Uncategorized

കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകവും കൂട്ട ആത്മഹത്യയും നടന്ന രണ്ടു വീടുകള്‍ക്കും വീട്ടുകാരുടെ സ്വഭാവങ്ങളിലും സമാനതകള്‍ ഏറെ

തിരുവനന്തപുരം : കേരളത്തെ നടുക്കിയ മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച തലസ്ഥാന നഗരത്തില്‍ കൂട്ടക്കൊലപാതകവും കൂട്ട ആത്മഹത്യയും നടന്ന രണ്ടു വീടുകള്‍ക്കും സമാനതകള്‍ ഏറെ.

നന്തന്‍കോട്ട് ജിന്‍സണ്‍രാജയെയും ഭാര്യയെയും മകളെയും ബന്ധുവിനെയും മകന്‍ കേഡല്‍ ജിന്‍സണ്‍രാജ കൊലപ്പെടുത്തിയ സംഭവം ജനം മറന്നുതുടങ്ങിയപ്പോഴാണു ശാസ്തമംഗലത്തെ കൂട്ട ആത്മഹത്യ പുതിയ ഞെട്ടലായി മാറിയത്. ശാസ്തമംഗലം പണിക്കേഴ്‌സ് ലെയിന്‍ പൊലീസിനു കത്തയച്ചതിനുശേഷം തൂങ്ങിമരിച്ച കുടുംബത്തിനും കേഡലിന്റെ വീട്ടുകാര്‍ക്കും സമാനതകള്‍ ഏറെ. ജനമൈത്രി പൊലീസിങ് കാര്യക്ഷമമായിരുന്നുവെങ്കില്‍ ഈ ആത്മഹത്യ നടക്കില്ലായിരുന്നുവെന്നു കരുതുന്നവരും കുറവല്ല. ആത്മഹത്യ ചെയ്ത സുകുമാരന്‍നായരും കുടുംബവും അയല്‍ക്കാരും മറ്റു ബന്ധുക്കളുമായി അടുപ്പം പുലര്‍ത്തിയിരുന്നില്ല.

എല്ലാവര്‍ക്കും വീടിനു വെളിയിലായിരുന്നു സ്ഥാനം. ആരെയും ഗേറ്റിനുള്ളിലേക്കു പ്രവേശിപ്പിച്ചിരുന്നില്ല. കാടു മൂടിയതും എപ്പോഴും അടച്ചിട്ടിരുന്നതുമായ വീട്ടില്‍ ആത്മഹത്യ നടന്നതായി പരിസരവാസികള്‍പോലും അറിയുന്നതു പൊലീസ് എത്തുമ്പോള്‍ മാത്രമായിരുന്നു. സമാനമായ നിലയിലായിരുന്നു നന്തന്‍കോട് കൂട്ടക്കൊല നടന്ന വീടും. ഈ വീടും പരിസരവും പേടിപ്പെടുത്തുന്ന രീതിയില്‍ ഉള്ളതായിരുന്നു. ഇവിടെയുള്ള താമസക്കാരും അയല്‍ക്കാരുമായി വലിയ അടുപ്പമൊന്നും പുലര്‍ത്തിയിരുന്നില്ല. വലിയൊരു വീടുമായിരുന്നു. ഇതിനകത്തുള്ളവരെ സമീപവാസികള്‍ പുറത്തു കണ്ടിരുന്നതു വളരെ അപൂര്‍വമായാണ്.

കൂട്ടക്കൊല അന്വേഷിച്ചു പൊലീസ് എത്തിയപ്പോഴാണു പരിസരവാസികള്‍ സംഭവം അറിഞ്ഞത്. നന്തന്‍കോട് കൂട്ടക്കൊലപാതകം നടന്ന വീട്ടില്‍ ആസ്ട്രല്‍ പ്രൊജക്ഷനും ആഭിചാരവുമൊക്ക ഉണ്ടായിരുന്നതായി അന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിന്റെ ഭാഗമായാണു കൊലപാതകങ്ങള്‍ നടന്നതെന്നുവരെ പറഞ്ഞിരുന്നു. പിന്നീടു പൊലീസ് ഇതൊക്കെ തള്ളിക്കളഞ്ഞു. പ്രതികാരത്തിന്റെ ഭാഗമായാണു കൊലപാതകം നടത്തിയതെന്നാണു പൊലീസ് കണ്ടെത്തിയത്. സമാനമായി ശാസ്തമംഗലത്തെ വീട്ടില്‍ രാത്രി പൂജയും ശംഖുനാദവും മണിയടിയുമൊക്കെ കേട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു.

അന്ധവിശ്വാസത്തിനും ആഭിചാരങ്ങള്‍ക്കും പുറകെ പാഞ്ഞുവെന്നതും രണ്ടു വീടുകളുടെയും പ്രത്യേകതയായി. ഇത്തരത്തില്‍ പുറംലോകവുമായി ബന്ധമില്ലാത്ത രണ്ടു വീടുകളിലാണു കൊലപാതകവും ആത്മഹത്യയും നടന്നത്. ജനമൈത്രി പൊലീസിന്റെ ഭാഗമായി എല്ലാ വീടുകളിലും എത്തി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും ദിവസവും പട്രോളിങ് നടത്തുന്നുണ്ടെന്നും പൊലീസ് പറയുന്നതു വെറും വാക്കാണെന്നു ശാസ്തമംഗലത്തെ കൂട്ടആത്മഹത്യ സംഭവം തെളിയിക്കുന്നു.

ദിവസവും പട്രോളിങ് നടത്തുകയും ഈ വീട്ടുകാരുടെ വിവരങ്ങള്‍ പൊലീസിന്റെ കൈകളില്‍ ഉണ്ടാവുകയും ചെയ്തിരുന്നുവെങ്കില്‍ ഈ ആത്മഹത്യകള്‍ ഉണ്ടാകുമായിരുന്നില്ലെന്നു കരുതുന്നവരും അനവധിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button