സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തത്. ബിജുവിന്റെ ഇളയമകന്‍ യദു പരമേശ്വരന്‍ ( അച്ചു 19) ആണ് മരിച്ചത്. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയില്‍ ബിസിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.
മുത്തച്ഛൻ കെ. പരമേശ്വരൻപിള്ളയുടെ വീടായ തിരുമുല്ലവാരം വിഷ്ണത്തുകാവ് പൊയിലക്കട കോമ്പൗണ്ടിൽ ശ്രീലതയിൽ ആയിരുന്നു താമസം. ഹരി പരമേശ്വരൻ ആണ് സഹോദരൻ. യദുവിന്റെ അമ്മ രശ്മിയെ 2006 ഫെബ്രുവരി 4ന് വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. രശ്മി മരിച്ച കേസിൽ ബിജു രാധാകൃഷ്ണനെ ജില്ലാ കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. എന്നാൽ ഹൈക്കോടതി പിന്നീട് ബിജു രാധാകൃഷ്ണനെ വിട്ടയച്ചു.
2006 ഫെബ്രുവരി മൂന്നിനു രാത്രിയിലാണു കൊല്ലം കുളക്കടയിൽ ബിജു രാധാകൃഷ്ണന്റെ വീട്ടിൽ രശ്മി കൊല്ലപ്പെട്ടത്. ‘കൊല്ലപ്പെട്ട ദിവസം അച്ഛന്റെ മർദ്ദനത്തെ തുടർന്ന് അമ്മയുടെ മൂക്കിൽ നിന്ന് രക്തം വന്നു. അമ്മയുടെ വായിൽ ബ്രൗൺ നിറമുള്ള ദ്രാവകം ഒഴിച്ച് വീണ്ടും മർദ്ദിച്ചു. തുടർന്ന് അച്ഛൻ അമ്മയുടെ കൈയിൽ പിടിച്ച് വലിച്ചിഴച്ച് കുളിമുറിയിലേക്ക് കൊണ്ടുപോയി. താൻ കരഞ്ഞ് ഉറങ്ങിപ്പോയെന്നും അടുത്ത ദിവസം അമ്മ കുളിമുറിയിൽ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്നും’ മകൻ മൊഴി നൽകിയിരുന്നു.
ഭാര്യ രശ്മിക്കു മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം വലിച്ചിഴച്ചു കുളിമുറിയിലെത്തിച്ചു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു ബിജുവിനെതിരെയുള്ള കേസ്. കൊലപാതകം, സ്ത്രീപീഡനം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ബിജുവിനെതിരെ ചുമത്തിയിരുന്നത്. സ്ത്രീപീഡനം, തെളിവു നശിപ്പിക്കാൻ കൂട്ടുനിൽക്കൽ എന്നീ കുറ്റങ്ങളായിരുന്നു ബിജുവിന്റെ അമ്മ രാജമ്മാളിനെതിരെ ചുമത്തിയിരുന്നത്.
ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. സ്ത്രീധന പീഡന കുറ്റം മാത്രമായിരുന്നു ആദ്യം ബിജുവിന് എതിരെ ചുമത്തിയിരുന്നത്. സോളര്‍കേസില്‍ ബിജു രാധാകൃഷ്ണന്‍ പ്രതിസ്ഥാനത്തെത്തിയപ്പോഴാണ് പോലീസ് കൊലക്കുറ്റം ചുമത്തിയത്. സോളാര്‍ തട്ടിപ്പ് കേസില്‍ കൂട്ടാളിയായിരുന്ന സരിത എസ് നായരെ സ്വന്തമാക്കാന്‍ ഭാര്യ രശ്മിയെ ബിജു രാധാകൃഷ്ണന്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.
ബിജുവിന് ജീവപര്യന്തം തടവും പിഴയും രാജമ്മാളിന് മൂന്നുവര്‍ഷത്തെ തടവുമായിരുന്നു വിചാരണ കോടതി വിധിച്ചിരുന്നത്. എന്നാല്‍ ഇരുവരെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു.
കേസിൽ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയുമായിരുന്നു വിചാരണക്കോടതിയുടെ ശിക്ഷാവിധി. ഇതിനെതിരെ ബിജു രാധാകൃഷ്ണൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബിജുവിനെതിരെ പ്രോസിക്യൂഷൻ നിരത്തിയ തെളിവുകൾ കുറ്റക്കാരനെന്നു വിധിക്കാൻ പര്യാപ്തമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തൽ.
ബിജു രാധാകൃഷ്ണൻ ഹൈക്കോടതിയിൽ നേരിട്ടെത്തിയാണ് കേസ് വാദം നടത്തിയത്. അഭിഭാഷകർ മുഖേനെയല്ലാതെ എത്തുന്ന ഹർജിക്കാരെ പെറ്റിഷണർ ഇൻ പേഴ്‌സൻ എന്ന നിലയിൽ വാദിക്കാൻ ഹൈക്കോടതി അനുവദിക്കാറുണ്ടെങ്കിലും കൊലക്കേസ് പ്രതിക്ക് നേരിട്ട് വാദിക്കാൻ അനുമതി നൽകുന്നത് അപൂർവമാണ്. കീഴ്‌ക്കോടതികളിൽ യഥാർഥ വസ്തുതകൾ നേരിട്ട് ബോധിപ്പിക്കാൻ കഴിയാതിരുന്നതിനാലാണ് ഹൈക്കോടതിയിൽ സ്വന്തം നിലയ്ക്ക് വാദം നടത്താൻ തീരുമാനിച്ചതെന്ന് ബിജു രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൊലക്കുറ്റം, സ്ത്രീപീഡനം, ശാരീരിക പീഡനം, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ബിജുവിനെതിരെ ചുമത്തിയിരുന്നത്.
തന്റെ നഗ്‌നഫോട്ടോകൾ എടുത്ത് ബിജു രാധാകൃഷ്ണൻ ബ്ലാക്മെയിൽ ചെയ്തുവെന്നായിരുന്നു സോളാർ കേസിലെ ഒന്നാം പ്രതിയും ബിജു രാധാകൃഷ്ണന്റെ പങ്കാളിയുമായിരുന്ന സരിതയുടെ മൊഴി. നഗ്‌നഫോട്ടോകൾ കാട്ടി ബിജു പലരിൽ നിന്നും പണം തട്ടി. ബിജു നിരന്തരം ഉപദ്രവിക്കുമായിരുന്നു. തലയ്ക്ക് അടിച്ചാണ് പീഡിപ്പിച്ചിരുന്നത്. ഇത്തരത്തിലാകാം ആദ്യ ഭാര്യ രശ്മിയെ വധിച്ചതെന്നും സരിത മൊഴി നൽകിയിരുന്നു.
മൊഴി നൽകുന്നതിനിടെ സരിത പല തവണ പൊട്ടിക്കരഞ്ഞു. അമ്മ രശ്മിയെ കൊന്നത് അച്ഛനാണെന്ന് മകനും മൊഴി നൽകിയിരുന്നു. മകൻ അച്ഛനെ അയാൾ എന്നാണ് കോടതിയിൽ വിശേഷിപ്പിച്ചത്. അമ്മയെ കൊന്നയാളെ അച്ഛൻ എന്ന് വിളിക്കാൻ കഴിയില്ലെന്ന് മകൻ കോടതിയിൽ പറഞ്ഞു.
Post Your Comments