KeralaLatest NewsNews

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സേവനം ഗ്രാമങ്ങളിലെത്തിക്കണം: മുഖ്യമന്ത്രി

സ്വതന്ത്ര സോഫ്റ്റ്വെയര്‍ സേവനം കേരളത്തിലെ ഗ്രാമങ്ങളിലുള്ള ആയിരക്കണക്കിന് സാധാരണക്കാരിലേക്കെത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വതന്ത്ര സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട് ഐസിഫോസ് മാസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ആറാമത് അന്താരാഷ്ട്ര കോണ്‍ഫറന്‍സും ബിസിനസ് മീറ്റുമായ സ്വതന്ത്ര 17 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ടവര്‍ക്കും ഇത്തരം സാങ്കേതിക വിദ്യകള്‍ ലഭ്യമാകണം. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകര്‍ ഇതിനായി ശ്രമിക്കണം. സംസ്ഥാനത്തെ എല്ലാ ഐ. ടി പദ്ധതികളും സ്വതന്ത്ര സോഫ്റ്റ്വെയര്‍ അധിഷ്ഠിതമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതില്‍ സര്‍ക്കാരിന്റേത് ശക്തമായ നിലപാടാണ്. സര്‍ക്കാരിന്റെ ഐ. ടി നയത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയറിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അറിവിന്റെ ആകാശം എല്ലാവര്‍ക്കും തുറന്നു കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോക ഐ. ടി മേഖലയില്‍ കേരളത്തെ പ്രധാന ശക്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

ജനാധിപത്യ വികാസത്തിന് സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ ശക്തമായ സാന്നിധ്യം ആവശ്യമാണ്. വിവര സാങ്കേതിക മേഖലയുടെ വികസനത്തിലൂടെ കേരളത്തിന് സാമ്പത്തിക നേട്ടവും പുതിയ തൊഴിലവസരങ്ങളുമുണ്ടാവും. സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്കും സര്‍ക്കാര്‍ വലിയ പ്രധാന്യം നല്‍കുന്നു. അറിവിന്റെ കുത്തകവത്കരണത്തെയും സാങ്കേതിക വിദ്യയുടെ ജനവിരുദ്ധതയെയും ചെറുക്കുന്ന നിരവധി പേരുടെ അധ്വാനത്തിന്റെ ഫലമായാണ് സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ ശക്തമായ സ്വാധീനം ബദലായി ഉയര്‍ന്നുവന്നത്.

സ്വതന്ത്ര സോഫ്റ്റ്വെയര്‍ മനുഷ്യന്റെ സ്വാതന്ത്ര്യ ബോധത്തിന്റെയും ബൗദ്ധിക കൂട്ടായ്മയുടെയും പ്രതീകമായിരിക്കുന്നു. ലോകമെമ്പാടും അധികാര കേന്ദ്രങ്ങള്‍ മനുഷ്യന്റെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ശ്രമിക്കുകയാണ്. സ്വകാര്യത അപഹരിക്കുന്നതിനും സ്വാതന്ത്ര്യം നിഷേധിക്കുന്നതിനും ഇവരുടെ പ്രധാന ആയുധം ഡിജിറ്റല്‍ സാങ്കേതിക വിദ്യയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വതന്ത്ര സോഫ്റ്റ്വെയര്‍ മേഖലയിലെ വിദഗ്ധയായ കാരന്‍ സാന്‍ഡ്ലര്‍ മുഖ്യാതിഥിയായിരുന്നു. ഐ. ടി സെക്രട്ടറി എം. ശിവശങ്കര്‍, ഐസി ഫോസ് ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ് എന്നിവര്‍ സന്നിഹിതരായിരുന്നു. രണ്ടു ദിവസത്തെ ശില്‍പശാലയാണ് സംഘടിപ്പിച്ചിരിക്കുന്നത്. വിദേശത്തു നിന്നുള്ള 18 ഉം ദേശീയ തലത്തിലെ 12ഉം വിദഗ്ധര്‍ ശില്‍പശാലയില്‍ സംസാരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button