ജയിംസും തസ്നിയും. ഒരാൾക്ക് അൽപ്പം കാഴ്ചയുണ്ട്, മറ്റൊരാൾ ജന്മനാ അന്ധ. ജയിംസ് ക്രിസ്ത്യനായി തസ്‌നി മുസ്ലിം.ഇരുവരും ആദ്യം സംഗീതത്തെ പ്രണയിച്ചു.പിന്നീട് പരസ്പരം പ്രണയിച്ചു. ഇവരുടെ പ്രണയം കേട്ടറിഞ്ഞവർ പറഞ്ഞു അധിക നാൾ ആയിസ്സുണ്ടാവില്ല ഈ പ്രണയത്തിനെന്ന്. ഈ ആളുകൾ പിന്നീടത് മാറ്റി പറഞ്ഞു. ജിംസിനേയും തസ്‌നിയേയും നിറകാഴ്ചയുള്ള ലോകത്ത് കൈപിടിച്ച് നടത്താൻ ഒരു കുഞ്ഞ് പിറന്നു. മകൻ അഖിലുമൊത്ത് വോയിസ് ഓഫ് ദി ബ്ലൈൻഡ് എന്ന സംഗീത ഗ്രൂപ്പുമായി ഇന്ത്യയിലും വിദേശത്തുമായി സംഗീത പരിപാടികൾ നടത്തി ജയിംസും തസ്നിയും ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റി. കഴിഞ്ഞ 26 വർഷമായി ഒഴുകികൊണ്ടിരിക്കുന്ന ഒരു വേറിട്ട പ്രണയനദിയെപ്പറ്റി ‘ഞങ്ങൾ സംതൃപ്തരാണെന്ന് ജയിംസും തസ്നിയും ഒരേസ്വരത്തിൽ പറയുന്നു’.
തിരുവനന്തപുരം ജഗതി അന്ധ വിദ്യാലയത്തിലാണ് ജയിംസും തസ്നിയും പഠിച്ചത്. ഉപരിപഠനത്തിനായി തസ്‌നി വിമൻസ് കോളേജും ജയിംസ് യൂണിവേഴ്സിറ്റി കോളേജും തിരഞ്ഞെടുത്തു. ഇതിനിടെ ബിഎ പൂർത്തിയാക്കാതെ ജയിംസ് സംഗീതത്തോടുള്ള പ്രണയം കൊണ്ട് മ്യൂസിക് കോളേജിൽ ഗാനഭൂഷണത്തിന് ചേർന്നു. പിന്നീട് മുടങ്ങി പോയ പഠനവും പൂർത്തിയാക്കി.ഇരുവരും അവരവരുടേതായ ജീവിതം മുന്നോട് പോകുമ്പോഴാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. പരസ്പരം തിരിച്ചറിഞ്ഞ ഇരുവരും സുഹൃത്തുക്കളായി. ജയിംസിന്റെ കോളേജ് ഹോസ്റ്റലിലെ നമ്പറിലേക്ക് തസ്‌നിയുടെ ഫോൺവിളി ഇടക്കെത്തിയതോടെ പരിചയം സൗഹൃദത്തിനും പ്രണയത്തിനും വഴിമാറി. ജയിംസിന്റെ സംഗീതമാണ് തന്നെ ആകർഷിച്ചതെന്ന് തസ്‌നി പറയുന്നു. ഒരു മുസ്ലിം പെൺകുട്ടിയെ പ്രണയിച്ചാൽ പ്രതികരണം രൂക്ഷമായിരിക്കുമെന്ന സുഹൃത്തുക്കളുടെ ഉപദേശം ജയിംസിൽ പേടിയുണ്ടാക്കിയെങ്കിലും പ്രണയത്തെ വിട്ടുകളയാൻ ജയിംസിന് മനസ്സുണ്ടായില്ല. ഒരു തസ്‌നിയുടെ സുഹൃത്ത് റഷീദയാണ് സംഭവം തസ്‌നിയുടെ വീട്ടുകാരെ അറിയിച്ചത്.
ആദ്യം രജിസ്റ്റേർഡ് കത്തിലൂടെ തസ്നിയെ വിവാഹം ചെയ്യാൻ ആഗഹിക്കുന്നതായ് ജെയിംസ് തസ്‌നിയുടെ പിതാവിനെ അറിയിച്ചു. കോളേജ് ഹോസ്റ്റലിൽ നിന്ന് തസ്‌നി വീടെത്തിയപ്പോഴാണ് കത്ത് വീട്ടിലിലെത്തിയത്. കത്തിനെ കുറിച്ച് തസ്‌നി ചോദിച്ചപ്പോൾ അത് ബാബയുടെ സുഹൃത്തിന്റെ കത്താണെന്നാണ്. ഒടുവിൽ തസ്നി നേരിട്ട് കാര്യങ്ങൾ അവതരിപ്പിച്ചു. കാഴ്ച്ചയില്ലാത്ത തന്നെ വിവാഹംചെയ്യാൻ ആഗ്രഹിച്ച ജയിംസുമായുള്ള വിവാഹം നടത്തിത്തരണമെന്ന് തസ്‌നി വീട്ടുകാരോട് പറഞ്ഞിരുന്നു. ആദ്യം എതിർത്തെങ്കിലും ജയിംസിന്റെ നല്ല മനസ്സ് കണ്ട വീട്ടുകാർ പിന്നീട് വിവാഹത്തിന് സമ്മതിച്ചു. ജയിംസ് ആദ്യം വീട്ടിൽ പറഞ്ഞിരുന്നില്ല. പരിചയക്കാരൊക്കെ ആദ്യം പറഞ്ഞത് ഈ ബന്ധം അധിക നാൾ പോകില്ലയെന്നാണ്. പക്ഷെ പിന്നീടു എല്ലാവരും അഭിപ്രായം മാറ്റിപ്പറഞ്ഞു. ജയിംസിന്റെ വീട്ടുകാരും കാലക്രമേണ അവരെ അംഗീകരിച്ചു. ജയിംസും തസ്നിയും അവരവരുടെ വിശ്വാസത്തെ പരസ്പരം അടിച്ചേൽപ്പിച്ചില്ല. സ്വയം എടുത്ത തീരുമാനമായിരുന്നു ഇവർക്ക് വിവാഹം അതുകൊണ്ടുതന്നെ കൂട്ടിയോജിപ്പിച്ച് കൊണ്ടു പോകേണ്ടത് തങ്ങൾ തന്നെയാണെന്ന തിരിച്ചറിവും ഇവർക്കുണ്ടായിരുന്നു.
കാഴ്ചയില്ലാത്തവരെ ഉൾപ്പെടുത്തിക്കൊണ്ട് ജയിംസും തസ്നിയും വോയിസ് ഓഫ് ദി ബ്ലൈൻഡ് എന്ന സംഗീത ഗ്രൂപ്പിന് രൂപംനൽകി. അന്ധരായ 7പേർ കൂടാതെ കാഴ്ച്ചയുള്ളവരും ഇതിന്റെ ഭാഗമായി തുടരുന്നു. കാഴ്ചയില്ലാത്തവർക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത മേഖലയാണ് കാഴച്ചയുള്ളവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഓണപരിപാടികളിൽ വോയിസ് ഓഫ് ദി ബ്ലൈൻഡ് നിറ സാന്നിധ്യമാണ്. സംഗീത പരിപാടിയുമായി ജയിംസും തസ്നിയും മുന്നോട്ട് പോകുകയാണ്. വോയിസ് ഓഫ് ദി ബ്ലൈൻഡ് തിരുവനന്തപുരത്തെ പ്രിയപ്പെട്ട സംഗീത ഗ്രൂപ്പായ് മാറി. ഇവർക്ക് സ്വദേശത്തും വിദേശത്തുമായ് ധാരാളം സ്റ്റേജ് ഷോകൾ ലഭിച്ചു. ഗൾഫ് രാജ്യങ്ങളിൽ ഇവർക്ക് ആരാധകർ ഏറെയാണ്.
അടിപൊളി പാട്ടുകളായിരുന്നു തസ്‌നിയുടെ പ്രധാന ഇനം. തസ്‌നി പാട്ട് ശാസ്ത്രീയമായി പഠിച്ചിട്ടില്ല. സംഗീത ഗ്രൂപ്പിന് ഒരു ഫീമെയിൽ സിങ്ങർ വേണമെന്നായപ്പോൾ ആ സ്ഥാനത്തേക്ക് തസ്‌നി എത്തുകയായിരുന്നു. സംഗീതം കഴിഞ്ഞ് അധികം വൈകാതെതന്നെ അഖിൽ അവരുടെ ഇടയിൽ കടന്നുവന്നു. ഗർഭിണി ആയിരുന്നപ്പോൾ ഒരേയൊരു ആഗ്രഹമെ തസ്‌നിക്ക് ഉണ്ടായിരുന്നുള്ളു. കാഴ്ചയില്ലാത്ത തങ്ങളുടെ ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടുവരാൻ കുഞ്ഞിന് കഴിയണേയെന്ന്. പൂർണ്ണ ആരോഗ്യവാനായ കുഞ്ഞാണ് പിറന്നതെന്ന് അറിഞ്ഞപ്പോഴും ഒരു സംശയം ബാക്കിയായി. ഒടുവിൽ എല്ലാ ആശങ്കയും അസ്ഥാനത്താണെന്ന് അറിഞ്ഞപ്പോൾ തസ്‌നി ദൈവത്തിന് നന്ദി പറഞ്ഞു. കുഞ്ഞു പാട്ടുകൾ പാടി അഖിലും സംഗീത ഗ്രൂപ്പിന്റെ ഭാഗമായി.
തങ്ങളുടെ ജീവിതത്തിൽ വെളിച്ചം പകരാൻ അഖിൽ തന്നെ ധാരാളമെന്നാണ് തസ്‌നി പറയുന്നത്. എംബി എ പൂർത്തിയാക്കിയ അഖിൽ അടുത്തിടെയാണ് ഷാർജയിൽ ജോലിയിൽ പ്രവേശിച്ചത്. തന്റെ വിശ്വാസങ്ങളിൽ കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്ന് തസ്‌നി പറയുന്നു. ഇപ്പോൾ ക്രിസ്ത്യൻ വിശ്വാസത്തിൽ അൽപ്പം അടുപ്പം തോന്നുണ്ട്. ഇതിൽ ജയിംസിന്റെ ഇടപെടലോ സ്വാധീനമോ ഇല്ലായെന്നും തസ്‌നി പറയുന്നു. തനിക്ക് സ്വയം തോന്നിയപ്പോഴാണ് പള്ളിയിൽ പോയത്. തസ്നിയും ജയിംസും ഇപ്പോൾ തിരുവനന്തപുരം പേട്ടയിലാണ് താമസിക്കുന്നത്. പ്രണയത്തിന് കണ്ണില്ലായെന്ന് പറയാറുണ്ട്. പ്രണയത്തിന് നെഗറ്റീവ് സ്‌ട്രെച് നൽകാൻ ആരോ പറഞ്ഞതാണ് ഇങ്ങനെ. തസ്നിയും ജയിംസും ഉൾക്കണ്ണുകൊണ്ട് പ്രണയിച്ചവരാണ്. പ്രണയം ഇന്ന് ഒരുപാട് മാറിയിരിക്കുന്നുവെന്നും തസ്‌നി പറയുന്നു. കാലം മാറിയിട്ടുണ്ട് സംഗീത പരിപാടികൾ കുറഞ്ഞു. വല്ലപ്പോഴുമാണ് പരിപാടികൾ കിട്ടുന്നത്, ട്രെൻഡ് മാറുന്നതും ഇതിന് കാരണമാണ്. പരുപാടി കുറഞ്ഞതോടെ വല്ലാത്ത ഞെരുക്കം അനുഭവിക്കുന്നുണ്ട്. പ്രതേകിച്ചും 2015നു ശേഷം. തിരിഞ്ഞ് നോക്കുമ്പോൾ നമ്മൾ സംതൃപ്തരാണ്. വിദേശത്തുൾപ്പടെ ധാരാളം പരിപാടികൾ അവതരിപ്പിക്കൻ അവസരം ലഭിച്ചിട്ടുണ്ട്. സംഗീതവും പ്രണയവും ജീവിതവും ഒരുപോലെ മുന്നോട് കൊണ്ടു പോകാൻ കഴിയുന്നുണ്ട്.
“ശങ്കരാധ്യന പ്രകാരം ജീവിച്ചു ഞാൻ
അമ്പലം ചുറ്റുന്ന നേരം
കൈയ്യിൽ പ്രസാദവും കണ്ണിൽ പ്രകാശവുമായി
സുന്ദരീ നിന്നെ ഞാൻ കണ്ടു”
ജയിംസ് പാടുകയാണ് ഡിഗ്രി വിദ്യാർഥിനി തസ്‌നി പാട്ടിൽ ലയിച്ചു നിൽക്കുന്നു.
26 വർഷങ്ങൾക്കിപ്പുറവും ഈ പ്രണയനദി ഒഴുകുകയാണ്. കണ്ണിൽ വെളിച്ചവുമായി ജയിംസിന്റെ ജീവിതത്തിൽ തസ്‌നി പ്രണയം നിറച്ചു. അവിടെ അവർ അന്ധരല്ല, പ്രണയം വ്യത്യസ്തമാണ്. അത് ഉൾക്കാഴ്ചയാകുന്നു. അതിന് പരിമിതികളില്ല. പ്രണയത്തിൽ നീയും ഞാനും നമ്മളും മാത്രം.
Post Your Comments