Latest NewsKeralaNews

‘ആ 55 ലക്ഷം രൂപ എങ്ങനെ വന്നു? വീണ വിജയന്‍റെ എക്സാലോജിക് ഷെല്‍ കമ്പനിയാണോയെന്ന് പരിശോധിക്കണം’; ആര്‍ഒസി റിപ്പോര്‍ട്ട്

തിരുവനന്തപുരം: എക്സാലോജിക്ക് – സിഎംആർഎൽ വിവാദ ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണ വിജയനെയും കുഴപ്പത്തിലാക്കുന്ന ആർ.ഒ.സി റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രിയുടെ മകളുടെ ഷെൽ കമ്പനിയാണോ എക്സാലോജിക് എന്ന് പരിശോധിക്കണമെന്ന് എറണാകുളം ആർഒസി റിപ്പോര്‍ട്ടില്‍ പറയുന്നു. ചോദ്യങ്ങൾക്ക് സിഎംആർഎൽ നൽകിയ മറുപടികളിൽ വ്യക്തതയില്ലെന്നും എക്സാലോജികും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകൾ വിശദമായി പരിശോധിക്കണമെന്നും റിപ്പ്പോർട്ടിൽ പറയുന്നു.

കെഎസ്ഐഡിസിയുടെ കണക്ക് പുസ്തകങ്ങൾ പരിശോധിക്കണമെന്നും എറണാകുളം ആർഒസി റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎംആർഎല്ലിൽ നിന്നും 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വന്നതിനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്‍റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ബെംഗളൂരു ആർഒസിയുടെ കണ്ടെത്തൽ. എക്സാലോജിക്കിന് സോഫ്റ്റ്‍വെയര്‍ സർവീസിനെന്ന പേരിൽ പ്രതിമാനം മൂന്ന് ലക്ഷം രൂപ കിട്ടിയതിന് പുറമേ, വീണയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതിലാണ് ആർഒസി സംശയം ഉന്നയിച്ചത്. ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു ബെംഗളൂരു ആർഒസിയുടെ ചോദ്യം. എന്നാല്‍, ആർഒസിയുടെ ചോദ്യങ്ങൾക്ക് വ്യക്തതയില്ലെന്നായിരുന്നു വീണയുടെ മറുപടി.

എക്‌സാലോജിക് -സി.എം.ആര്‍.എല്‍ ഇടപാടിൽ അടിമുടി ദുരൂഹതയാണുള്ളതെന്നും വിശദമായ അന്വേഷണം വേണമെന്നും ആർ.ഒ.സി റിപ്പോർട്ട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസാണ് സിഎംആര്‍എല്‍ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ചത്. കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. വീണാ വിജയന്റെ കമ്പനി കൈപ്പറ്റിയ തുകയെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക. നാല് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. മൂന്നംഗ ഉദ്യോഗസ്ഥ സംഘത്തിനാണ് അന്വേഷണ ചുമതല. കര്‍ണാടക ഡെപ്യൂട്ടി റജിസ്ട്രാര്‍ ഓഫ് കമ്പനീസ് വരുണ്‍ ബിഎസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം. ശങ്കര നാരായണന്‍, പോണ്ടിച്ചേരി ആര്‍.ഒ.സി, എ ഗോകുല്‍നാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button