KeralaLatest NewsNews

സിപിഎമ്മിനെ പ്രതിരോധത്തിലാഴ്ത്തി നേതാക്കളുടെ മക്കളുടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്

തിരുവനന്തപുരം: പണമിടപാട് തട്ടിപ്പുകേസില്‍ പ്രതിയായി യാത്രാവിലക്ക് നേരിട്ട് ദുബായില്‍ കഴിയുന്ന ബിനോയ് കോടിയേരിക്ക് പിന്നാലെ സഹോദരന്‍ ബിനീഷ് കോടിയേരിയും മറ്റൊരു പ്രമുഖ സിപിഎം നേതാവിന്റെ മകനും ദുബായില്‍ സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയാണെന്ന വാര്‍ത്തകള്‍ പുറത്ത്. ഗള്‍ഫ് മാധ്യമം ദിനപ്പത്രമാണ് ഇത്തരത്തിലൊരു വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പല സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കോടതി ശിക്ഷിച്ചെങ്കിലും പിടികൊടുക്കാതെ ബിനീഷ് മുങ്ങുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാരണത്താലാണ് സഹോദരനെ കാണാന്‍പോലും ദുബായ്ക്കുപോവാതെ ബിനീഷ് കേരളത്തില്‍തന്നെ കഴിയുന്നതെന്നാണ് വിവരം. ഗള്‍ഫ് മാധ്യമത്തില്‍ നേതാവിന്റെ പേര് സൂചിപ്പിച്ചിട്ടില്ല.

മറ്റൊരു പ്രമുഖനായ നേതാവിന്റെ മകനും സമാനമായ കേസില്‍പെട്ട് കോടതിവിധിയോടടെ ദുബായ് വിടുകയായിരുന്നുന്നെ് പത്രത്തില്‍ പറയുന്നത്. പക്ഷേ ഇത് ഇ.പി ജയരാജന്റെ മകനാണെന്നാണ് ആരോപണം ഉയരുന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടുമക്കളും മറ്റൊരു നേതാവിന്റെ മകനും വിവാദത്തില്‍പെട്ടതോടെ സിപിഎമ്മും പ്രതിരോധത്തിലായിരിക്കയാണ്. ദുബായ് ഫസ്റ്റ് ഗള്‍ഫ്ബാങ്കില്‍നിന്ന് വായ്പ എടുത്ത് തട്ടിപ്പ് നടത്തിയതിന് 2016ല്‍ ബര്‍ഷ പൊലീസ് സ്റ്റേഷനിലും സ്വകാര്യ ക്രഡിറ്റ് കാര്‍ഡ് കമ്പനിയെ പറ്റിച്ചതിന് 2017ല്‍ ഖിസൈസ് പൊലീസ് സ്റ്റേഷനിലും ബിനീഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനിടെ ചില കേസുകള്‍ പണം നല്‍കി പരിഹരിച്ചതായും സൂചനയുണ്ട്.

ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ 2015 ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 18877/15 നമ്പര്‍ കേസിലാണ് ബിനീഷ് ശിക്ഷിക്കപ്പെട്ടത്. ഏതാണ്ട് 40ലക്ഷം രൂപയോളം വരുന്ന രണ്ടേകാല്‍ ലക്ഷം ദിര്‍ഹം തട്ടിയെന്നായിരുന്നു പരാതി. 2017 ഡിസംബര്‍ 10ന് ജഡ്ജി ഉമര്‍ അത്തീബ് മുഹമ്മദ് ദിയാബ് അല്‍മറി നല്‍കിയ വിധിയില്‍ രണ്ടുമാസം തടവാണ് ബിനീഷിന് വിധിച്ചത്. എന്നാല്‍ ബിനീഷ് പിടികൊടുക്കാതെ നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ദുബായില്‍ മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി അരക്കോടിയോളം രൂപയുടെ കേസുകളാണ് ബിനീഷിനെതിരെയുള്ളതെന്ന് ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ചില കേസുകള്‍ ഇവര്‍ പണം കൊടുത്ത് ഒതുക്കിയാതായും പറയുന്നുണ്ട്. ദുബായ്യിലെ ഒരു ബാങ്കില്‍നിന്ന് പണം വായ്പ്പയെടുത്ത് തിരിച്ചടക്കാതെ വഞ്ചിച്ചുവെന്നാണ് പരാതി. അതേവര്‍ഷം ഒക്ടോബര്‍ 31ന് പുറപ്പെടുവിച്ച വിധിയില്‍ മൂന്നുമാസം തടവാണ് ഇയാള്‍ക്ക് ശിക്ഷവിധിച്ചത്. എന്നാല്‍ ഇത് അനുഭിക്കും മുമ്പേ ഇയാളും കടന്നു കളഞ്ഞതായി ഗള്‍ഫ്മാധ്യമം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് പണം വായ്പയെടുത്തതെന്നും ബാങ്കുകള്‍ കേസ് കൊടുക്കുന്നത് സാധാരണമാണെന്നുമാണ് ഇവരുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. സിപിഎമ്മിലെ പ്രമുഖനും മുന്‍ മന്ത്രിയും എംഎ‍ല്‍എയുമായ ഒരാളുടെ മകനും സമാനമായ തട്ടിപ്പുകേസില്‍ പ്രതിയായിട്ടുണ്ടെന്ന് ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ടില്‍ പറയുന്നു.

അല്‍റഫ പൊലീസ് സ്റ്റേഷനില്‍ 2016 മാര്‍ച്ച്‌ 15നാണ് പ്രമുഖന്റെ മകനെതിരെ കേസ് എടുത്തത്. ബിനോയ് കോടിയേരിയെ ന്യായീകരിക്കാനായി തുടക്കംമുതലേ രംഗത്തത്തെിയത് അനിയന്‍ ബിനീഷ് ആയിരുന്നു. ബിനോയ്ക്കെതിരെ ദുബായ്യില്‍ കേസുകള്‍ ഒന്നുമില്ലെന്നും എല്ലാം മാധ്യമ സൃഷ്ടിയാണെന്നുമായിരുന്നു ബിനീഷിന്റെ പ്രതികരണം. നാട്ടില്‍ വന്നിട്ട് അത്യാശ്യമൊന്നുമില്ലാത്തതിനാലാണ് ബിനോയ് നാട്ടിലത്തൊത്തത് എന്നായിരുന്നു കഴിഞ്ഞ ദിവസം ബിനീഷിന്റെ പ്രതികരണം. ബിനീഷും ബിനോയിയും അടങ്ങുന്ന സംഘത്തിന്റെ സാമ്പത്തിക ക്രമക്കേടുകളുടെ ഒരറ്റം മാത്രമാണ് ഇതുവരെ പുറത്തുവന്നതെന്നാണ് വര്‍ഷങ്ങളായി ഗള്‍ഫില്‍ ജോലിചെയ്യുന്നവര്‍ പറയുന്നത്.

സിനിമാ നിര്‍മ്മാണം തൊട്ട് ബ്ളേഡ് ഇടപാടുകള്‍വരെ ഇവരുടെ പേരില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്നാല്‍ എന്താണ് ഇവരുടെ ബിസിനസ് എന്ന് വിശദീകരിക്കാന്‍പോലും സിപിഎം നേതാക്കള്‍ക്ക് ആവുന്നില്ല. ഡാന്‍സ്ബാര്‍ അടക്കമുള്ള പുറത്തുപറാന്‍ കൊള്ളില്ലാത്ത പല ബിസിനസുകളും കോടിയേരിയുടെ മക്കളുടെ പേരില്‍ ഗള്‍ഫില്‍ പ്രചരിക്കുന്നുണ്ട്. നേതാക്കളുടെ മക്കള്‍ തട്ടിപ്പുകേസില്‍ പ്രതികളാവുന്നതിന്റെ കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെ സിപിഎം കടുത്ത പ്രതിസന്ധിയാണ്നേരിടുന്നത്. വരുന്ന സംസ്ഥാന സമ്മേളനത്തില്‍ കോടിയേരിയുടെ സെക്രട്ടറി സ്ഥാനം തെറിക്കുമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button