Latest NewsKeralaNews

കണ്ണൂർ കൊലകളിൽ നിന്ന് കൊല്ലാക്കൊലകളിലേക്ക്: മണിക്കൂറുകൾക്കുള്ളിൽ ഏഴുപേർക്ക് ആക്രമണം നേരിട്ടു

കണ്ണൂര്‍: കൊലപാതകം ദേശീയ തലങ്ങളിൽ ചർച്ചയായപ്പോൾ കൊലപാതകം വിട്ട് കൊല്ലാക്കൊലകളിലേക്ക് മാറി കണ്ണൂർ. ജീവച്ഛവമാക്കി ആക്രമിക്കുന്നതാണ് പുതിയ രീതി.സംഘര്‍ഷ മേഖലകളില്‍ അക്രമം പതിവായി. ഇന്നലെ മാത്രം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഏഴു പേര്‍ക്ക് വെട്ടേറ്റു. എതിരാളികളെ അല്‍പപ്രാണന്‍ ബാക്കിയാക്കി മരിച്ചു ജീവിക്കാനനുവദിക്കുന്ന തരത്തില്‍ പകപോക്കുന്ന രീതി അടുത്ത കാലത്താണ് വ്യാപകമായത്.

നേതാക്കളെയും പ്രധാന പ്രവര്‍ത്തകരെ ഗൂഡാലോചന, കൊലപാതകം എന്നീ ഗൗരവ ഐ.പി.സി.കുറ്റങ്ങളില്‍ നിന്നും രക്ഷപെടുത്താനും ഈ കൊല്ലാക്കൊലകൾക്കു കഴിയും. പാര്‍ട്ടികളിലേക്ക് പുതുതായി എത്തുന്ന പ്രവര്‍ത്തകരില്‍ ഭയം നിറയ്ക്കാനും വെട്ടിപ്പരുക്കേല്‍പ്പിക്കല്‍ രീതികളിലൂടെ സാധിക്കുന്നു. മാലൂരില്‍ അഞ്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും കതിരൂരില്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനും ഇന്നലെ വെട്ടേറ്റു. പയ്യന്നൂരില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും വെട്ടേറ്റു. ബി.ജെ.പി. പ്രവര്‍ത്തകരെ അക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ ഇന്നലെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താലാചരിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ പതിവ് സംഘര്‍ഷ മേഖലകള്‍ക്കു പുറമേ അഴീക്കോട് മേഖലയിലും വ്യാപക അക്രമങ്ങളുണ്ടായി. നിലവില്‍
കണ്ണൂരില്‍ അക്രമ രാഷ്ട്രീയം ഏതെങ്കിലും ചില പാര്‍ട്ടിയുടെ മാത്രം കുത്തകയല്ല എന്ന സ്ഥിതിയാണ്. എസ്.ഡി.പി.ഐ. പോലുള്ള സംഘടനകളും ചോരക്കളിയില്‍ സംഭാവന ചെയ്യാറുണ്ട്. വെട്ടിനും കുത്തിനും കൊലപാതകത്തിനും സ്വയം പ്രതിരോധം എന്നാണ് നേതാക്കള്‍ നല്‍കുന്ന വിശദീകരണം. അനാഥമായ കുടുംബങ്ങള്‍ക്ക് സമാനമാണ് സംഘര്‍ഷങ്ങളില്‍ പരുക്കേല്‍ക്കുന്നവരുടെ ജീവിതവും.

അവയവങ്ങള്‍ നഷ്ടപ്പെട്ടും തൊഴിലെടുക്കാനാകാതെയും നരകിക്കുന്നത് സാധാരണക്കാരും കൂലിത്തൊഴിലാളികളുമായ യുവാക്കളാണ്. സര്‍ജ്ജിക്കൽ ബ്ലേഡ് ഉപയോഗിച്ചുള്ള ആക്രമങ്ങളാണ് എതിരാളികളെ കൂടുതൽ അവശരാക്കുന്നത്. പതിവാകുന്ന അക്രമങ്ങള്‍ യുവാക്കളില്‍ കടുത്ത ഭയം സൃഷ്ടിക്കുന്നുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമാകുന്നവരില്‍ പലരും ഒറ്റയ്ക്കുള്ള യാത്രകളെ ഭയക്കുന്നു. മിക്കവാറും കേസുകളില്‍ യഥാര്‍ഥ പ്രതികളെയല്ല പോലീസ് പിടികൂടുന്നത്.ഇതുമൂലം അക്രമികൾ രക്ഷപെടുകയും വീണ്ടും ഇവർ സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button