Latest NewsNewsGulf

സൗദിക്കു പിന്നാലെ മറ്റൊരു ഗള്‍ഫ്‌ രാജ്യത്ത് കൂടി വനിതാ ടാക്സികള്‍ വരുന്നു

മസ്കത്ത്: സൗദിക്കു പിന്നാലെ ഒമാനും വനിതാ ടാക്സിയുമായി രംഗത്ത്. മാര്‍ച്ച്‌ ഒന്ന് മുതലാണ് ഒമാനില്‍ വനിതാ ടാക്സികള്‍ ആരംഭിക്കുക. സ്ത്രീ സുരക്ഷയുടെ ഭാഗമായി വനിതാ ടാക്സികള്‍ക്കായുള്ള ആവശ്യം ഒമാനില്‍ ശക്തമാണ്. പുരുഷ ഡ്രൈവര്‍മാരുടെ വാഹനത്തില്‍ തനിച്ച്‌ യാത്ര ചെയ്യേണ്ടിവരുന്നത് മൂലമുള്ള പ്രയാസം പരിഹരിക്കുന്നതിന് വനിതകള്‍ ഡ്രൈവ് ചെയ്യുന്ന ടാക്സി വേണമെന്നായിരുന്നു സ്ത്രീകളുടെ ആവശ്യം. സൗദിയിലുള്ളതു പോലെ വനിതകള്‍ക്ക് വാഹനമോടിക്കുന്നതിന് നിരോധനമുണ്ടായിരുന്നില്ലെങ്കിലും ടാക്സി ഡ്രൈവര്‍മാരാകുന്നതിന് അനുവാദമുണ്ടായിരുന്നില്ല. പുതിയ തീരുമാനത്തോടെ ഇതിനുള്ള അവസരമാണ് സ്ത്രീകള്‍ക്ക് ലഭ്യമായിരിക്കുന്നത്.

ബിസിനസിലും തൊഴിലിലും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ അവകാശങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ഒമാന്‍ ട്രാഫിക് പോലിസ് പറഞ്ഞു. പുതിയ ട്രാഫിക് നിയമങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനോടനുബന്ധിച്ചാണ് ഒമാന്‍ ഭരണകൂടം വനിതാ ടാക്സി ആരംഭിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. വനിതാ ടാക്സി ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തി. നിലവിലെ ഓറഞ്ച്, വെള്ള നിറങ്ങളിലുള്ള ടാക്സികളില്‍ നിന്ന് വ്യത്യസ്തമായി വനിതാ ടാക്സികള്‍ക്ക് പിങ്ക്, നീല, വെള്ള എന്നീ നിറങ്ങളാവും ഉണ്ടാവുക. പെട്ടെന്ന് തിരിച്ചറിയാനുള്ള സൗകര്യത്തിനു വേണ്ടിയാണ് നിറംമാറ്റം.

ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സീറ്റ് ബെല്‍റ്റിടല്‍ നിര്‍ബന്ധമാക്കുകയും നാലു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് വേണമെന്ന് നിഷ്ക്കര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്. നിയമലംഘധകര്‍ക്ക് ശക്തമായ ശിക്ഷയാണ് പുതിയ നിയമം നിര്‍ദ്ദേശിക്കുന്നത്. ദുബായ് ആണ് സ്ത്രീകള്‍ക്ക് ടാക്സി ഡ്രൈവര്‍മാരാവാന്‍ അവസരം നല്‍കിയ ആദ്യ അറബ് ഭരണകൂടം. 2007ല്‍ രാത്രി വൈകി വിമാനത്താവളത്തിലെത്തുന്ന വനിതകള്‍ക്കായാണ് ദുബയ് വനിതാ ടാക്സികള്‍ ആരംഭിച്ചത്. പിന്നീട് യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button