ചുവന്ന കുപ്പായവും കൂർമ്പൻ തൊപ്പിയുമണിഞ്ഞ് മാനുകൾ (Rain deer) വലിക്കുന്ന തെന്നുവണ്ടിയിൽ പുഞ്ചിരിയോടെ വരുന്ന നരച്ചമുടിയും താടിയുമുള്ള തടിയൻ സാന്താക്ലോസ്. ക്രിസ്മസ് നാളുകളിൽ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വീടിന്റെ ചിമ്മിനിയിലൂടെ അദ്ദേഹം അകത്തേയ്ക്ക് ഇട്ടു കൊടുക്കുന്നുവെന്നാണ് സങ്കല്പം.
ക്രിസ്മസ് ആഘോഷിക്കുന്ന എവിടേയും വളരെ പരിചിതനാണ് തോളിൽ സഞ്ചിയുമായി വരുന്ന സാന്തക്ലോസ്. കാർട്ടൂണിസ്റ്റായ തോമസ് നാസ്റ്റ് വരച്ച ഒരു ചിത്രത്തിൽ നിന്നാണ് നരച്ച മുടിയും താടിയും കൊഴുത്തുരുണ്ട ശരീര പ്രകൃതിയുള്ള തടിയൻ സാന്താക്ലോസിന്റെ ഇപ്പോഴത്തെ രൂപം ഉണ്ടായത്.
ഒരു ഇതിഹാസം പറയുന്നത് സാന്റാക്ലോസിന്റെ താമസം ദൂരെ വടക്ക്, എപ്പോഴും മഞ്ഞ് വീഴുന്ന ദേശത്താണ്. അമേരിക്കൻ സാന്റാക്ലോസിന്റെ താമസം ഉത്തരധ്രുവത്തിലും ഫാദർ ക്രിസ്ത്‌മസിന്റേത് ഫിൻലന്റിലെ ലാപ്‌ലാന്റിലുമാണ്. സാന്റാക്ലോസ് പത്നിയായ മിസിസ് ക്ലോസുമൊത്താണ് ജീവിക്കുന്നത്.
ഇദ്ദേഹം ലോകത്തിലെ എല്ലാ കുട്ടികളേയും “വികൃതിക്കുട്ടികൾ”,”നല്ലകുട്ടികൾ” എന്നിങ്ങനെ തരംതിരിക്കുന്നു. പിന്നീട് ഒരു രാത്രികൊണ്ട് നല്ലകുട്ടികൾക്കെല്ലാം മിഠായികൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയ സമ്മാനങ്ങൾ നൽകും. ചിലപ്പോൾ വികൃതിക്കുട്ടികൾക്ക് കൽക്കരി, ചുള്ളിക്കമ്പ് എന്നിവ നൽകും. മാന്ത്രിക എൽഫുകളുടെയും തന്റെ വണ്ടി വലിക്കുന്ന എട്ടോ ഒമ്പതോ പറക്കും റെയ്ൻഡിയറുകളുടെയും സഹായത്തോടെയാണ് സാന്റക്ലോസ് ഇത് ചെയ്യുന്നത്.
Post Your Comments