Latest NewsSpecials

കോണ്ഗ്രസ്സിലെ ഈ പടയൊരുക്കം ബിജെപിയ്ക്ക് ഗുണകരമാകുമോ?

ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന്റെ തലപ്പത്ത് രാഹുല്‍ ഗാന്ധി എത്തുകയും അടിമുടി മാറ്റങ്ങളോടെ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താന്‍ ശ്രമം ആരംഭിക്കുകയും ചെയ്ത ഈ അവസരത്തില്‍  മേഘാലയില്‍ കോണ്‍ഗ്രസ്സിന് വന്‍ തിരിച്ചടി.  നിയമസഭാകാലാവധി മാര്‍ച്ചില്‍ അവസാനിക്കാനിരിക്കെയാണ്   മേഘാലയില്‍ കോണ്‍ഗ്രസ്സില്‍ നിന്നും കൂട്ട രാജി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി  ഭരണകക്ഷിയായി തുടരുന്ന  കോൺഗ്രസിലേ ഈ  കൂട്ടരാജി മേഘാലയുടെ അധികാരമെന്ന ബിജെപിയുടെ സ്വപ്നത്തിനു കൂടുതല്‍ പ്രതീക്ഷയും ഇന്ധനവും നല്‍കുമെന്നതില്‍ സംശയമില്ല.

രണ്ട് മന്ത്രിമാരടക്കം എട്ട് സിറ്റിങ് എംഎൽഎമാർ രാജിവച്ചതോടെ ഭരണ സർക്കാർ സാങ്കേതികമായി ന്യൂനപക്ഷമായി.  മുതിർന്ന കോൺഗ്രസ് നേതാവും മുൻ ക്യാബിനറ്റ് മന്ത്രിയുമായായ എ.എൽ. ഹെക്ക് പാർട്ടിയിൽനിന്നു രാജിവച്ച് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചു. ഹെക്കിനൊപ്പം മൂന്ന് എംഎൽഎമാരും ചൊവ്വാഴ്ച പാർട്ടിയിൽ ചേരുമെന്ന്  സൂചന. എന്നാല്‍ രാജി വച്ച ബാക്കിയുള്ളവര്‍ എൻഡിഎ സഖ്യത്തിലുള്ള നാഷനൽ പീപ്പിൾസ് പാർട്ടിയിൽ (എൻപിപി) ചേരാനാണ് നീക്കം നടത്തുന്നത്. മാര്‍ച്ചിലാണ് മേഘാലയ തിരഞ്ഞെടുപ്പ്. രാജ്യത്ത് ശക്തി പ്രാപിച്ചു നില്‍ക്കുന്ന ബിജെപി  മേഘാലയ ഭരണം പിടിച്ചെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യം അതിനു അനുകൂലവുമാണ്. എന്നാല്‍ ന്യൂനപക്ഷമായി നില്‍ക്കുമ്പോഴും അധികാരം നഷ്ടപ്പെടാതെ പതിനേഴു സ്വതന്ത്രരുടെ പിന്‍ബലത്തില്‍ ഭരണം മുന്നോട്ട് കൊണ്ട് പോകുകയാണ്  മുകുള്‍ സങ്ങ്മ സര്‍ക്കാര്‍.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാനുള്ള തീവ്രയജ്ഞത്തിലാണ് ബിജെപി. അതിനായുള്ള ശ്രമങ്ങള്‍ തുടരുന്ന ഇടയിലാണ് കോണ്‍ഗ്രസ് അതിനു വഴി ഒരുക്കി കൊടുത്തത്. കഴിഞതവണ  ഷില്ലോങ്–നോങ്സ്റ്റോയ്ൻ–രോങ്ജെങ്–ടോറ റോഡിന്റെ ഉദ്ഘാടനത്തിനായി സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ പ്രഖ്യാപനങ്ങളിലൂടെ മേഘാലയില്‍  സ്വാധീനം ചെലുത്താന്‍ ശ്രമിച്ചിട്ടുണ്ട്.  മേഘാലയയെ രാജ്യത്തെ ഒന്നാം നമ്പർ വിനോദസഞ്ചാര കേന്ദ്രമാക്കി വളർത്തുമെന്നും  ഇതിനായി 100 കോടി രൂപ കേന്ദ്രം വകയിരുത്തിയെന്നും അറിയിച്ച മോദി ഇതുവരെ നടത്തിയ വികസന കാര്യുങ്ങള്‍ അന്ന് എടുത്തു പറഞ്ഞിരുന്നു. നാടിന്റെ വികസനത്തിനായി ഒരുമിച്ചു നില്‍ക്കാന്‍ ആവശ്യപ്പെടുന്ന മോദി തന്ത്രം ഫല പ്രാപ്തിയില്‍ എത്തുമ്പോള്‍ ഒരു പക്ഷെ കോണ്‍ഗ്രസ്സിലെ ഇനിയും ചില പ്രമുഖര്‍ ബിജെപിയില്‍ എത്തും. ഇതെല്ലാം ബിജെപിയ്ക്ക് അനുകൂലമാകുമെന്നാണ് ധാരണ

കോൺഗ്രസ്, ബിജെപി, എൻപിപി എന്നീ പാർട്ടികളാണ് മേഘാലയയിൽ മുഖ്യമായുള്ളത്.  15 വര്‍ഷമായി കോണ്‍ഗ്രസാണ് ഭരിക്കുന്നത്. പക്ഷേ സംസ്ഥാനത്ത് നേട്ടമൊന്നും അതുകൊണ്ടില്ല. അതുകൊണ്ട് തന്നെ ഒരു ഭരണമാറ്റം പ്രതീക്ഷിക്കാം.  എന്നാല്‍ കശാപ്പ് നിരോധനം പോലുള്ളവ ബിജെപിയ്ക്ക് തിരിച്ചടിയാകുമെന്നാണ് കോണ്ഗ്രസ് പറയുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് അടുക്കുന്ന  മേഘാലയയിലും ത്രിപുരയിലും പ്രാദേശികപാര്‍ട്ടികളുമായി സഖ്യത്തിന് ബിജെപി ഒരുങ്ങുന്നുവെന്നു സൂചന.  ക്രിസ്ത്യന്‍ സ്വാധീനമേഖലയായ മേഘാലയയുടെ ചുമതല നല്‍കിയിരിക്കുന്നത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനാണ്.  യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി(യുഡിപി)യുമായും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുമായിട്ടാണ് ബിജെപി സഖ്യത്തിന് ശ്രമിക്കുന്നത്.   അതുകൊണ്ട് തന്നെ പുതിയ തിരഞ്ഞെടുപ്പില്‍ വിജയം തങ്ങള്‍ക്ക് നേടാന്‍ സാധിക്കുമെന്ന വിശ്വാസം ബിജെപിയ്ക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button