തിരുവനന്തപുരം: കേരളം പുറന്തള്ളിയ കിറ്റെക്സിനെ കൈവിടാതെ തെലങ്കാന. സംസ്ഥാന വ്യവസായ മന്ത്രി പി.രാജീവ് അനുനയ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് തെലങ്കാനയുടെ ക്ഷണവും എത്തിയത്. കേരളവുമായുള്ള 3500 കോടി രൂപയുടെ പദ്ധതി ഉപേക്ഷിച്ചതായി കിറ്റെക്സ് ചെയര്‍മാന്‍ സാബു ജേക്കബ് വ്യക്തമാക്കിയതിന് പിന്നാലെ ആറ് സംസ്ഥാനങ്ങളാണ് കിറ്റെക്‌സിനെ സ്വാഗതം ചെയ്തത്. അതേസമയം, വിവാദവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ വ്യവസായ വകുപ്പ് ജനറല്‍ മാനേജരുടെ നേതൃത്വത്തില്‍ സാബു എം ജേക്കബുമായി ഉദ്യോഗസ്ഥര്‍ രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തി. പരാതികള്‍ കേട്ട ഉദ്യോഗസ്ഥര്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. സ്വകാര്യ സ്ഥാപനങ്ങളില്‍ തെറ്റായ രീതിയില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
Read Also : കിറ്റെക്‌സ് വിഷയത്തില്‍ പ്രതികരിച്ച് കെ.സുരേന്ദ്രന്‍, പിന്നില്‍ രാഷ്ട്രീയ പകപോക്കല്‍
എന്നാല്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും വീണ്ടും വീണ്ടും നോട്ടീസ് നല്‍കി ദ്രോഹിക്കുകയാണെന്ന് സാബു ജേക്കബ് ആരോപിച്ചു. തന്നെയും കിറ്റെക്‌സ് ഗ്രൂപ്പിനെയും മനഃപൂര്‍വം ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അല്ലെങ്കില്‍ തുടര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് സാബു ജേക്കബ് വ്യക്തമാക്കി.
വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ താന്‍ ചെയ്തെന്നു ചൂണ്ടിക്കാട്ടി തൊഴില്‍ വകുപ്പ് കഴിഞ്ഞ ദിവസം വൈകിട്ടും തനിക്കു നോട്ടീസ് നല്‍കിയെന്നു സാബു ജേക്കബ് പറഞ്ഞു. ഇന്ത്യയിലെ 76 നിയമങ്ങള്‍ ലംഘിച്ചെന്നാണു റിപ്പോര്‍ട്ടിലുള്ളത്. സംസ്ഥാനത്തു നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന 3500 കോടിയുടെ പദ്ധതിയില്‍നിന്നു പിന്മാറുന്നതായി പ്രഖ്യാപിച്ച ശേഷം ജൂണ്‍ 28ന് തയാറാക്കിയതാണ് ഈ നോട്ടീസെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments