ദമ്മാം: കോവിഡ് രോഗബാധ മൂലം എല്ലാ രാജ്യങ്ങളിലും നടപ്പാക്കിയ ലോക്ക്ഡൗണിനെത്തുടർന്ന് വിമാനസർവ്വീസുകൾ മുടങ്ങിയതിനാൽ, അത്തരത്തിൽ റദ്ദാക്കപ്പെട്ട വിമാനടിക്കറ്റുകളുടെ തുക മുഴുവനായും യാത്രക്കാർക്ക് റീഫണ്ട് ചെയ്യണമെന്ന ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധി എല്ലാ വിമാനക്കമ്പനികളും എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
ആദ്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാര്‍ച്ച് 25 മുതല്‍ രണ്ടാം ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നുവരെ വിമാനടിക്കറ്റുകള്‍ ബുക്കുചെയ്തിട്ടുള്ള എല്ലാവര്‍ക്കും ക്യാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കാതെ മുഴുവൻ തുകയും തിരികെ നൽകണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചത്. തുക പൂർണമായും തിരിച്ചു നൽകാൻ സാധിക്കാത്ത കമ്പനികൾക്ക് ക്രെഡിറ്റ് ഷെൽ ആയി യാത്രക്കാരുടെ പേരിൽ നൽകാം. റദ്ദാക്കിയ ടിക്കറ്റിന് പകരമായി നേരത്തെ ബുക്ക് ചെയ്ത റൂട്ടിലോ അല്ലാത്ത മറ്റു റൂട്ടിലോ, ടിക്കറ്റ് ബുക്ക് ചെയ്ത വ്യക്തിക്കോ, അവർ പകരം നിർദേശിക്കുന്നവർക്കോ 2021 മാര്‍ച്ച് 31 വരെ യാത്രയ്ക്കുള്ള അവസരം നൽകുന്നതാണ് ക്രെഡിറ്റ് ഷെൽ അവസരം എന്ന് കൊണ്ട് അർത്ഥമാക്കുന്നത്.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട കോടതിവിധിയെയോ, വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളെയോ പാലിയ്ക്കാൻ ചില വിമാനകമ്പനികൾ ഇതുവരെ തയ്യാറായിട്ടില്ല. റീഫണ്ടിന്റെ പേരിലും, ക്രെഡിറ്റ് ഷെല്ലിന്റെ പേരിലും അനാവശ്യ ആവശ്യങ്ങൾ ഉന്നയിച്ചു പ്രവാസികളായ യാത്രക്കാരെ വട്ടം കറക്കുന്ന പരിപാടി ചില വിമാനക്കമ്പനികളും, ട്രാവൽ ഏജൻസികളും തുടർന്ന് കൊണ്ടിരിയ്ക്കുകയാണ് . ഇക്കാര്യത്തിൽ യാത്രക്കാർ നേരിടുന്ന പ്രശ്‍നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കേന്ദ്രസർക്കാർ തന്നെ നേരിട്ട് ഇടപെടണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹനും, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും ആവശ്യപ്പെട്ടു.
Post Your Comments