ഹുബ്ബാല്ലി: ജീവനുള്ള യുവാവിനെ ഡോക്ടര്‍മാര്‍ മരിച്ചതായി പ്രഖ്യാപിച്ച് മോര്‍ച്ചറിയില്‍ സൂക്ഷിച്ചത് 6 മണിക്കൂര്‍. പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകുമ്പോള്‍ ജീവനുള്ളതായി തിരിച്ചറിഞ്ഞ് യുവാവിനെ ബന്ധുക്കള്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. എന്നാല്‍ ഏറെ താമസിയാതെ യുവാവ് മരണത്തിന് കീഴടങ്ങി. കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലാണ് ഏറെ വിവാദമായ സംഭവം ഉണ്ടായത്.
ആര്‍ എം ലോഹ്യ നഗര്‍ സ്വദേശിയായ പ്രവീണ്‍ മൂലെ (23) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് പ്രവീണിനെ മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലെത്തിച്ചത്.
ഗുരുതരമായി പരിക്കേറ്റ് പ്രവേശിപ്പിച്ച പ്രവീണിനെ മരിച്ചെന്ന് പറഞ്ഞ് ചികില്‍സിക്കാന്‍ ഡ്യൂട്ടി ഡോക്ടര്‍ തയ്യാറായില്ലെന്ന് പ്രവീണിന്റെ സഹോദരന്‍ പ്രശാന്ത് ആരോപിക്കുന്നു. പുലര്‍ച്ചെ മൂന്നരയോടെയാണ് പ്രവീണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മുപ്പത് മിനിട്ട് മുന്‍പെങ്കിലും പ്രവീണിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് പ്രവീണിനെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്.
പ്രവീണിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബന്ധുക്കളും സുഹൃത്തുക്കളും മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ പ്രകടനം നടത്തി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments