‘ദുരന്ത ഭൂമിയില്‍ വട്ടം ഇട്ട് പറക്കുന്ന ശവംതീനി കഴുകന്മാര്‍; യാഥാര്‍ത്ഥ്യങ്ങളെ മറച്ചു വച്ചുകൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന ഈ കപടമാധ്യമ ധര്‍മ്മക്കാരെ നമുക്ക് വേണോ? ‘എന്ന് എറണാകുളത്തെ കവലകളിൽ ഫ്ലക്സ്. ഏഷ്യാനെറ്റിലെ വിനു വി ജോണിന്റെയും,മാതൃഭൂമിയിലെ വേണു ബാലകൃഷ്ണന്റെയും മനോരമയുടെ വീണയുടെയും ചിത്രവും ഈ ഫ്ളെക്സിലുണ്ട്. എന്നാല്‍ ഷാനി പ്രഭാകറിന്റെ ചിത്രം കൊടുത്തിട്ടുമില്ല.
ആരാണ് വച്ചതെന്നോ എന്തിനാണ് വച്ചതെന്നോ പറയുന്നില്ല. ഓഖി ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ ഏഷ്യാനെറ്റും മാതൃഭൂമിയും മനോരമയും ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു. ദുരന്തത്തെ കുറിച്ച് അറിയിക്കുന്നതില്‍ വന്ന വീഴ്ച ഉയര്‍ത്തിയാണ് സര്‍ക്കാരുകളെ പ്രമുഖ ചാനലുകള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. ദുരന്തത്തെ സര്‍ക്കാരിനെതിരായ പ്രതിഷേധമാക്കി മാറ്റുന്നത് മാധ്യമങ്ങളാണെന്ന് സിപിഎം നേതാക്കളും ആരോപിച്ചു.
ഇത് തന്നെയാണ് ഫ്ളെക്സ് രാഷ്ട്രീയത്തിലും നിറയുന്നത്.രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കേണ്ടവരെ സ്റ്റുഡിയോയില്‍ വിളിച്ച് വരുത്തിയും, ഫോണിലൂടെയും വിളിച്ച് വെറും വിമര്‍ശനം മാത്രം നടത്തുന്നത് ചില മാധ്യമപ്രവര്‍ത്തകരുടെ സ്ഥിരം പരിപാടിയായി മാറിയിരിക്കുകയാണെന്ന വിമര്‍ശനം നേരത്തെയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിനോട് ബന്ധപ്പെട്ടാണ് ബോർഡുകൾ പുറത്തു വന്നിരിക്കുന്നത്.
Post Your Comments