വീണ്ടും പാകിസ്ഥാന്‍ പ്രകോപനം. പാകിസ്ഥാനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവിക സേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ഭാര്യ ചേതല്‍കുല്‍ ധരിച്ചിരുന്ന ചെരുപ്പിനെച്ചൊല്ലി പുതിയ വിവാദം. ജാദവിനെ സന്ദര്‍ശിക്കാന്‍ എത്തിയ ഭാര്യയുടെ കെട്ടുതാലിയും വളകളും ചെരുപ്പുകളും പാക് അധികൃതര്‍ അഴിച്ചുമാറ്റിക്കുകയും നെറ്റിയിലെ പൊട്ട് മായ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നടപടിയ്ക്കെതിരെ പ്രതിഷേധവുമായി ഇന്ത്യ രംഗത്തെത്തിയതിനു പിന്നാലെയാണു അടുത്ത വിവാദം. ചെരുപ്പില്‍ സംശയാസ്പദമായ വസ്തുവിന്റെ സാന്നിധ്യമുണ്ടെന്നു പാകിസ്താന്‍ ആരോപിച്ചത്.
ചേതല്‍കുല്‍ ധരിച്ചിരുന്ന ചെരുപ്പില്‍ ലോഹസാന്നിധ്യമുണ്ടായിരുന്നെന്നും അന്വേഷണം നടത്തുമെന്നും പാക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. “ചെരുപ്പില്‍ എന്തോ ചിലത് ഉണ്ടായിരുന്നു. അതെക്കുറിച്ച് അന്വേഷണം നടത്തും. അവരുടെ ചെരുപ്പിനു പകരം മറ്റൊരു ജോഡി നല്‍കിയിരുന്നു. കൂടിക്കാഴ്ചയ്ക്കുശേഷം അവരുടെ ആഭരണങ്ങള്‍ ഉള്‍പ്പെടെയെല്ലാം തിരിച്ചുനല്‍കുകയുംചെയ്തു”- പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. സുരക്ഷാ കാരണങ്ങളാലാണു ചേതല്‍കുലിന്റെ ചെരുപ്പുകള്‍ തിരിച്ചുനല്‍കാതിരുന്നതെന്നും അതിനു പകരമായി മറ്റൊരു ജോഡി ചെരുപ്പുകള്‍ നല്‍കിയിരുന്നെന്നും പാക് വിദേശകാര്യ വക്താവ് അറിയിച്ചു.
Post Your Comments