Latest NewsNewsInternational

പാക് ഭരണകൂടത്തിന്റെ നിലപാട് തെറ്റെന്ന് തെളിയുന്നു : പാകിസ്ഥാനില്‍ ഭീകരസംഘടനകളുടെ ആധിപത്യം

ഇസ്ലാമാബാദ് : 2017 വര്‍ഷത്തില്‍ പാക്കിസ്ഥാനില്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിധ്യം വര്‍ധിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തിങ്ക് താങ്കിന്റെ റിപ്പോര്‍ട്ടിലാണ് പുതിയ വെളിപ്പെടുത്തല്‍.

പാക്കിസ്ഥാനില്‍ ഭീകരവാദം നിലനില്‍ക്കുന്നുവെന്ന അമേരിക്കയുടെ പ്രസ്താവനയ്ക്ക് കൂടുതല്‍ ശക്തി നല്‍കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീസ് സ്റ്റഡീസ് (പിപിഎസ്) നടത്തിയ പഠനത്തില്‍ പാക്കിസ്ഥാന്‍ സെക്യൂരിറ്റി റിപ്പോര്‍ട്ട് പ്രകാരം 2017ല്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണങ്ങളില്‍ 150 ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് വ്യക്തമാകുന്നത്.

കൂടാതെ സ്വയംതീവ്രവത്കരിക്കപ്പെട്ട വ്യക്തികളും, ചെറിയ ഭീകരവാദ പ്രസ്ഥാനങ്ങളും ഉയര്‍ന്ന് വരുന്നത് പുതിയ വെല്ലുവിളികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും ,വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്നത് പാക്കിസ്ഥാന് കടുത്ത വെല്ലുവിളി നല്‍കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സെഹ്വാന്‍ പ്രദേശത്തെ ലാല്‍ ഷഹ്ബാസ് ഖലന്ദര്‍ പള്ളിക്കുള്ളില്‍ നടന്ന ഭീകരമായ ബോംബ് സ്‌ഫോടനമാണ് ആക്രമണങ്ങളില്‍ ഏറ്റവും ഭയനാകമായത്. ഈ സ്‌ഫോടനത്തില്‍ ഏറ്റവും കുറഞ്ഞത് 90 പേര്‍ കൊല്ലപ്പെടുകയും 300 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇന്റലിജന്‍സ് ബ്യൂറോയുടെ ഡയറക്ടര്‍ ജനറല്‍ അഫ്താബ് സുല്‍ത്താന്‍, ഇന്റലിജന്‍സ് ബ്യൂറോ സെനറ്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ‘ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് രാജ്യത്തെ ഭീഷണിയായി വളര്‍ന്നു കൊണ്ടിരിക്കുകയാണ്, കാരണം നിരവധി തീവ്രവാദ സംഘങ്ങള്‍ക്ക് നേരെ ഭരണകുടം മൃദുസമീപനമാണ് ‘ പാലിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.

2017ല്‍ പാക്കിസ്ഥാനിലെ 64 ജില്ലകളില്‍ നടന്ന 370 തീവ്രവാദ ആക്രമണങ്ങളില്‍ 815 പേര്‍ കൊല്ലപ്പെടുകയും 1,500 ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഭീകരരും, ദേശീയവാദികളും , കലാപകാരികളും ഇതില്‍ ഉള്‍പ്പെടും.

തീവ്രവാദത്തെ പൂര്‍ണമായി ഇല്ലാതാക്കുന്ന നടപടികള്‍ ഭരണകുടം നടപ്പിലാക്കുന്നത് വരെ പാക്കിസ്ഥാന് നല്‍കിയിരുന്ന സാമ്ബത്തിക സഹായം അമേരിക്ക കഴിഞ്ഞ ദിവസം നിര്‍ത്തലാക്കിയിരുന്നു. അതിന് ശേഷം ഭീകരവാദത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സീകരിക്കുമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button