ന്യൂഡല്‍ഹി : ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ചു പാക്ക് ജയിലിലടച്ചിരിക്കുന്ന കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ ഭാര്യയെയും അമ്മയെയും അപമാനിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി പാക്കിസ്ഥാന്‍. കുല്‍ഭൂഷണിന്റെ ഭാര്യയുടെ ചെരിപ്പ് ഊരിമാറ്റിയതു സുരക്ഷാ കാരണങ്ങളാലാണ്. അതിനുള്ളില്‍ സംശയകരമായി എന്തോ ഉണ്ടായിരുന്നു. കൂടാതെ അവരുടെ ആഭരണങ്ങള്‍ തിരികെ നല്‍കിയപ്പോള്‍ പുതിയ ചെരിപ്പുകളും അവര്‍ക്കു നല്‍കിയിരുന്നുവെന്നും പാക്ക് വിദേശകാര്യവക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
തിങ്കളാഴ്ച ക്രിസ്മസ് ദിനത്തിലായിരുന്നു കുല്‍ഭൂഷണ്‍ ജാദവിനെ അമ്മ അവന്തിയും ഭാര്യ ചേതനയും കണ്ടത്. പാക്കിസ്ഥാന്‍ ഇരുവരെയും അപമാനിച്ചെന്ന് ആരോപിച്ച ഇന്ത്യ, കൂടിക്കാഴ്ച സംബന്ധിച്ച് ഉണ്ടാക്കിയ ധാരണകള്‍ പാക്കിസ്ഥാന്‍ ലംഘിച്ചുവെന്നും പറഞ്ഞു. സുരക്ഷയുടെ പേരു പറഞ്ഞു കുല്‍ഭൂഷന്റെ കുടുംബത്തിന്റെ സാംസ്‌കാരികവും മതപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
കൂടിക്കാഴ്ചയ്ക്കു മുമ്പ് അവന്തിയുടെയും ചേതനയുടെയും വസ്ത്രങ്ങള്‍ അഴിച്ചു പരിശോധിച്ചു. ഭാര്യയുടെ താലിയും മറ്റാഭരണങ്ങളും അഴിച്ചുമാറ്റി. ചെരുപ്പു ധരിക്കാന്‍ അനുവദിച്ചില്ല. കൂടിക്കാഴ്ചയ്ക്കു ശേഷം ചേതനയ്ക്കു ചെരുപ്പുകള്‍ തിരികെ ലഭിച്ചതുമില്ല. കുല്‍ഭൂഷണിന്റേതു സമ്മര്‍ദത്തിന്റെ ശരീരഭാഷയായിരുന്നെന്നും പാക്കിസ്ഥാന്റെ നുണപ്രചാരണങ്ങള്‍ ഏറ്റുപറയിക്കുകയായിരുന്നെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു. 22 മാസത്തിനു ശേഷമാണു ഭാര്യ ചേതനയും അമ്മ അവന്തിയും കുല്‍ഭൂഷണെ കണ്ടത്. കൂടിക്കാഴ്ച ചിത്രീകരിക്കാന്‍ പാക്ക് മാധ്യമങ്ങള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
Post Your Comments