Latest NewsKeralaNews

വാടകവീട്ടില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍ : കൊല നടത്തിയിരിക്കുന്നത് കഴുത്തില്‍ തോര്‍ത്തു മുറുക്കി

 

 

കിഴക്കമ്പലം: വാടക വീട്ടില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പട്ടിമറ്റം അത്താണിയിലെ വാടകവീട്ടിലാണ് ഇതരസംസ്ഥാനക്കാരിയായ യുവതിയെ കൊലചെയ്യപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ആസാം സ്വദേശിനി ഇലിയ കാത്തും (37) ആണു മരിച്ചത്. കിടപ്പുമുറിയില്‍ കഴുത്തില്‍ തോര്‍ത്തു മുറുക്കിയനിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ട്. ഒപ്പം താമസിച്ചുവന്ന ആസാം സ്വദേശിയായ ഭര്‍ത്താവ് മിജാറുള്‍ ഹക്കിനെ (28) രണ്ടുദിവസമായി കാണാനില്ലെന്നും ഇയാളാണു കൊല നടത്തിയതെന്നാണു പ്രാഥമിക നിഗമനമെന്നും കുന്നത്തുനാട് പോലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച രാത്രി ഇയാള്‍ വീടുപൂട്ടി താക്കോല്‍ കെട്ടിടമുടമയെ ഏല്‍പിച്ചശേഷം നാട്ടിലേക്കു പോയതായാണു വിവരം. മിജാറുളിന്റെ രണ്ടു മൊബൈല്‍ ഫോണുകളും നിലവില്‍ സ്വിച്ച് ഓഫാണ്. സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. ഇന്നലെ വീടിനുള്ളില്‍നിന്നു രൂക്ഷഗന്ധം വമിച്ചതോടെ അയല്‍ക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയും പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. നാലു മാസങ്ങള്‍ക്കു മുമ്പാണ് ഇലിയയും ഭര്‍ത്താവും പട്ടിമറ്റത്തെ അത്താണിയില്‍ വാടകയ്ക്കു താമസിക്കാന്‍ തുടങ്ങിയത്.

ഇരുവര്‍ക്കും ഇവിടുത്തെ സ്വകാര്യകമ്പനിയിലായിരുന്നു ജോലി. ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ യുവാവുമായി ഇലിയയ്ക്കു രഹസ്യബന്ധമുള്ളതായി മിജാറുളിനു സംശയമുണ്ടായിരുന്നെന്നും ഇതേച്ചൊല്ലി വഴക്കുണ്ടാകാറുണ്ടായിരുന്നെന്നും അയല്‍ക്കാര്‍ പോലീസിനു മൊഴിനല്‍കി. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആസാം എസ്പിയുമായി ബന്ധപ്പെട്ട് ഇലിയയുടെ ബന്ധുക്കളെ കണ്ടെത്തി മൃതദേഹം കൈമാറും.

കുന്നത്തുനാട് സിഐ ജെ. കുര്യാക്കോസ്, എസ്‌ഐ ടി. ദിലീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനു പുറമെ ഫോറന്‍സിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

 

 

 

 

 

 

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button