Latest NewsGulf

ഇന്ത്യൻ എംബസ്സിയുടെയും നവയുഗത്തിന്റെയും സഹായത്തോടെ 3 പേർ ജയിൽമോചിതരായി നാട്ടിലേയ്ക്ക് മടങ്ങി.

ദമ്മാം: ഇന്ത്യൻ എംബസ്സിയുടെയും നവയുഗം സാംസ്‌ക്കാരികവേദിയുടെയും സഹായത്തോടെ രണ്ടു മലയാളികൾ ഉൾപ്പെടെ വിവിധകുറ്റങ്ങൾക്ക് തടവ് ശിക്ഷ പൂർത്തിയാക്കിയ മൂന്നു ഇന്ത്യക്കാർ, ദമ്മാം ഫൈസലിയ സെൻട്രൽ ജയിലിൽ നിന്നും മോചിതരായി നാട്ടിലേയ്ക്ക് മടങ്ങി. മലയാളികളായ ശൈലേന്ദ്രകുമാർ, രാജീവ്, തമിഴ്നാട്ടുകാരനായ ഗുരുതേവർ എന്നിവരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്.

ശൈലേന്ദ്രകുമാർ വ്യക്തിപരമായി യാതൊരു പങ്കുമില്ലാത്ത ഒരു മയക്കുമരുന്ന് കേസിൽപ്പെട്ടാണ് ജയിലിലായത്. ഒരു അവധിദിവസം കൂട്ടുകാരനായ ഒരാളുടെ മുറിയിൽ സന്ദർശനത്തിന് പോയപ്പോഴാണ് ശൈലേന്ദ്രന് ദൗർഭാഗ്യം നേരിട്ടത്. കൂട്ടുകാരന്റെ മുറിയിൽ സംസാരിച്ചു കൊണ്ടിരിയ്ക്കുന്ന സമയത്ത് പോലീസ് വന്ന് ആ മുറിയിൽ ഉണ്ടായിരുന്ന എല്ലാവരെയും അറസ്റ്റു ചെയ്യുകയായിരുന്നു. കൂട്ടുകാരന് മയക്കുമരുന്ന് കച്ചവടമായിരുന്നു എന്ന രഹസ്യവിവരം അനുസരിച്ചായിരുന്നു പോലീസ് വന്നത്. റൂമിലുണ്ടായിരുന്ന ശൈലേന്ദ്രകുമാറും കേസിൽ കൂട്ടുപ്രതിയായി മാറി. സ്വന്തം നിരപരാധിത്വം തെളിയിയ്ക്കാൻ അയാൾക്ക് കഴിഞ്ഞില്ല.

ശൈലേന്ദ്രകുമാറിന്റെ സ്പോൺസർ വിവരം അറിഞ്ഞപ്പോൾ വൈകിപ്പോയി. ശൈലേന്ദ്രകുമാർ ഒരിയ്ക്കലും ഇത്തരം കുറ്റകൃത്യം ചെയ്യില്ലെന്ന് അറിയാമായിരുന്ന സ്പോൺസർ അയാളെ പുറത്തിറക്കാൻ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ടുവർഷത്തെ ശിക്ഷ അനുഭവിയ്ക്കേണ്ടി വന്ന ശൈലേന്ദ്രകുമാറിനെ നാട്ടിലേയ്ക്ക് അയയ്ക്കാൻ സ്പോൺസർ നവയുഗം ജീവകാരുണ്യവിഭാഗത്തെ ബന്ധപ്പെടുകയായിരുന്നു.

കണ്ണൂർ സ്വദേശിയായ രാജീവിനെ മദ്യപിച്ചതിനാണ് പോലീസ് അറസ്റ്റു ചെയ്തത്. ഒരു വർഷത്തെ ജയിൽവാസം അനുഭവിച്ച ശേഷവും പാസ്സ്പോർട്ടോ രേഖകളോ ഇല്ലാതെ നാട്ടിലെ പോകാനാകാതെ വന്നപ്പോൾ, നാട്ടിലെ ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം വളരെ വിഷമത്തിലായി. അവരുടെ ആവശ്യപ്രകാരമാണ് നവയുഗം ഈ കേസിൽ ഇടപെട്ടത്.

തമിഴ്‌നാട് സ്വദേശിയായ തിരിഞ്ഞാണം ഗുരു തേവർ അറസ്റ്റിലായതും മദ്യപിച്ചതിനാണ്. ഒരു വർഷത്തെ തടവുശിക്ഷ കഴിഞ്ഞശേഷവും രേഖകൾ ഇല്ലാതെ നാട്ടിൽ പോകാൻ കഴിയാതെ വന്നപ്പോൾ, സുഹൃത്തുക്കളാണ് നവയുഗത്തിന്റെ സഹായം തേടിയത്.

നവയുഗം ജീവകാരുണ്യപ്രവർത്തകരായ പദ്മനാഭൻ മണിക്കുട്ടനും, മഞ്ജു മണിക്കുട്ടനും മൂന്നുപേർക്കും ഇന്ത്യൻ എംബസ്സി വഴി ഔട്ട്പാസ്സ് എടുത്തു കൊടുത്തു. ശൈലേന്ദ്രകുമാറിന് സ്പോൺസറും, രാജീവ്, ഗുരുതേവർ എന്നിവർക്ക് അവരുടെ സുഹൃത്തുക്കളും ടിക്കറ്റ് എടുത്തു കൊടുത്തു. മൂന്നുപേരും ജെറ്റ് എയർവെയ്‌സ് വിമാനത്തിൽ നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button