ആലപ്പുഴ: ഗുണ്ടാ നേതാവ് തമ്മനം ഫൈസല്‍ സിനിമ നടനെന്ന് റിപ്പോര്‍ട്ട്. പുതിയ മമ്മൂട്ടി ചിത്രം ടര്‍ബോയിലും തമ്മനം ഫൈസല്‍ അഭിനയിച്ചിട്ടുണ്ട്. അതിന് അഭിനന്ദിക്കാന്‍ കൂടിയായിരുന്നു ഡിവൈഎസ്പി എം.ജി സാബു വീട്ടിലെത്തിയത്. മമ്മൂട്ടിയുടെ സിനിമയില്‍ അടക്കം അഭിനയിച്ച സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ഡിവൈഎസ്പി തങ്ങളെ കൊണ്ടുപോയതെന്ന് സാബുവിനൊപ്പമുണ്ടായിരുന്ന പൊലീസുകാര്‍ മൊഴി നല്‍കി. കൊച്ചിയില്‍ ഏറ്റവുമാദ്യം കാപ്പ ചുമത്തപ്പെട്ട ഗുണ്ടാ നേതാക്കളിലൊരാളാണ് ജോര്‍ജ് എന്ന തമ്മനം ഫൈസല്‍.
തമ്മനം ഫൈസലിന്റെ വീട്ടില്‍ ഡിവൈഎസ്പി എംജി സാബുവും പൊലീസുകാരും എത്തിയത് വിരമിക്കല്‍ പാര്‍ട്ടിക്ക് കൂടിയാണെന്നാണ് സൂചന. ഈ മാസം 31ന് വിരമിക്കുന്ന ഡിവൈഎസ്പി 26നാണ് ഗുണ്ടാത്തലവന്റെ അങ്കമാലിയില്‍ വസതിയിലെത്തിയത്. ഗൂഢല്ലൂര്‍ അടക്കം തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ രണ്ട് ദിവസം നീണ്ട ആഘോഷങ്ങള്‍ക്ക് ശേഷം മടങ്ങവേയാണ് പൊലീസ് സംഘം ഫൈസലിന്റെ വീട്ടിലെത്തിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് പിന്നാലെയാണ് എം.ജി സാബു സ്ഥലം മാറി ആലപ്പുഴയിലെത്തിയത്. എറണാകുളം റൂറല്‍ പൊലീസ് പരിധിയില്‍ ദീര്‍ഘകാലം ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. അവിടെ ഗുണ്ടാസംഘങ്ങളുമായി സാബു അടുത്തബന്ധം പുലര്‍ത്തിയതായാണ് വിവരം.
Post Your Comments