Latest NewsNewsSpecials

ആവിയായി അവശേഷിക്കുന്ന വിജിലൻസ് കേസുകൾ നൽകുന്ന സൂചനകൾ

എല്ലാം ശരിയാക്കാൻ വന്ന പിണറായി സർക്കാർ അഴിമതിക്കാർക്ക് കുടപിടിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. അധികാരത്തിൽ കേറിയാൽ ഉടനെ ഇതുവരെ നടന്ന അഴിമതികൾ എല്ലാം തെളിവ് സഹിതം പുറത്തു കൊണ്ടുവരുകയും അവരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ച ജനങ്ങളെ മണ്ടൻമാറാക്കി കൊണ്ടുള്ള പ്രവർത്തിയാണ് പിണറായി സർക്കാർ നടത്തുന്നത്. പ്രതിപക്ഷത്തിരുന്നപ്പോൾ എന്തായിരുന്നു ഉശ്ശിര് … രാഷ്ട്രീയ പ്രക്ഷോഭങ്ങൾ ഉണ്ടാക്കി ശ്രദ്ധ നേടുകയും അടുത്ത തിരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിയാൽ ഈ പ്രശ്നങ്ങൾക്ക് ഉടൻ ആധി പരിഹാരം എന്നെല്ലാം വാഗ്ദാനം നൽകിയ പിണറായി സർക്കാരിന്റെ മുന്നിൽ ഇപ്പോൾ ഈ കേസുകൾ ആവിയായി പോകുന്ന കാഴ്ചയാണ് ഇപ്പോൾ.

പ്രതിപക്ഷത്തിരുന്നപ്പോള്‍ ഇടതുപക്ഷം നൂറുമേനി രാഷ്ട്രീയനേട്ടംകൊയ്ത അഴമതിക്കേസുകള്‍ക്ക് തെളിവുകൾ ഇല്ലാതെ ആവുകയാണ്. കെ.എം. മാണിക്കെതിരേയും കെ. ബാബുവിനെതിരേയും ഉയര്‍ന്ന ബാര്‍ കോഴ കേസുകളാണ് ഇവയില്‍ മുഖ്യം. ഉമ്മന്‍ചാണ്ടിയെയും ഒരു ഡസന്‍ യു.ഡി.എഫ്. നേതാക്കളെയും ഷോക്കടിപ്പിച്ച സോളാര്‍ കേസിലും ഇടതുസര്‍ക്കാരിന് മുന്നോട്ടുനീങ്ങാനാകുന്നില്ല. ഇ.പി. ജയരാജന്റെ പേരില്‍ ഉയര്‍ന്ന ബന്ധുനിയമന കേസ്, തോമസ് ചാണ്ടിയുടെ മന്ത്രിപദം തെറിപ്പിച്ച കായല്‍ കൈയേറ്റ കേസ് എന്നിവയിലെല്ലാം വിജിലന്‍സ് പിന്നാക്കംപോകുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു ? രാഷ്ട്രീയ കൊടുക്കൽ വാങ്ങലുകൾ ആണോ? അപ്പോൾ ഇത്ര പ്രതിബദ്ധതയെ സമൂഹത്തിനോട് ഇവർക്കുള്ളൂ ?

മുന്‍മന്ത്രി എ.കെ. ശശീന്ദ്രന്റെ പേരിലുള്ള കേസ്, മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്റെ നിയമനത്തിനെതിരേയുള്ള കേസ്, ടി.പി. ദാസനെതിരേയുള്ള കായിക ലോട്ടറി അഴിമതിക്കേസുകളിലെല്ലാം തെളിവുകണ്ടെത്താനാ കാതെ പോകുന്നത് സര്‍ക്കാരിന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയിലാണ് സി.പി.എമ്മിലും സി.പി.ഐ.യിലും ഒരുവിഭാഗം . ചില കേസുകളിലെങ്കിലും രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്കനുസൃതമായാണ് വിജിലന്‍സിന്റെ നിഗമനങ്ങള്‍ ഉണ്ടാകുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കോടതി പലകുറി അഭിപ്രായപ്പെട്ടിട്ടും മുഴുസമയ വിജിലന്‍സ് ഡയറക്ടറെപ്പോലും നിയമിക്കാന്‍ സര്‍ക്കാറിനു കഴിഞ്ഞിട്ടില്ല.

കേസുകളുടെ ‘ഗതി’

ബാര്‍ കോഴ

കെ.എം മാണിക്കെതിരായ ബാര്‍കോഴക്കേസില്‍ മാണിയുടെ കുരുക്കഴിഞ്ഞു തുടങ്ങുന്നു. മാണിയ്ക്കെതിരെ സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേസില്‍ അന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി വിജിലന്‍സിനോട് ഉത്തരവിട്ടു. അതിനിടയില്‍ അന്തിമറിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. 30 ദിവസം അന്വേഷണം നടത്താനും 15 ദിവസം റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാനുമാണ് കോടതി നല്‍കിയിരിക്കുന്നത്. കോഴയാരോപണത്തിനു തെളിവില്ലെന്ന് ആദ്യ അന്വേഷണത്തിലും പിന്നീട് നടത്തിയ തുടരന്വേഷണത്തിലും വിജിലന്‍സ് കണ്ടെത്തിയിട്ടും രണ്ടാംവട്ടവും തുടരന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട സിഡിയില്‍ കൃത്രിമമുണ്ടെന്നുള്ള ഫോറന്‍സിക് റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

എന്നാൽ ഇപ്പോൾ കേരള കോണ്‍ഗ്രസ് ഇടതുമുന്നണയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്. സി.പി.ഐ.യുടെ എതിര്‍പ്പുണ്ടെങ്കിലും മാണിയെ മുന്നണിയിലെടുക്കണമെന്നാണ് സി.പി.എമ്മിന്. കോടതിയില്‍നിന്ന് സമയം നീട്ടിവാങ്ങുന്നതല്ലാതെ പുതുതായി എന്തെങ്കിലും തെളിവുകണ്ടെത്താന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നത് മുന്നണിയിലെടുക്കുന്നതിനുള്ള മുന്നൊരുക്കമാണെന്ന വിമര്‍ശനമുണ്ട്.

സോളാര്‍

മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻചാണ്ടിയെയും ഒരു ഡസൻ നേതാക്കന്മാരെയും പ്രതിയാക്കി സരിത നൽകിയ പരാതിയിൽ കോൺഗ്രസ്സ് നാണംകെട്ടു. ലൈംഗിക ആരോപണം വരെ ഉയർന്ന ഈ കേസിലൂടെ കോൺഗ്രസ്സിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റു. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നെങ്കിലും മുന്നോട്ടുനീങ്ങുന്നില്ല. ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറല്ല. പീഡനമടക്കമുള്ള പരാതികള്‍ക്ക് തെളിവില്ലെന്നും തുടര്‍നടപടി തിരിച്ചടിക്കുമെന്നുമുള്ള നിയമോപദേശം സര്‍ക്കാരിനെ വെട്ടിലാക്കി.

കെ. ബാബു

കെ. ബാബുവിന് 50 ലക്ഷം രൂപ കോഴനല്‍കിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിനെ കേരളത്തെ ഞെട്ടിച്ചു. അഴിമതിയിൽ മുങ്ങിയ ഒരു ഭരണമായി കോൺഗ്രസ്സ് മാറി എന്നും അണികൾക്കിടയിൽ തന്നെ എതിർപ്പുകൾ ഉയർന്നു. എന്നാൽ കെ. ബാബുവിനെതിരായ അന്വേഷണം അദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒതുങ്ങി. ഈ കേസിലും തെളിവൊന്നും കണ്ടെത്താനായില്ലെന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് കോടതിയില്‍ നല്‍കിയത്.

തോമസ് ചാണ്ടി

മന്ത്രിസ്ഥാനം രാജി വയ്പ്പിച്ചെങ്കിലും കേസ് ഹൈക്കോടതിയില്‍ വന്നപ്പോള്‍ തോമസ് ചാണ്ടിയോട് മൃദുസമീപനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. കൈയേറ്റം നടന്നെന്ന കളക്ടറുടെ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് അദ്ദേഹത്തെ പരോക്ഷമായി സഹായിക്കുന്ന സമീപനം. തുടര്‍ന്ന് കൈയേറ്റം പ്രാദേശികസമിതി പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ മാറ്റിപ്പണിതു. നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയ ആദ്യസംഘത്തിലെ ആരും പുതിയ സംഘത്തിലില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button