തിരുവനന്തപുരം: സൂര്യാഘാതത്തിന്റെ തീവ്രത കുറയ്ക്കാനായി പരിശോധന കര്‍ശനമാക്കാനായി തൊഴില്‍ വകുപ്പ്. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്താണ് പരിശോധന കര്‍ശനമാക്കുന്നത്.
1958 ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ ചട്ടം 24(3) പ്രകാരമാണ് കമ്മീഷണര്‍ ഉത്തരവ് നല്‍കിയിട്ടുള്ളത്. ഈ മാസം 30 വരെ ഉത്തരവ് പ്രാബല്യത്തിലുണ്ട്. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകുന്നേരം മൂന്നു മണിവരെ വിശ്രമ വേളയായി പ്രഖ്യാപിച്ചു. ഇവരുടെ ജോലി സമയം രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണിവരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തി.
സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാതെയും തൊഴില്‍ സമയക്രമീകരണം പാലിക്കാതെയും മുന്നോട്ടു പോകുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ വ്യക്തമാക്കി. പരിശോധനയില്‍ നിയമലംഘനങ്ങളും ചട്ടലംഘനങ്ങളും കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കും മറ്റിടങ്ങളിലും സ്റ്റോപ്പ് മെമ്മോ നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ എടുക്കുമെന്ന് ലേബര്‍കമ്മീഷണര്‍ അറിയിച്ചു.
രാവിലെയും ഉച്ചയ്ക്ക് ശേഷവും ഉള്ള മറ്റ് ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന പ്രകാരവും ക്രമപ്പെടുത്തി. സമുദ്ര നിരപ്പില്‍ നിന്നും 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഉത്തരവ് പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
നിര്‍മാണ മേഖല, റോഡ് ടാറിംഗ് ഉള്‍പ്പെടെ വെയില്‍ ഏല്‍ക്കേണ്ടി വരുന്ന വിധത്തിലുള്ള എല്ലാ ജോലികളും സമയ ക്രമീകരണം അനുസരിച്ച് പ്രവര്‍ത്തിക്കണം. തൊഴില്‍ സമയ ക്രമീകരണം പാലിക്കാതെ നടത്തുന്ന ജോലികള്‍ക്ക് ബന്ധപ്പെട്ട അധികൃതര്‍ക്കെതിരേ ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ശിപാര്‍ശ നല്‍കി. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 180042555214,155300 എന്നീ നമ്പറുകളില്‍ തൊഴില്‍ വകുപ്പില്‍ പരാതിപ്പെടാം.
Post Your Comments