Latest NewsNewsIndia

ബിജെപിയുടെ അടുത്തലക്ഷ്യം കര്‍ണാടകം

ബെംഗളൂരു: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അടുത്ത ലക്ഷ്യവുമായി ബിജെപി. കോണ്‍ഗ്രസ് ഭരിക്കുന്ന വലിയ സംസ്ഥാനമായ കര്‍ണാടകത്തില്‍ അധികാരം പിടിച്ചെടുക്കുക എന്നതാണ് ബിജെപിയുടെ അടുത്ത ലക്ഷ്യം. പ്രചാരണത്തിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ടെത്തുമെന്നാണ് റിപ്പോര്‍ട്ട്. ജനുവരിയില്‍ അമിത് ഷാ ബെംഗളൂരുവില്‍ ക്യാമ്പുചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

കര്‍ണാടകത്തില്‍ ത്രികോണപേരാട്ടത്തിനാണ് വേദിയൊരുങ്ങുന്നത്. കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മിലാണ് പ്രധാന പേരാട്ടമെങ്കിലും ജനതാദള്‍എസിനെ അവഗണിക്കാന്‍ കഴിയില്ല. 2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 40 സീറ്റുകള്‍ നേടിയ പാര്‍ട്ടിയെന്നനിലയില്‍ ജനതാദള്‍എസിന്റെ നിലപാട് നിര്‍ണായകമാകും.

ബിജെപിയിലെ വിഭാഗീയത തിരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനാണ് അമിത് ഷാ നേരിട്ടെത്തുന്നത്. കര്‍ണാടകത്തില്‍ പാര്‍ട്ടിയുടെ ചുമതലയുള്ള മുരളീധര്‍ റാവു, തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ എന്നിവരും മുഴുവന്‍സമയവും കര്‍ണാടകത്തിലുണ്ടാകും. സംസ്ഥാനത്തെ 224 സീറ്റില്‍ 150 സീറ്റുകള്‍ നേടണമെന്നാണ് സംസ്ഥാനനേതൃത്വത്തിന് നല്‍കിയ നിര്‍ദേശം. ഇതനുസരിച്ചുള്ള പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്യുന്നത്. സ്ഥാനാര്‍ഥിനിര്‍ണയം അടക്കമുള്ള വിഷയങ്ങളില്‍ പരാതിയുണ്ടെങ്കില്‍ നേരിട്ട് അറിയിക്കണമെന്നാണ് നിര്‍ദേശം. ഇതിലൂടെ സംസ്ഥാനനേതാക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button