‍കി. പരസ്പര സമ്മതത്തോടെ ഇരുവരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും കോടതിയില്‍ സമ്മതിച്ചു. വിധിക്കെതിരെ പ്രതിക്ക് അപ്പീല്‍ കോടതിയെ സമീപിക്കാം
Post Your Comments