
ഡിജിറ്റല്‍ യുഗത്തില്‍ മരണം പോലും കംപ്യൂട്ടറുകള്‍ പ്രവചിക്കുന്ന കാലം വിദൂരമല്ല. ഏതൊരു പ്രഗല്ഭ ഡോക്ടറേയും വെല്ലുന്ന 90 ശതമാനം കൃത്യതയില്‍ മരണം പ്രവചിച്ചാണ് കംപ്യൂട്ടര്‍ കൃത്രിമബുദ്ധി (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്) ശ്രദ്ധ നേടുന്നത്. ഒരു ആശുപത്രിയിലെ രോഗികളുടെ മരണം എപ്പോള്‍ സംഭവിക്കുമെന്നതാണ് കൃത്രിമബുദ്ധി അദ്ഭുതപ്പെടുത്തുന്ന കൃത്യതയില്‍ പ്രവചിച്ചിരിക്കുന്നത്.
ഒറ്റനോട്ടത്തില്‍ മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയെന്ന് തോന്നുമെങ്കിലും നല്ല ലക്ഷ്യം മുന്നില്‍ കണ്ടാണ് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഇത്തരമൊരു അല്‍ഗോരിതം വികസിപ്പിച്ചെടുത്തിരിക്കുന്നത്. അതീവഗുരുതരാവസ്ഥയിലും ഗുരുതരാവസ്ഥയിലുമുള്ള രോഗികള്‍ എത്രകാലം കൂടി ജീവിക്കുമെന്ന കണക്കുകൂട്ടലാണ് കംപ്യൂട്ടറിന്റെ സഹായത്തില്‍ കൃത്രിമബുദ്ധി ഉപയോഗിച്ച് ഇവര്‍ ചെയ്തത്. അധികം ആയുസ്സില്ലാത്ത രോഗിക്ക് കൂടുതല്‍ അത്യന്താധുനിക ചികിത്സയും സൗകര്യങ്ങളും നല്കുന്നതിനേക്കാള് ജീവിക്കാന്‍ സാധ്യതയുള്ള രോഗികള്‍ക്ക് കൂടുതല്‍ കരുതല്‍ നല്‍കുന്നതിന് ഡോക്ടര്‍മാരെ സഹായിക്കാനാണ് ഈ അല്‍ഗോരിതം നിര്‍മിച്ചവരുടെ അവകാശവാദം.
സ്റ്റാന്‍ഫോഡിലെ ആശുപത്രിയിലെ 1.60 ലക്ഷം രോഗികളുടെ തന്നെ ഡിജിറ്റല്‍ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഈ കൃത്രിമബുദ്ധി മരണം പ്രവചിക്കുന്നത്. 40000ത്തോളം രോഗികളില്‍ എത്രപേര്‍ മൂന്ന് മുതല്‍ 12 മാസത്തിനകം മരിക്കുമെന്ന ചോദ്യത്തിന് ഈ കൃത്രിമബുദ്ധി നല്കിയ ഉത്തരം 90 ശതമാനം ശരിയായിരുന്നു. അതായത് 90 ശതമാനം കൃത്യതയോടെ ഈ പ്രോഗ്രാമിന് മരണം പ്രവചിക്കാനായി. അതിനേക്കാള്‍ കൃത്യതയോടെയാണ് ആരെല്ലാം നിശ്ചിതകാലയളവില്‍ മരണത്തെ അതിജീവിക്കുമെന്നതിന്റെ ഉത്തരം. ഗവേഷകര്‍ നിര്‍മിച്ച കൃത്രിമബുദ്ധി പ്രവചിച്ചവരില്‍ 95 ശതമാനം പേരും മരണത്തെ അക്കാലയളവില്‍ അതിജീവിക്കുക തന്നെ ചെയ്തു.
കൂടുതല്‍ രോഗികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുക വഴി ഈ സംവിധാനത്തിന്റെ കാര്യക്ഷമത ഇനിയും വര്‍ധിക്കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. കംപ്യൂട്ടറിന്റെ തീരുമാനത്തെ മാത്രം അടിസ്ഥാനമാക്കിയാവരുത് ഡോക്ടര്‍മാര്‍ രോഗികളുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ഗവേഷകസംഘത്തിലെ കീനത്ത് യുങ് ഓര്‍മിപ്പിക്കുന്നുണ്ട്. കൃത്രിമ ബുദ്ധി നല്കുന്ന ഫലങ്ങളെ വിലയിരുത്തുന്നവരുടെ സംഘത്തില്‍ തീര്‍ച്ചയായും ഒരു വിദഗ്ധനായ ഡോക്ടര്‍ വേണമെന്നും ആ ഡോക്ടറുടെ കൂടി അഭിപ്രായം മാനിച്ചേ അന്തിമ തീരുമാനങ്ങളിലെത്താവൂ എന്നും ഇവര്‍ ഓര്‍മിപ്പിക്കുന്നു.
Post Your Comments