* കേരളത്തിലെ മുഴുവന്‍ കച്ചവടക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു
* 2017 വര്‍ഷത്തെ വജ്ര , സുവര്‍ണ്ണ , രജത സര്‍ട്ടിഫിക്കറ്റ് ഫോര്‍ എക്സലന്‍സ് അവാര്‍ഡുകള്‍ക്ക് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം * 2018 ഫെബ്രുവരി 16 മുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടികള്‍* പദ്ധതിയുടെ തുടര്‍ അവലോകനം ഡിസംബര്‍ 19-ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ തൊഴില്‍ വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍
കേരളത്തിലെ വ്യാപാര-വ്യവസായ-വാണിജ്യസ്ഥാപനങ്ങളേയും ഫാക്ടറികളേയും അവയുടെ വ്യത്യസ്ഥതലങ്ങളിലുള്ള പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ് ചെയ്യുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച കരട് തൊഴില്‍ നയത്തില്‍ വിഭാവനം ചെയ്തിരുന്നു. നിശ്ചിത മാനദണ്ഡങ്ങളെ ആധാരമാക്കി സ്ഥാപനങ്ങളെ മൂല്യനിര്‍ണ്ണയം ചെയ്യാനും മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വജ്ര , സുവര്‍ണ്ണ , രജത സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് അവാര്‍ഡുകള്‍ നല്‍കി മാത്യകാ സ്ഥാപനങ്ങളായി പ്രഖ്യാപിക്കാനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലയില്‍ ഒക്ടോബറില്‍ നടന്നുകഴിഞ്ഞു.
ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് തൊഴിലുടമകള്‍ക്ക് തങ്ങളുടെ സ്ഥാപനത്തിനെ സംബന്ധിച്ച് നിശ്ചിത മാതൃകയിലുള്ള ചോദ്യങ്ങള്‍ക്ക് മറുപടി എന്ന നിലയില്‍ ഓണ്‍ലൈനായി തൊഴില്‍ വകുപ്പിന് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുന്നത്. തൊഴില്‍ വകുപ്പിന്റെ www.lc.kerala.gov.in എന്ന വെബ് സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഫോറം ഓണ്‍ലൈനായി ലഭ്യമാകും. അപേക്ഷ സമര്‍പ്പിക്കുന്നതിനായി ആദ്യം രജിസ്റ്റര്‍ ചെയ്യണം. ഇത് ഓണ്‍ലൈനായി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വൈദ്യുതി ബന്ധം നിലച്ചാല്‍ ചെയ്തു പൂര്‍ത്തിയായ ഇടങ്ങള്‍ വരെ ഓട്ടോമാറ്റിക് സേവ് ഓപ്ഷന്‍ സംവിധാനം ഉറപ്പാക്കിയിട്ടുണ്ടെന്നതാണ് ഒരു പ്രത്യേകത.വീണ്ടും ഓണ്‍ലൈന്‍ പൂരിപ്പിക്കല്‍ ആരംഭിക്കുമ്പോള്‍ ചെയ്തു നിര്‍ത്തിയിടത്തു നിന്നും ആരംഭിക്കാന്‍ ഇതു മൂലം സാധിക്കും. പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയില്‍ 20-ഓ അതില്‍ കൂടുതലോ തൊഴിലാളികള്‍ ഉള്ള ടെക്‌സ്റ്റൈല്‍ ഷോപ്പുകള്‍, ഹോസ്പിറ്റലുകള്‍, കണ്‍സ്ട്രക്ഷന്‍ മേഖല, ഹോട്ടലുകള്‍-റസ്റ്റോറന്റുകള്‍, സ്റ്റാര്‍ ഹോട്ടലുകള്‍, ജ്യൂവലറികള്‍, സെക്യൂരിറ്റി എന്നീ മേഖലകളിലാണ് ഗ്രേഡിംഗ് നടപ്പിലാക്കുന്നത്. ഈ മേഖലകളിലെ സ്ഥാപനങ്ങളില്‍ അവയുടെ തൊഴില്‍ മേഖല തിരിച്ച് പ്രത്യേകം പ്രത്യേകം ഗ്രേഡിംഗ് നടപ്പാക്കും. പ്രത്യേകം ഗ്രേഡിംഗ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും. സ്ഥാപനങ്ങളെ ഗ്രേഡ് ചെയ്യുന്നതിന് മികച്ച തൊഴില്‍ ദാതാവ്, സംതൃപ്തരായ തൊഴിലാളികള്‍,സ്ഥാപനത്തിലെ മികവുറ്റ തൊഴിലന്തരീക്ഷം,തൊഴില്‍ നൈപുണ്യ വികസനത്തില്‍ സ്ഥാപനത്തിന്റെ പങ്കാളിത്തം, സ്ത്രീ സൗഹൃദ അന്തരീക്ഷം,തൊഴിലാളികള്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍,തൊഴിലിടങ്ങളിലെ സുരക്ഷ എന്നിങ്ങനെ ഏഴു മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഗ്രേഡിംഗിന്റെ സുഗമമായ നടത്തിപ്പിനായി സംസ്ഥാനതല കമ്മിറ്റി, ജില്ലാതല കമ്മിറ്റി എന്നിവ രൂപീകരിച്ചും സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.
കേരളത്തെ ഒരു സംരഭക സൗഹൃദ സംസ്ഥാനമാക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പില്‍വരുത്തുന്നതിനായി നിലവിലുള്ള നിയമപാലന പ്രക്രിയയോടൊപ്പം നിയമങ്ങള്‍ സ്വയം പാലിക്കുന്നതിനും സാമൂഹ്യപ്രതിബദ്ധത ഉറപ്പാക്കുന്നതിനും തൊഴിലുടമകളെ പ്രോല്‍സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു ക്രിയാത്മക സംവിധനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മെച്ചപ്പെട്ട തൊഴില്‍ – സാമൂഹിക അന്തരീക്ഷം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ സമൂഹ മധ്യത്തില്‍ ഔദ്യോഗികതലത്തില്‍ അംഗീകരിക്കപ്പെടുന്നതോടൊപ്പം സ്ഥാപനങ്ങളുടെ മത്സരക്ഷമത, വാണിജ്യപരമായ വിശ്വാസ്യത എന്നിവ വര്‍ദ്ധിപ്പിക്കാനും കഴിയും. മെച്ചപ്പെട്ട ഗ്രേഡിംഗ് സ്വായത്തമാക്കുക വഴി പരിശോധനാ പ്രക്രിയകളുടെ സങ്കീര്‍ണ്ണതകള്‍ ലഘൂകരിക്കപ്പെടും. തൊഴിലാളികള്‍ക്ക് അര്‍ഹമായ സേവന-വേതന വ്യവസ്ഥകള്‍ ലഭ്യമാക്കുന്നത് സ്ഥാപനത്തോട് കൂറ് വര്‍ദ്ധിക്കുകയും സ്ഥാപനത്തെ കൂടുതല്‍ അഭിവൃദ്ധിപ്പെടുത്തുകയുംചെയ്യും.
ഔദ്യോഗിക അംഗീകാരം ലഭിച്ച സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ സാമൂഹ്യ പദവി ഉയര്‍ത്തപ്പെടും. തര്‍ക്കരഹിതമായി തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുക വഴി തൊഴിലാളി-തൊഴിലുടമബന്ധം ഊഷ്മളമാകും. ഇത് ഉപഭോക്തക്കാള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തും. ഗ്രേഡിംഗ് സംവിധാനം ആത്യന്തികമായി സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും സാമൂഹിക സുസ്ഥിരതക്കും കാരണമായിത്തീരും .സ്ഥാപനങ്ങളുടെ ചോദ്യാവലിക്കുള്ള മറുപടി തൊഴിലുടമകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നിതുള്ള സമയപരിധി 2017 ഡിസംബര്‍ 31 വരെയാണ്. ഇതില്‍ ലഭിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബര്‍ ആഫീസര്‍മാര്‍ വിശകലനം ചെയ്ത് ജില്ലാ ലേബര്‍ ആഫീസര്‍ (ഇ) ചെയര്‍മാനായ കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ട സമയ പരിധി 2018 ജനുവരി ഒന്നു മുതല്‍ 15 വരെ. ഇപ്രകാരം സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാ കമ്മിറ്റി പരിശോധിച്ച് അന്തിമ ലിസ്റ്റ് 2018 ജനുവരി 31 ന് പ്രസിദ്ധികരിക്കണം.റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ മുമ്പാകെ അപ്പീല്‍ ഫയല്‍ ചെയ്യാവുന്ന തീയതി ഫെബ്രുവരി ഒന്നു മുതല്‍ അഞ്ചു വരെയാണ്.അപ്പീല്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള സമയപരിധിയും അപ്പീല്‍ ഇല്ലാത്ത അപേക്ഷകള്‍ ജില്ലാ കമ്മിറ്റി സംസ്ഥാനതല കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ട സമയപരിധിയും ഫെബ്രുവരി ആറു മുതല്‍ 10 വരെയാണ്. അന്തിമ ഘട്ടമായി അപ്പീല്‍ പരിശോധന കഴിഞ്ഞ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതിയും സംസ്ഥാനതല കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ട തീയതിയും ഫെബ്രുവരി 15 . തുടര്‍ന്ന് അപേക്ഷകളില്‍ സംസ്ഥാന കമ്മിറ്റിയുടെ പരിശോധന നടക്കും. 2018 ഫെബ്രുവരി 16 മുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടികളിലേക്ക് കടക്കുന്ന തരത്തിലാണ് പ്രവര്‍ത്തനം സജ്ജീകരിച്ചിരിക്കുന്നത്.
80 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്ക് എ പ്ലസ് വജ്ര ഗ്രേഡ്, 71 ശതമാനത്തിനു മുകളില്‍ 80 ശതമാനം വരെ സുവര്‍ണ എന്ന പേരിലുള്ള എ ഗ്രേഡ്, 60 ശതമാനത്തിനു മുകളില്‍ 70 ശതമാനം വരെ രജത-ബി ഗ്രേഡ് എന്നിങ്ങനെയാണ് സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് നല്‍കാന്‍ തൊഴിലും നൈപുണ്യവും വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ കച്ചവടക്കാരും സ്ഥാപനങ്ങളും സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് തൊഴിലും നൈപുണ്യവും വകുപ്പ് പദ്ധതിയാവിഷ്‌ക്കരിച്ചിരിക്കുന്നത്. പദ്ധതിയുടെ നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്നത് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ എ.അലക്‌സാണ്ടറാണ്. പദ്ധതിയുടെ ലക്ഷ്യപ്രാപ്തിക്കായി ബന്ധപ്പെട്ട അസി.ലേബര്‍ ഓഫീസര്‍മാര്‍ സ്ഥാപനങ്ങള്‍ പരിശോധിക്കും. പദ്ധതി സംബന്ധിച്ച വിപുലമായ തുടര്‍ അവലോകനം നടത്തുന്നതിനായി ഡിസംബര്‍ 19-ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെയും അസി.ലേബര്‍ ഓഫീസര്‍മാര്‍, ലേബര്‍ ഓഫീസര്‍മാര്‍, റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാര്‍, അഡീ.ലേബര്‍ കമ്മീഷണര്‍മാര്‍, ലേബര്‍ കമ്മീഷണര്‍ എന്നിവരുള്‍പ്പെടുന്ന സംയുക്തയോഗം തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേരും.
Post Your Comments