കോഴിക്കോട് ; പോലീസ് കസ്റ്റഡിയിലെടുത്ത സിഐടിയു നേതാവിനെ പോർട്ടർമാർ ബലമായി മോചിപ്പിച്ചു. വീണ്ടും പ്രതിയെ പിടിക്കാൻ ചെന്ന പോലീസുകാർക്ക് സിഐടിയു പ്രവര്‍ത്തകരുടെ മർദ്ദനം. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. രണ്ട് എസ്ഐ മാര്‍ക്കും മൂന്ന് പോലീസുകാര്‍ക്കുമാണ് പരിക്കേറ്റത്.
മഫ്തിയിൽ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനും റിയാസ് എന്ന സിഐടിയു നേതാവും തമ്മിലുണ്ടായ തർക്കത്തിനിടെ റിയാസ് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ മർദിച്ചു. ഇത് സംബന്ധിച്ച് കസബ പോലീസിൽ ഉദ്യോഗസ്ഥൻ പരാതി നൽകി. ഇത് ചോദ്യം ചെയ്യാനെത്തിയ പോലീസ് സംഘം റിയാസിനെ കസ്റ്റഡിയിലെടുത്തതോടെ സിഐടിയു പ്രവർത്തകർ കൂട്ടമായെത്തി പോലീസിനെ ആക്രമിക്കുകയും റിയാസിനെ മോചിപ്പിക്കുകയുമായിരുന്നു.
മർദനമേറ്റ എസ്ഐ പ്രകാശനും മൂന്നു പോലീസുകാരും കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത സിഐടിയു നേതാവ് റിയാസും ഇതേ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേർ ഒളിവിലാണ്.
Read also ;അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ നിന്ന് വെറുമൊരു വടി കൊണ്ട് ഭര്‍ത്താവിനെ രക്ഷിച്ച് യുവതി
Post Your Comments