ത്രിലോകിതാ മേനോന്‍
ഒടുവില്‍ അക്കാര്യത്തിനും തീരുമാനമായി. മുന്നണിമാറ്റം ഉറപ്പിച്ച് ജെഡിയു കേരള ഘടകം. നിലവില്‍ യുഡിഎഫിനൊപ്പം നില്‍ക്കുന്ന വീരേന്ദ്രകുമാറിന്റെ ജെഡിയു എല്‍ഡിഎഫ് മുന്നണിയിലേക്ക് പ്രവേശിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് പര്യവസാനം. ഇന്നലെ നടന്ന നേതൃത്വയോഗത്തില്‍ സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും മുന്നണിമാറ്റത്തെ ഐക്യകണ്‌ഠേന അംഗീകരിച്ചു. മുന്നണിമാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന മുന്‍ മന്ത്രി കൂടിയായ കെ.പി മോഹനനും അവസാനം മുന്നണിമാറ്റത്തെ അംഗീകരിക്കുകയായിരുന്നു. ഇടതുമുന്നണിയിലേക്ക് പോകേണ്ട അനുയോജ്യമായ സമയമാണിതെന്ന് സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ വളരെ വ്യക്തമായി തന്നെ വ്യക്തമാക്കി. അതേസമയം, ഇടത് മുന്നണിയില്‍ ചേരാനുള്ള തീരുമാനത്തില്‍ സംസ്ഥാന ഭാരവാഹികളില്‍ ഒരു വിഭാഗം ഇപ്പോഴും ശക്തമായ വിയോജിപ്പിലാണ്. തന്റെ നിലപാട് വീരേന്ദ്രകുമാര്‍ യോഗത്തില്‍ വ്യക്തമാക്കിയതിന് പിന്നാലെ പാലക്കാട് നിന്നുള്ള സംസ്ഥാന സെക്രട്ടറിയായ ജോണ്‍ ജോണ്‍ ഇതിനെ എതിര്‍ത്തിരുന്നു. തുടര്‍ന്ന് രാജിവച്ചതായി അറിയിച്ചുകൊണ്ട് ഇദ്ദേഹം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. എന്നാലും ഇതൊന്നും വീരേന്ദ്രകുമാറിന്റെ ഒരു രോമത്തെപ്പോലും ബാധിച്ചിട്ടില്ല എന്ന് ഇങ്ങനെ വെറുതെ കിടന്ന് വായിട്ടലയ്ക്കുന്നവര്‍ക്കറിയില്ലല്ലോ എന്ന കാര്യം ആലോചിക്കുമ്പോഴാണ് കഷ്ടം.
വീരേന്ദ്രകുമാറിനെ അനുകൂലിക്കുന്നവരോടും പ്രതികൂലിക്കുന്നവരോടും ഒരു കാര്യം ചോദിച്ചോട്ടെ? അല്ല, വീരേന്ദ്രകുമാര്‍ ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനം എടുത്തതിനു പിന്നിലെ കാരണമെന്താണ്? പെട്ടന്നൊരു പാര്‍ട്ടീ ചാഞ്ചാട്ടത്തിന് പിന്നിലെ നിജസ്ഥിതി എന്താണ്? ആരെങ്കിലും അതിനെ കുറിച്ച് ചിന്തിച്ചു നോക്കിയോ? എന്തിന് അല്ലെ ? നമുക്ക് നമ്മുടെ കാര്യം മാത്രം നോക്കിയാല്‍ മതിയല്ലോ….വീരേന്ദ്രകുമാര്‍ പാര്‍ട്ടി മാറിയാലും ഇല്ലെങ്കിലും സാധാരണക്കാന് ഒരുചുക്കുമില്ല. വീരേന്ദ്രകുമാര്‍ പാര്‍ട്ടി മാറിയാലും ഇല്ലെങ്കിലും ഞങ്ങളുടെയൊക്കെ വീട്ടില്‍ അരി വേവും. പക്ഷേ എല്ലാവര്‍ക്കും ഇത്തരത്തില്‍ ചിന്തിക്കാന്‍ കഴിയില്ലല്ലോ? കാരണം വീരേന്ദ്രകുമാര്‍ ഒരു കാരണവുമില്ലാതെ ഇപ്പുറത്തുനിന്നും അപ്പുറത്തേക്ക് ചാടില്ല. കാരണം അയാള്‍ക്ക് കളി അറിയാം. അതുകൊണ്ട് തന്നെ വീരേന്ദ്രകുമാറിനെ ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ക്കും ഒരു പ്രയോജനം ഉണ്ടാകാതിരിക്കില്ല. അപ്പോള്‍ പിന്നെ നമുക്ക് ഒന്നുറപ്പിക്കാം, അധികാരമോഹം തന്നെയാകണം വീരേന്ദ്രകുമാറിന്റെ മനംമാറ്റത്തിനു പിന്നിലെ കാരണവും.
തന്റെ പഴയ പാര്‍ട്ടിയായ സോഷ്യലിസ്റ്റ് ജനത -ഡെമോക്രാറ്റിക് (എസ്‌ജെഡി) പുനരുജ്ജീവിപ്പിച്ച് എല്‍ഡിഎഫില്‍ എത്തുകയെന്നത് അത്ര നിസാരപ്പെട്ട കാര്യമല്ല, അത്രയും കഷ്ടപ്പെട്ട് വീരേന്ദ്രകുമാര്‍ അത് സാധിച്ചെടുത്തെങ്കില്‍ നമുക്ക് ഒന്നുറപ്പിക്കാം പഴയ അടവുകള്‍ പൊടിതട്ടിയെടുക്കാന്‍ തുടങ്ങിയെന്ന്.
ജനതാദള്‍ യുണൈറ്റഡ് യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേരുന്നുവെന്ന സൂചനകള്‍ക്ക് പിന്നാലെ രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്ന് വീരേന്ദ്രകുമര്‍ നേരത്തെ അറിയിച്ചിരുന്നു.
പാര്‍ട്ടി അധ്യക്ഷനും ബിഹാറില്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, കോണ്‍ഗ്രസും ആര്‍ജെഡിയുമായുള്ള സഖ്യം ഉപേക്ഷിച്ച് ബിജെപിക്കൊപ്പം പോയതോടെ ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലെന്ന് വീരേന്ദ്രകുമാറിനും തോന്നിയിട്ടുണ്ടാകും. ഒന്നാലോചിച്ചാല്‍ വീരേന്ദ്രകുമാറിനെയും നമുക്ക് കുറ്റം പറയാനാകില്ലല്ലോ? എല്ലാവരും എന്ന് പറയാനാകില്ലെങ്കിലും ഭൂരിഭാഗം ആളുകളും രാഷ്ട്രീയത്തിലേക്ക് വരുന്നത് അധികാരം മോഹിച്ചിട്ട് തന്നെയാണല്ലോ? ഇപ്പോ കേന്ദ്രം കൂടി കാലു മാറിയപ്പോഴേക്കും തനിക്ക് ഇനി ഇവിടെ യാതൊരു പ്രധാന്യവും ഇല്ലെന്ന് തോന്നുന്നത് സ്വാഭാവികം തന്നെയാണ്.
എന്നാല്‍ കേന്ദ്രം കൈവിട്ടതാണ് പഴയ തട്ടകത്തിലേക്ക് ഒളിച്ചോടാന്‍ വീരേന്ദ്രകുമാറനെ പ്രകോപിപ്പിച്ചത് എന്ന് പൂര്‍ണമായും പറയാനാകില്ല. അതിന്റെ കാരണമറിയണമെങ്കില്‍ നാം കുറച്ച് പിന്നിലേക്ക് സഞ്ചരിക്കണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വീരേന്ദ്രകുമാര്‍ മത്സരിച്ചെങ്കിലും വന്‍ പരാജയം നേരിടേണ്ടിവന്നിരുന്നു. എന്നാല്‍ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ മനപ്പൂര്‍വം പരാജയപ്പെടുത്തിയതാണെന്ന് വീരേന്ദ്രകുമാര്‍ യുഡിഎഫില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് യുഡിഎഫ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു. വീരേന്ദ്രകുമാറിന്റെ പരാജയത്തില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ടെന്ന റിപ്പോര്‍ട്ടായിരുന്നു ബാലകൃഷ്ണപിള്ള കമ്മിറ്റി നല്‍കിയത്.അതേസമയം ഇത് സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ യുഡിഎഫ് നേതൃത്വം ശ്രമിച്ചില്ലെന്ന് പരാതിപ്പെട്ടാണ് വീരേന്ദ്രകുമാര്‍ ആദ്യം യുഡിഎഫ് നേതൃത്വവുമായി ഇടഞ്ഞത്. ഒടുവില്‍ രാജ്യസഭാംഗമായി വീരേന്ദ്രകുമാറിനെ പാര്‍ലമെന്റിലേക്ക് അയച്ച് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമുണ്ടാക്കുകയായിരുന്നെങ്കിലും ആ തീ പൂര്‍ണമായും കെട്ടടങ്ങിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന ആര്‍ക്കും വിജയം കാണാനാകാതെ വന്നതിന് പിന്നാലെ വീരേന്ദ്രകുമാര്‍ വീണ്ടും യുഡിഎഫ് നേതൃത്വവുമായി പിണങ്ങിയിരുന്നു. ഇത് മുഴുവന്‍ ഒന്ന് കൂട്ടിവായിച്ചാല്‍ നമുക്ക് മനസിലാകും, വീരേന്ദ്രകുമാര്‍ നേരത്തെ തന്നെ യൂഡിഎഫ് വിടാന്‍ കണക്കുകൂട്ടലുകള്‍ നടത്തിയിരുന്നു.
ഒരു രീതിയില്‍ നോക്കുമ്പോള്‍ വീരേന്ദ്രകുമാറിന് ആശ്വാസം പകരുന്ന കാര്യമായിരുന്നു നിതീഷ് കുമാറും നേതൃത്വവും ചെയ്തതും. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു എന്‍ഡിഎയില്‍ ലയിക്കാന്‍ തീരുമാനിച്ചതോടെയാണ് കേരളഘടകം പ്രതിരോധത്തിലായത്. അതുകൊണ്ട്തന്നെ പഴയ തട്ടകത്തിലേക്ക് കുടിയേറാന്‍ പറ്റിയ സമയവും ഇത് തന്നെയായിരുന്നു.കേന്ദ്രം അപ്പുറം കടന്നതോടെ ജെഡിഎസുമായി ലയിച്ച് എല്‍ഡിഎഫിലേക്ക് പോകണമെന്നായിരുന്നു ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. എന്നാല്‍ യുഡിഎഫില്‍ തുടരണമെന്ന് വാദിക്കുന്നവരും പാര്‍ട്ടിയിലുണ്ടായിരുന്നു. ഇതോടെ ജെഡിയു കേരളഘടകത്തില്‍ അഭിപ്രായഭിന്നത രൂക്ഷമാവുകയും ചെയ്തിരുന്നു.
കുറച്ചുനാളുകളായി വീരേന്ദ്രകുമാര്‍ എല്‍ഡിഎഫ് പാളയത്തിലേക്ക് തിരിച്ചുവരാനുള്ള കണക്കുകൂട്ടലുകള്‍ നടത്തിത്തുടങ്ങിയിരുന്നു. എന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ കെപി മോഹനന്‍ അടക്കമുള്ള ഏതാനും നേതാക്കളുടെ എതിര്‍പ്പായിരുന്നു വീരേന്ദ്രകുമാറിന് തടസമായി നിന്നത്. ഒടുവില്‍ കേന്ദ്രം കാലുമാറിയതോടെ വീരേന്ദ്രകുമാറിന് തന്റെ പഴയ പാര്‍ട്ടി പുനരുജ്ജീവിപ്പിച്ച് അതിലേക്ക് മാറാനുള്ള അവസരം ലഭിക്കുകയായിരുന്നു.
ഇപ്പോള്‍ എറിയാനുള്ള വടി വീരേന്ദ്രകുമാറിന്റെ കൈകളിലെത്തിക്കഴിഞ്ഞു. ഇനി അത് എങ്ങനെ, എപ്പോള്‍, എങ്ങോട്ട് എറിയണമെന്ന് മാത്രം തീരുമാനിച്ചാല്‍ മതി. ഇനിയാണ് കളികള്‍ കാണാനിരിക്കുന്നത്. ഇത് വെറും തുടക്കം മാത്രമാണ്. കൂടാതെ ഒരു നിര്‍ദേശമായും ഇതിനെ കണക്കാക്കാം. നില്‍ക്കുന്നിടം താണുതുടങ്ങുമ്പോള്‍ അപ്പുറത്തേക്ക് ഓടിക്കയറണമെന്ന് നിര്‍ദേശം. നമ്മള്‍ വെറും കാഴ്ചക്കരാണ്. രാഷ്ട്രീയത്തിന്റെ ഗതി ഇനി എങ്ങനെ ആയിരിക്കുമെന്ന് നമുക്ക് കണ്ടറിയാം.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments