സോള്‍: രാസായുധ നിര്‍മാണവുമായി ബന്ധപ്പെട്ട് സിറിയയും ഉത്തര കൊറിയയും കൈകോര്‍ക്കുന്നു. ഏറ്റവും അപകടകരമായ രാസായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഉത്തര കൊറിയ സിറിയയെ സഹായിക്കുന്നതായാണ് റിപ്പോര്‍ട്ട്. ആസിഡിനെ പ്രതിരോധിക്കുന്ന ടൈലുകള്‍, വാല്‍വുകള്‍, പൈപ്പുകള്‍ തുടങ്ങിയവ വന്‍തോതില്‍ ഉത്തരകൊറിയ സിറിയയ്ക്കു കൈമാറിയതായാണു വിവരം. യുഎന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദ് ന്യൂയോര്‍ക്ക് ടൈസാണു റിപ്പോര്‍ട്ട് ചെയ്തത്.
ഒരു ചൈനീസ് വ്യാപാര കമ്പനിയുടെ സഹായത്തോടെ 2016 അവസാനവും 2017 ആദ്യവുമായി അഞ്ച് കപ്പല്‍ നിറയെ രാസായുധ നിര്‍മാണത്തിനു സഹായിക്കുന്ന വസ്തുക്കള്‍ ഉത്തരകൊറിയ സിറിയയിലെത്തിച്ചെന്നാണു വിവരം. ഇതിനുപുറമെ മുന്‍ വര്‍ഷങ്ങളിലും ഇത്തരത്തില്‍ ‘സംശയാസ്പദമായ വസ്തു’ക്കള്‍ ഉത്തരകൊറിയ സിറിയയ്ക്കു കൈമാറിയതായി പറയപ്പെടുന്നു. 2012നും 2017നും ഇടയിലാണ് ഇടപാട് ഏറ്റവും കാര്യക്ഷമമായി നടന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
രാസായുധ നിര്‍മാണത്തിനു സിറിയയും ഉത്തര കൊറിയയും സഹകരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നു വിഷയത്തില്‍ പ്രതികരണവുമായി യുഎന്‍ രംഗത്തെത്തി. ആണവായുധ നിര്‍മാണവുമായി ബന്ധപ്പെട്ടു യുഎന്നിന്റെ നേതൃത്വത്തില്‍ എല്ലാ രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ ഉത്തര കൊറിയയ്ക്കും സിറിയയ്ക്കും ബാധകമാണെന്നു യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് ഓര്‍മിപ്പിച്ചു. സിറിയയുടെ ആയുധപ്പുരകളും മിസൈല്‍ നിര്‍മാണശാലയും ഉത്തര കൊറിയയുടെ മിസൈല്‍ തന്ത്രജ്ഞര്‍ സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ സിറിയന്‍ സൈന്യം വ്യാപകമായ തോതില്‍ ക്ലോറിന്‍ ഗ്യാസ് ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെയാണു രാസായുധ നിര്‍മാണത്തിന് ഉത്തര കൊറിയയുടെ സഹായം ലഭിക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍. അതേസമയം, ക്ലോറിന്‍ ഗ്യാസ് ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങള്‍ സിറിയന്‍ സര്‍ക്കാര്‍ തള്ളിയിട്ടുണ്ട്. ഐക്യരാഷ്ട സഭ ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണു വാര്‍ത്ത വന്നിരിക്കുന്നത്.
Post Your Comments