ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യ തോല്‍വി മണക്കുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് 187 റണ്‍സില്‍ അവസാനിച്ചു. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യയുടെ പേര് കേട്ട ബാറ്റിംഗ് നിര തകര്‍ന്നടിയുകയായിരുന്നു.
ഇന്ത്യന്‍ നിരയിലെ ഏഴ് പേരാണ് രണ്ടക്കം കാണാതെ പുറത്തായത്. റണ്‍ നേടാനാകാതെ ഓപ്പണര്‍ കെ എല്‍ രാഹുലാണ് വിക്കറ്റ് വീഴ്ചയ്ക്ക് തുടക്കമിട്ടത്. തൊട്ടു പിന്നാലെ എട്ട് റണ്‍സുമായി മുരളി വിജയ്#യും പുറത്തായി. എന്നാല്‍ പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന പൂജാരയും വിരാട് കോഹ്ലിയും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും കോഹ്ലി 54ല്‍ പുറത്തായി. പൂജാര 50 റണ്‍സ് നേടി.
രോഹിത്തിന് പകരം എത്തിയ രഹാനെയും നിരാശപ്പെടുത്തി . വെറും 9 റണ്‍സ് മാത്രമാണ് താരം നേടിയത്. 2 റണ്‍സെടുത്ത് പാര്‍ത്ഥിവ് പട്ടേലും റണ്‍സൊന്നുമെടുക്കാതെ ഹാര്‍ദ്ദിക് പാണ്ഡ്യയും പവലിയനില്‍ തിരികെ എത്തി.
വാലറ്റക്കാരനായ ഭുവനേശ്വര്‍ കുമാറിന്റെ ചെറുത്തുനില്‍പ്പാണ് ഇന്ത്യന്‍ സ്‌കോറ് 150 കടത്തിയത്. ഭുവി 30 റണ്‌സാണ് എടുത്തത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കഗിസോ റബാഡ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മോണി മോര്‍ക്കല്‍, ഫിലാന്‍ഡര്‍, അന്‍ഡിലെ ഫെലിക്വാവായോ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ലുങ്കിസാനി എങ്കിഡി ഒരു വിക്കറ്റും വീഴ്ത്തി.
Post Your Comments