യുവരാജ് ഗോകുല്‍
ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ കുത്തിയോട്ടത്തിനെതിരെ കേസ്സെടുത്ത ബാലാവകാശ കമ്മീഷന്‍ ശരിക്കും പുലിവാല് പിടിച്ച അവസ്ഥയാണ്. ഇത്തവണ നടപടിയൊന്നും ഉണ്ടാകില്ല എന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും കൃത്യമായ അന്വേഷണം നടത്തി മാത്രമേ അടുത്ത വര്‍ഷം മുതല്‍ അനുമതി നല്‍കൂ എന്ന് ദേവസ്വം മന്ത്രി തന്നെ നേരിട്ടു പറഞ്ഞിരുന്നു. ഈ അവസരത്തിലാണ് ഒരു വിഭാഗത്തിന്‍റെ ആചാരങ്ങള്‍ക്ക് എതിരെ മാത്രം നടപടികള്‍ സ്വീകരിക്കുന്നത് തെറ്റാണെന്നും ഇസ്ലാം വിഭാഗങ്ങള്‍ അനുഷ്ടിച്ച് വരുന്ന സുന്നത്ത് ക്രൂരമാണെന്നും അത് നിരോധിക്കണം എന്നും ആവശ്യപ്പെട്ട് ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ് ബാലാവകാശ കമ്മീഷനെ സമീപിച്ചത്.
ഇതോടെ കുരുക്കില്‍ പെടുന്നത് ബാലാവകാശ കമ്മീഷനും സര്‍ക്കാരുമാണ്. കാരണം സുന്നത്ത് നിരോധിക്കേണ്ടി വന്നാലോ അതിനെതിരെ നിലപാട് സ്വീകരിക്കേണ്ടി വന്നാലോ മുസ്ലീം സംഘടനകളില്‍ നിന്നും, മുസ്ലീം സമുദായത്തില്‍ നിന്നും ഭീകരമായ എതിര്‍പ്പു നേരിടേണ്ടി വരുമെന്നും മുസ്ലീം വിഭാഗത്തില്‍ പെടുന്ന സഖാക്കള്‍ പോലും പാര്‍ട്ടിയെക്കെതിരെ തിരിയും എന്നതുമാണ് യാഥാര്‍ത്ഥ്യം. ആ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ട് ചിന്തിച്ചാല്‍ സുന്നത്ത് എന്ന ആചാരം ഒരു കാരണവശാലും നിരോധിക്കാന്‍ കഴിയില്ല എന്ന് സര്‍ക്കാരിന് അറിയാം. അതുകൊണ്ടു തന്നെ ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ട സംഭവവുമായി ഇനി അന്വേഷണത്തില്‍ എന്തെന്‍കിലും പിഴവുകള്‍ കണ്ടെത്തിയാല്‍ പോലും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടും, കാരണം നടപടി ഏകപക്ഷീയമാണെന്നും ഒരു വിഭാഗത്തിനെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഊരാക്കുരുക്കിലേക്കാണ് സര്‍ക്കാര്‍ വീഴുന്നത്.
ഇടതുപക്ഷ എഴുത്തുകാര്‍ പ്രത്യേകിച്ചും ഹിന്ദു മതത്തിനെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന സാമൂഹികസാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നത് ലിബറലുകള്‍ ഒഴിച്ചുള്ള ഹിന്ദു സമൂഹത്തെ ഇടതുപ്രസ്ഥാനങ്ങളില്‍ നിന്നു അകറ്റുന്നു എന്നത് ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യമാണ്. അതിനിടയില്‍ ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിക്കുന്നു എന്ന് പ്രതീതിയുണ്ടാക്കുന്നത് ഹിന്ദു സമൂഹത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ അകറ്റുന്നതിനു മാത്രമേ ഉപകരിക്കൂ എന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ ചൂരല്‍മുറി ചടങ്ങിനെതിരെ ആദ്യം നടപടി സ്വീകരിച്ചിരുന്നു. തൊട്ടുപുറകേ ആറ്റുകാല്‍ ക്ഷേത്രത്തിലെ ആചാരങ്ങളിലേക്കും കൈകടത്തിയത് ഹിന്ദുവിന്‍റെ ആത്മവിശ്വാസത്തെ സാരമായി ബാധിച്ചേക്കുമെന്നും അതിന് പൂര്‍ണ്ണവിരാമം കുറിയ്ക്കാന്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കേണ്ടത് അത്യാവശ്യമായിരുന്നു എന്നും ഹിന്ദു ഹെല്‍പ് ലൈന്‍ പ്രതിനിധി പറഞ്ഞു. ചുരുക്കി പറഞ്ഞാല്‍ സുന്നത്തിനെതിരായ പ്രതീഷ് വിശ്വനാഥിന്‍റെ വക്കീല്‍ നോട്ടീസ് മണിച്ചിത്രപൂട്ടാണ്.
Post Your Comments