തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിനെ പൂജപ്പുര ജയിലിലേക്കു മാറ്റി.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേകസൗകര്യങ്ങള്‍ ലഭിച്ചിരുന്നെന്നും ജയിലിലെ ചില ജീവനക്കാരും പ്രതിയും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖയ്ക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിന് പുറമെയാണ് പുതിയ നടപടി.
ജയിലില്‍ നിഷാം സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.പ്രത്യേകഭക്ഷണവും ഏര്‍പ്പാടാക്കിയിരുന്നു. ജയിലില്‍ പ്രത്യേകസൗകര്യങ്ങള്‍ ലഭിക്കുന്നതിനായി ഇയാള്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു. തടവില്‍ കഴിയവേ നിഷാം സ്വത്തുതര്‍ക്കത്തില്‍ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയതായി ജയില്‍ മേധാവിക്കു പരാതി ലഭിച്ചിരുന്നു.നിഷാമുമായി അടുത്തബന്ധം പുലര്‍ത്തിയ ജയില്‍ ഉദ്യോഗസ്ഥരെക്കുറിച്ച് വകുപ്പുതല അന്വേഷണത്തിനും ഡി.ജി.പി: ശ്രീലേഖ ഉത്തരവിട്ടിട്ടുണ്ട്. നിഷാമിനെ ഇന്നലെ കനത്ത പോലീസ് കാവലില്‍ പൂജപ്പുര ജയിലിലെത്തിച്ചു.
ബീഡി വ്യവസായത്തിലൂടെ കോടികള്‍ സമ്ബാദിച്ച നിഷാം 2015 ജനുവരി 15-നു പുലര്‍ച്ചെ മൂന്നോടെയാണു തൃശൂര്‍ ശോഭാ സിറ്റിയിലെ സുരക്ഷാജീവനക്കാരന്‍ ചന്ദ്രബോസിനെ ആഡംബരക്കാര്‍ ഇടിപ്പിച്ചു കൊലപ്പെടുത്തിയത്. കേസില്‍ 79 ദിവസത്തെ വിചാരണയ്ക്കൊടുവിലാണു ശിക്ഷ വിധിച്ചത്.
തടവില്‍ കഴിയവേ സഹോദരന്‍മാരുമായുണ്ടായ സ്വത്തുതര്‍ക്കങ്ങളും വിവാദമായി.ജയിലിലെ ഫോണ്‍ വിളിയെക്കുറിച്ചും സഹോദരങ്ങളാണു പോലീസില്‍ പരാതിപ്പെട്ടത്. നിഷാമിനുവേണ്ടി അധോലോകത്തലവന്‍ രവി പൂജാരി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയതും വിവാദമായിരുന്നു.
Post Your Comments