തൃശൂര്‍: ഡിജിറ്റല്‍-ആധുനികവല്‍ക്കരണ നടപടികളുടെ മറവില്‍ സംസ്ഥാനത്തെ 13 റിലേ നിലയങ്ങളടക്കം രാജ്യത്തെ ബഹുഭൂരിപക്ഷം ദൂരദര്‍ശന്‍ റിലേകേന്ദ്രങ്ങളും പൂട്ടാനും ഇവ സ്വകാര്യമേഖലയ്ക്കു കൈമാറാനും കേന്ദ്രസര്‍ക്കാര്‍ നീക്കം. അനലോഗ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന റിലേ സ്റ്റേഷനുകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കണമെന്നു പ്രസാര്‍ ഭാരതി നവീകരണത്തിനു നിയോഗിച്ച സാം പിത്രോദ അധ്യക്ഷനായ വിദഗ്ധസമിതി നിര്‍ദേശങ്ങളുടെ മറവിലാണ് റിലേ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നത്.
വിരമിക്കുന്നവര്‍ക്കു പകരം നിയമനമുണ്ടാകാത്തതിനാല്‍ പല സ്റ്റേഷനുകളിലും തയാറാക്കിയിരുന്ന ആരോഗ്യം, കുടുംബക്ഷേമം, കാര്‍ഷികം തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട ഫീച്ചറുകളും മറ്റും അവസാനിപ്പിക്കാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കോഴിക്കോട്, തൃശൂര്‍നിലയങ്ങള്‍ അടുത്തവര്‍ഷവും ബാക്കിയുള്ള റിലേ കേന്ദ്രങ്ങള്‍ ഈ വര്‍ഷം തന്നെയും അടച്ചുപൂട്ടും. ദൂരദര്‍ശന്‍ ഡിജിറ്റല്‍വല്‍ക്കരിക്കാനുള്ള ചുമതല സ്വകാര്യമേഖലക്കുകൈമാറാനും തീരുമാനിച്ചിട്ടുണ്ട്. ദൂരദര്‍ശന്‍, ആകാശവാണി എന്നിവയുടെ നിയന്ത്രണാധികാരമുള്ള പ്രസാര്‍ഭാരതി കോര്‍പറേഷനാണ് അടച്ചുപൂട്ടല്‍ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയത്. 49000 ജീവനക്കാര്‍ പ്രസാര്‍ഭാരതിയുടെ കീഴിലുണ്ട്.
അഞ്ചു വര്‍ഷത്തിനുള്ളില്‍ 40 ശതമാനം വിരമിക്കും. ബാക്കിയുള്ളവരെ നിലനിര്‍ത്തുന്ന കേന്ദ്രത്തിലേക്ക് സ്ഥലംമാറ്റുകയോ വി.ആര്‍.എസ്. നല്‍കി പിരിച്ചുവിടാനുമാണ് നീക്കം. കേരളത്തില്‍ തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം മാത്രമേനിലനിര്‍ത്തു. 1959 സെപ്റ്റംബര്‍ 15 നാണു ദൂരദര്‍ശന്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. 1997 ല്‍ ദൂരദര്‍ശനും ആകാശവാണിയും പ്രസാര്‍ഭാരതി കോര്‍പറേഷനു കീഴിലാക്കി. 1412 റിലേ സ്റ്റേഷനുകളാണ് ദൂരദര്‍ശനുള്ളത്. 60 പ്ര?ഡക്ഷന്‍ കേന്ദ്രങ്ങള്‍, 126 മെയിന്റനന്‍സ് കേന്ദ്രങ്ങള്‍, 194 ഹൈപവര്‍ ട്രാന്‍സ്മിറ്റേഴ്സ് കേന്ദ്രങ്ങള്‍, 830 ലോപവര്‍ ട്രാന്‍സ്മിറ്റേഴ്സ് കേന്ദ്രങ്ങള്‍, 379 വെരി ലോ പവര്‍ ട്രാന്‍സ്മിറ്റേഴ്സ് കേന്ദ്രങ്ങളുമുണ്ട്.
ജീവനക്കാരുടെ എണ്ണം വെട്ടികുറക്കണമെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഷങ്ങളായി സ്ഥിരനിയമനം പ്രസാര്‍ഭാരതി കോര്‍പറേഷനില്‍ നടക്കുന്നില്ല. വിദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുന്നവര്‍ വി.ആര്‍.എസിനു ശ്രമിക്കുമെന്നും കണക്കുകൂട്ടുന്നു. ദിവസ വേതനാടിസ്ഥാനത്തിലുള്ളവരെ കൊണ്ടുമുന്നോടുപോകാനാണ് തീരുമാനം. അതിനിടെ സംസ്ഥാനത്ത് ദൂരദര്‍ശന്‍ റിലേ കേന്ദ്രങ്ങളടച്ച് പൂട്ടുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ചകള്‍ നടത്തി. പ്രശ്നത്തിലിടപെടാന്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനോടും സംസ്ഥാനത്തെ എം.പി മാരെയും ജീവനക്കാരുടെ പ്രതിനിധികള്‍ നേരിട്ടുകണ്ട് ആവശ്യപ്പെട്ടിരുന്നു.
Post Your Comments