Latest NewsIndiaNews

തൊഗാഡിയയുടേത് കള്ളക്കഥയെന്ന് പോലീസ് : പോലീസ് പോയത് പിൻവലിച്ച കേസിൽ : രാജ്‌നാഥ്‌ സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടു.

ന്യൂഡൽഹി: ഏറ്റുമുട്ടലില്‍ തന്നെ കൊലപ്പെടുത്താന്‍ നീക്കംനടന്നെന്ന വി.എച്ച്‌.പി. നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ ആരോപണം കള്ളക്കഥയാണെന്നതിന് പോലീസ് തെളിവുകള്‍ നിരത്തി. അതെ സമയം പോലീസിനെതിരെ ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ്‌ സിംഗ് രംഗത്തെത്തി. മൂന്നു വര്‍ഷംമുന്‍പ് പിന്‍വലിച്ച കേസിലാണ് തൊഗാഡിയയ്ക്ക് പോലീസ് വാറന്റുമായി പോയതെന്ന് വ്യക്തമാക്കിയ രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി അന്വേഷണവും പ്രഖ്യാപിച്ചു.

തൊഗാഡിയ പത്രസമ്മേളനത്തില്‍ പറഞ്ഞത് ഏറ്റുമുട്ടലില്‍ വധിക്കുകയെന്ന ലക്ഷ്യവുമായെത്തിയ പോലീസിനെ വെട്ടിച്ച്‌ താൻ ഒളിവിൽ പോകുകയും അബോധാവസ്ഥയിൽ ആകുകയുമായിരുന്നു എന്നാണ്. പഴയ കേസിലെ വാറന്റുമായി എത്തിയ രാജസ്ഥാന്‍ പോലീസ് സംഘം തന്നെ കൊലപ്പെടുത്തുമെന്ന സൂചന ലഭിച്ചെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, ഈ കേസ് 2015-ല്‍ വസുന്ധരരാജെ സര്‍ക്കാര്‍ പിന്‍വലിച്ചതാണെന്ന് രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കടാരിയ ബുധനാഴ്ച അറിയിച്ചു.

നിരോധനാജ്ഞ ലംഘിച്ച്‌ ഒരു യോഗത്തില്‍ പങ്കെടുത്തതിനാണ് പോലീസ് കോസെടുത്തത്. കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു അന്ന് അധികാരത്തില്‍. കേസില്‍ തൊഗാഡിയ അടക്കം 16 പ്രതികളുണ്ട്. മറ്റുള്ളവരൊക്കെ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. തൊഗാഡിയയുടെ സമന്‍സ് പലവട്ടം മടങ്ങിയതിനെത്തുടര്‍ന്ന് വാറന്റായി. എന്നാല്‍, പിന്‍വലിച്ച കേസില്‍ സര്‍ക്കാരിനെ അറിയിക്കാതെ തൊഗാഡിയയെപ്പോലെ ഒരു നേതാവിനെ അറസ്റ്റുചെയ്യാന്‍ പോലീസ് പോയതിനെ കടാരിയ വിമര്‍ശിച്ചു.

ഇതേക്കുറിച്ച്‌ ഉന്നതതല അന്വേഷണം നടത്തുമെന്നും ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ലഭിക്കാത്തതുകൊണ്ടാണ് കോടതിയുടെ നടപടിയുണ്ടായതെന്ന് മധേപോര്‍ എസ്.പി. വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഏറ്റുമുട്ടലിൽ നിന്ന് രക്ഷപെടാൻ ഒളിവിൽ പോയെന്ന തൊഗാഡിയയുടെ വാദം കളവാണെന്നാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ജെ.സി.പി. ഭട്ട് പറയുന്നത്. സി.സി.ടി.വി., തെളിവുകളും ഫോണ്‍ ദൃശ്യങ്ങളും പരിശോധിച്ചാണ് വ്യക്തതവരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനില്‍നിന്ന് മൂന്നു പോലീസുകാരാണ് തൊഗാഡിയയെ തേടിവന്നത്. അദ്ദേഹത്തെ വീട്ടില്‍ കാണാത്തതിനാല്‍ ഇവര്‍ സോല പോലീസ് സ്റ്റേഷനില്‍പ്പോയി ഇക്കാര്യം രേഖപ്പെടുത്തി മടങ്ങുകയും ചെയ്തു. ഒരു സുഹൃത്തിന്റെ വീട്ടില്‍ പകല്‍ മുഴുവന്‍ കഴിഞ്ഞ തൊഗാഡിയ അയാളുടെ കാറിലാണ് പുറത്തുപോയത്. കാറിന്റെ ഡ്രൈവറാണ് ഫോണ്‍ വിളിച്ച്‌ ആംബുലന്‍സ് വരുത്തിയത്. ആസ്​പത്രിയുടെ ഉടമസ്ഥന്‍ തൊഗാഡിയയുടെ സുഹൃത്താണ്. ഇദ്ദേഹവുമായി സംഘം പലവട്ടം ബന്ധപ്പെട്ടതിനും തെളിവുണ്ട്.

ഇസഡ് പ്ളസ് സുരക്ഷയുള്ള തൊഗാഡിയ സുരക്ഷാഭടന്മാരെ സ്വയം പറഞ്ഞയച്ചാണ് ഒളിവില്‍പ്പോയത്. ഏറ്റുമുട്ടല്‍ കൊലപാതകമെന്ന ആരോപണം വസ്തുതാവിരുദ്ധമാണ് -ഭട്ട് വ്യക്തമാക്കി. പ്രവീണ്‍ തൊഗാഡിയയെ കാണാതായ സംഭവത്തില്‍ രോഷാകുലരായ അനുയായികള്‍ ന്യൂനപക്ഷക്കാര്‍ക്കുനേരേ ആക്രമണം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button