Latest NewsKeralaNews

‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം, ദൂരദര്‍ശനെ സംഘദര്‍ശന്‍ എന്ന് വിശേഷിപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വിവാദമായ ചിത്രം ‘ദ കേരള സ്റ്റോറി’ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ്. ദൂരദര്‍ശനെ സംഘദര്‍ശന്‍ എന്ന് വിശേഷിപ്പിച്ച റിയാസ്, നടപടി പൊതുമേഖലാ സ്ഥാപനത്തിന് ചേര്‍ന്നതല്ലെന്നും പ്രതികരിച്ചു.

Read Also: കണ്ണൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം

സംസ്ഥാനത്തെ ജനങ്ങളെ മോശമായി ചിത്രീകരിക്കുകയാണ്. കേരളം കുഴപ്പം പിടിച്ച സ്ഥലമെന്ന് വരുത്തിതീര്‍ക്കാനും കേരളത്തെ ആകെ തീവ്രവാദം എന്ന് പ്രചരിപ്പിക്കാനുമാണ് ശ്രമം. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു.

ഇന്ന് രാത്രി എട്ട് മണിക്കാണ് വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നത്. ദൂരദര്‍ശന്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാണ്. വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണെന്നാണ് സിപിഎം വിമശനം. ഇതിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് യുഡിഎഫും വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന വാചകത്തിലാണ് ദൂരദര്‍ശന്‍ സിനിമ പരസ്യം ചെയ്യുന്നത്. സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്നും ആരോപിക്കുന്നതാണ് ചിത്രം.

2023 മെയ് 5നായിരുന്നു തിയേറ്റര്‍ റിലീസ്. ആ സമയത്ത് തന്നെ കേരളത്തില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. സിനിമ സംപ്രേഷണം ചെയ്യുന്നത് കേരളത്തെ അധിക്ഷേപിക്കുന്നതിന് തുല്യമെന്നും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വച്ചുള്ള നീക്കം പ്രതിരോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന കളിപ്പാവയായി ദൂരദര്‍ശന്‍ മാറരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സിനിമ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കുകയെന്ന സംഘപരിവാര്‍ താല്‍പര്യമാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് പിന്നിലുള്ളത്. സിനിമ സംപ്രേഷണം ചെയ്യുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button