തിരുവനന്തപുരം : കേരളത്തില്‍ വന്‍ കവര്‍ച്ചയ്ക്ക് ആസൂത്രണം ചെയ്ത് സംഘത്തലവനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘം അവിടുത്തെ കാഴ്ചകള്‍ കണ്ട് ഞെട്ടി. കേരളത്തിലെ വന്‍ കവര്‍ച്ചകള്‍ക്കു പിന്നില്‍ തിരുട്ടുഗ്രാമത്തിലെ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നോട്ടുകള്‍ തറയില്‍ വിതറി ശ്രദ്ധ തിരിച്ചശേഷം മോഷണം നടത്തുന്നതായിരുന്നു ഇവരുടെ രീതി. വളരെ തിരക്കേറിയ സ്ഥലത്ത് മിനിറ്റുകള്‍ക്കുള്ളില്‍ മോഷണം നടത്തി മുങ്ങുന്നതാണ് ഇവരുടെ രീതി. സ്ത്രീകളടന്ന സംഘമാണ് മോഷണസംഘത്തിന്റേത്. വീടുകളില്‍ കവര്‍ച്ച നടത്തുന്നത് 10 മുതല്‍ 12 അംഗങ്ങള്‍ വരെയുള്ള സംഘമാണ്. കവര്‍ച്ച നടത്തുന്ന വീടുകള്‍ ഇവര്‍ ദിവസങ്ങള്‍ക്ക് മുമ്പേ നോക്കിവെയ്ക്കുകയും ഓപ്പറേഷന് തലേദിവസം സ്ത്രീകളെ പറഞ്ഞയച്ച് സ്ഥലങ്ങള്‍ നോക്കി വെയ്ക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. തിരുട്ടുഗ്രാമത്തില്‍ നിന്നുള്ള സംഘത്തിന്റെ കവര്‍ച്ച പെരുകിയപ്പോള്‍ കേരള പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
എന്നാല്‍ ഇതിനിടെയാണ് തമിഴ്നാട് സ്പെഷല്‍ പൊലീസ് ഒരു കാര്യം ശ്രദ്ധയില്‍പ്പെടുത്തുന്നത്. ഇത്തരത്തില്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്ന സംഘം തമിഴ്നാട്ടിലെ തൃശിനാപ്പള്ളിയിലുണ്ട്. പിന്നെ കേരള പൊലീസിന്റെ ഓപ്പറേഷന്‍ തിരുട്ടുഗ്രാമത്തിലേയ്ക്കായിരുന്നു.
കേരള സംഘം ഇവിടെയെത്തുമ്പോള്‍, രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലെ 36 പൊലീസ് സ്റ്റേഷനുകളിലെ സംഘങ്ങളാണ് കള്ളന്‍മാരെ പിടിക്കാന്‍ രാംജി നഗറില്‍ ഉണ്ടായിരുന്നത്. ഒരാഴ്ച മുന്‍പായിരുന്നു ആന്ധ്രയില്‍നിന്ന് ഒരു പൊലീസ് സംഘമെത്തി ഗ്രാമത്തില്‍ ഓപ്പറേഷന്‍ നടത്തിയത്. വെടിയുതിര്‍ത്താണ് ആന്ധ്രാ സംഘം ഗ്രാമത്തിലേക്ക് കയറിയത്.
തിരുട്ടുഗ്രാമത്തിലെത്തിയ പൊലീസ് സംഘം ഞെട്ടിയത് അവിടത്തെ കാഴ്ചകള്‍ കണ്ടായിരുന്നു. ഗ്രാമത്തിലെ വീടുകള്‍ അതിശയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. 3000 ചതുരശ്ര അടിയോ അതിനു മുകളിലോ വലുപ്പമുള്ളവയാണ് മിക്ക വീടുകളും. വീട്ടില്‍ ആധുനിക സംവിധാനങ്ങള്‍. വലിയ പൂജാമുറി, എസി. എല്ലാ വീട്ടിലും സാധാരണ വാതിലിനു പുറമേ ഇരുമ്പു കമ്പികൊണ്ട് മറ്റൊരു വാതിലുണ്ടാകും. പൊലീസ് പെട്ടെന്നെത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറാതിരിക്കാനാണിത്. ചില വീടുകളില്‍ ഇതിലും വലിയ സുരക്ഷ ഉണ്ടെന്നും കേരളസംഘം മനസിലാക്കി.
ഒരു ഗ്രാമവാസിയെ വിരങ്ങള്‍ ചോര്‍ത്താനായി ഒപ്പം കൂട്ടി. വളരെ നിര്‍ബന്ധിച്ചശേഷമാണ് അയാള്‍ കൂടെക്കൂടിയത്. കാരണം പൊലീസിനു വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഒരാളെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കള്ളമാര്‍ കൊലപ്പെടുത്തിയിരുന്നു. മോഷണസംഘം നാട്ടില്‍ മാന്യന്‍മാരാണ്. ഒരു കേസുപോലും സംസ്ഥാനത്തില്ല. മിക്കവരുടേയും മക്കള്‍ പഠിക്കുന്നത് എന്‍ജിനീയറിങിനും മെഡിസിനും.
ഇവിടെയെത്തുന്ന പൊലീസുകാര്‍ നേരിടുന്ന പ്രധാന പ്രശ്‌നം മറ്റൊന്നായിരുന്നു. പുറത്തുനിന്നൊരാള്‍ ഗ്രാമത്തിലേക്ക് എത്തിയാല്‍ അപ്പോള്‍തന്നെ വിവരം കള്ളന്‍മാര്‍ അറിയും. തെരുവിലെ കച്ചവടക്കാരും പൊലീസുകാരുമെല്ലാം വിവരങ്ങള്‍ ചോര്‍ത്തി നല്‍കും. കേരളസംഘത്തിന്റെ വിവരവും പതിവുപോലെ സ്ഥലത്തെ പൊലീസുകാര്‍ തന്നെ ചോര്‍ത്തി നല്‍കി. പലതവണ കബളിപ്പിക്കപ്പെട്ടപ്പോള്‍ കേരളസംഘം കളിമാറ്റി കളിച്ചു. സ്വന്തം നിലയില്‍ നിരീക്ഷണം ആരംഭിച്ചു.
ഗ്രാമത്തെക്കുറിച്ചുള്ള ഏകദേശ ധാരണ രൂപപ്പെട്ടതോടെ ആയുധങ്ങളുമായി പൊലീസ് സംഘം ഗ്രാമത്തിനുള്ളിലേക്ക് കടന്നു. നിശ്ചയിച്ചുറപ്പിച്ചതനുസരിച്ച് മോഷണ സംഘത്തലവന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് പൊലീസ് അകത്തു കടന്നു. അപ്രതീക്ഷിതമായി നടത്തിയ മുന്നേറ്റമായിരുന്നെങ്കിലും വീടു തുറന്നപ്പോള്‍ അകത്താരുമില്ല. സംഘം നിരാശയിലായി. അപ്പോഴാണ് ശുചിമുറിയുടെ വശത്തായി വച്ചിരിക്കുന്ന ഏണി ശ്രദ്ധയില്‍പ്പെടുന്നത്. ഏണിക്ക് മുകളിലേക്ക് കയറിയ സംഘത്തിന് മുകളിലായി ചെറിയ ഒരു അറ കാണാന്‍ കഴിഞ്ഞു. ആ അറയില്‍ നിന്നാണ് പൊലീസ് സംഘത്തലവനെ അറസ്റ്റ് ചെയ്തത്.
Post Your Comments