Latest NewsKeralaNews

കുഴൽനാടനും വലതുപക്ഷ മാധ്യമങ്ങളും സൃഷ്ടിച്ച ദുർഗന്ധം മാപ്പു പറഞ്ഞാൽ മാറുമോ ? എം വി ജയരാജൻ

കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ച മുതലാളിയുടെ പത്രമാണ്

കുഴൽ നാടനും വലതുപക്ഷ മാധ്യമങ്ങളും പുറത്തുവിട്ട വ്യാജ ആരോപണങ്ങളും വാർത്തകളും നാട്ടിൽ പരത്തിയ ദുർഗന്ധം മാപ്പു പറഞ്ഞാലും മലയാളികൾക്ക് സഹിക്കാനാവുന്നതല്ലെന്നു ഇടത് നേതാവ് എം വി ജയരാജൻ. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ തുടർച്ചയായി വ്യക്തിഹത്യ നടത്തിയത് മാധ്യമങ്ങളാണെന്നും ഇതിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം ഭംഗിയായി നിറവേറ്റപ്പെട്ടുവെന്നും ജയരാജൻ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.

read also: ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്: പോളിംഗ് ശതമാനത്തില്‍ ഇടിവ്

കുറിപ്പ്

കുഴൽനാടനും വലതുപക്ഷ മാധ്യമങ്ങളും സൃഷ്ടിച്ച ദുർഗന്ധം മാപ്പു പറഞ്ഞാൽ മാറുമോ ?

കുഴൽ നാടനും വലതുപക്ഷ മാധ്യമങ്ങളും പുറത്തുവിട്ട വ്യാജ ആരോപണങ്ങളും വാർത്തകളും നാട്ടിൽ പരത്തിയ ദുർഗന്ധം മാപ്പു പറഞ്ഞാലും മലയാളികൾക്ക് സഹിക്കാനാവുന്നതല്ല. എങ്കിലും ഇക്കൂട്ടർ മാപ്പെങ്കിലും പറയേണ്ടതല്ലേ.

നിയമപരമായ തിരിച്ചടിയാണെന്നും മാപ്പ് പറയാൻ സമയമായിട്ടില്ലെന്നുമാണ് കുഴൽനാടന്റെ മറുപടി. കുഴൽനാടന്റെ വാർത്താസമ്മേളനങ്ങളിൽ പറഞ്ഞ കാര്യങ്ങൾക്ക് പുറമേ വ്യാജ വാർത്തകളിലൂടെ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ തുടർച്ചയായി വ്യക്തിഹത്യ നടത്തിയത് മാധ്യമങ്ങളാണ്. അത് ആരോപണങ്ങളിലൂടെ പുകമറ സൃഷ്ടിക്കാൻ വേണ്ടിയായിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം ഭംഗിയായി നിറവേറ്റപ്പെട്ടു. മുൻ പേജിൽ ‘മാസപ്പടി’ എന്ന വാർത്ത നൽകിയ പത്രമാവട്ടെ, കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ച മുതലാളിയുടെ പത്രമാണ് താനും!

പ്രസ്താവനകളിലൂടെയും സമരങ്ങളിലൂടെയും ഇത് ഏറ്റുപിടിക്കുകയായിരുന്നു കോൺഗ്രസും ബിജെപിയും. ഇഡി, മുഖ്യമന്ത്രിയെ ജയിലിൽ അടക്കാത്തത് എന്തുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി പോലും തെരഞ്ഞെടുപ്പ് റാലിയിൽ ചോദിച്ചു. വിജിലൻസ് കോടതി വിധി ഇക്കൂട്ടർക്കെല്ലാം കനത്ത തിരിച്ചടിയാണ് നൽകിയത്. ഉന്നയിച്ച ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും തെളിവൊന്നും ഹാജരാക്കാൻ കുഴൽനാടന് കഴിഞ്ഞില്ലെന്നുമുള്ള വിലയിരുത്തൽ കോടതിവിധിയിലുണ്ട്. നിയമസഭയിലും തെളിവുകളുടെ പിൻബലമില്ലാതെയായിരുന്നു ആരോപണമുന്നയിച്ചത്. നിയമസഭാ ചട്ടം 285 പ്രകാരം ബന്ധപ്പെട്ട മന്ത്രിക്ക് മുൻകൂട്ടി നോട്ടീസ് നൽകി ആരോപണം ഉന്നയിക്കാമെന്ന് വ്യവസ്ഥയുണ്ട്. അതോടൊപ്പം സഭയുടെ അന്തസ്സിന് ഹാനികരമാകുന്ന ആരോപണങ്ങൾ ഉന്നയിക്കുന്നത് തടയാൻ സ്പീക്കർക്ക് അധികാരവും ഉണ്ട്. കുഴൽനാടൻ നിയമസഭാ ചട്ടം നഗ്‌നമായി ലംഘിച്ചിരിക്കുകയാണ്.

കോടതിയുടെ ചോദ്യങ്ങൾക്ക് തെളിവുകളുടെ അടിസ്ഥാനത്തിൽ മറുപടി നൽകാൻ കുഴൽ നാടന് പറ്റിയില്ല. കുഴൽനാടന് തെളിവോ വെളിവോ ഉണ്ടായിരുന്നില്ലെന്ന് വ്യക്തവുമാണ്. ആ ചോദ്യങ്ങൾ കുഴൽനാടൻ മാത്രമല്ല പ്രതിപക്ഷ നേതാവും വലതുപക്ഷ മാധ്യമങ്ങളും മറുപടി പറയേണ്ടതിനാൽ ചോദ്യങ്ങൾ ഇവിടെ ആവർത്തിക്കട്ടെ…

1) കെ എം എം എല്ലും സി എം ആർ എല്ലും തമ്മിൽ എന്തെങ്കിലും കരാർ ഉണ്ടോ?
2) എക്‌സാലോജിക് കമ്പിനിക്കും മുഖ്യമന്ത്രിയുടെ മകൾക്കും പണം നൽകിയതിന്റെ പേരിൽ സിഎംആർഎല്ലിന് വല്ല പ്രത്യുപകാരവും ലഭിച്ചിട്ടുണ്ടോ?
3) ‘ഉചിതമായ നടപടിക്ക്’ എന്ന് ഒരു ഹർജിയിൽ രേഖപ്പെടുത്തുന്നത് ഭൂപരിധിയിൽ ഇളവ് നൽകുന്നതിനുള്ള മുഖ്യമന്ത്രിയുടെ ഉത്തരവാണോ?
– എം വി ജയരാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button