ന്യൂഡല്‍ഹി: രാജസ്ഥാന്‍, ഗുജറാത്ത് സര്‍ക്കാരുകള്‍ തന്നെ വേട്ടയാടുന്നെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. തന്നെ കൊലപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ടെന്ന് പ്രവീണ്‍ തൊഗാഡിയ മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച കാണാതായ തൊഗാഡിയയെ മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് തൊഗാഡിയയ്ക്ക് ബോധക്ഷയമുണ്ടായതെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തൊഗാഡിയയെ തിങ്കളാഴ്ച രാവിലെ മുതല്‍ കാണാനില്ലെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അനുയായികള്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ ഒരു പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
അറുപത്തിരണ്ടുകാരമായ തൊഗാഡിയയെ രാജസ്ഥാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് അനുയായികള്‍ പ്രകടനവും നടത്തി. ബിജെപിയാണ് രാജസ്ഥാന്‍ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതിഷേധത്തിന് പുതിയ തലവും നല്‍കി. ഗുജറാത്തിലാണ് പ്രവീണ്‍ തൊഗാഡിയയുടെ പ്രവര്‍ത്തന കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അഭിപ്രായ ഭിന്നതകള്‍ ഏറെയുള്ള വ്യക്തിയാണ് തൊഗാഡിയ. അതുകൊണ്ട് തന്നെ പൊലീസ് തട്ടിക്കൊണ്ട് പോയെന്നത് പരിവാര്‍ കേന്ദ്രങ്ങളില്‍ പോലും ആശക്കുഴപ്പമുണ്ടാക്കി.
എന്നാല്‍ പൊലീസ് ഇക്കാര്യം നിഷേധിച്ചിരുന്നു. പഴയൊരു കേസുമായി ബന്ധപ്പെട്ട അറസ്റ്റ് വാറണ്ട് നടപ്പാക്കാന്‍ സോല സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് തിങ്കളാഴ്ച രാവിലെ വിഎച്ച്‌പി ആസ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചിരുന്നു
Post Your Comments